ADVERTISEMENT

‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ആപ്ത വാക്യത്തിലൂടെ സമൂഹത്തിൽ മാറ്റങ്ങൾക്കു തുടക്കം കുറിച്ച ശ്രീനാരായണ ഗുരു കേരള നവോത്ഥാനത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന വ്യക്തിത്വമാണ്. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ കൊച്ചുവിള മാടനാശാന്റെയും വയൽവാരം വീട്ടിൽ കുട്ടിയമ്മയുടെയും ഇളയ മകനായി 1856 ഓഗസ്‌റ്റ് 20നാണു ശ്രീനാരായണ ഗുരു ജനിച്ചത്. ചിങ്ങമാസത്തിലെ ചതയദിനത്തിലായിരുന്നു ജനനം. അമ്മാവനായ കൃഷ്‌ണൻ വൈദ്യൻ, കരുനാഗപ്പള്ളി രാമൻപിള്ള ആശാൻ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാർ. സംസ്‌കൃതപഠനം കഴിഞ്ഞശേഷം നാട്ടിലെത്തി കുടിപ്പള്ളിക്കൂടം തുടങ്ങി കുട്ടികളെ പഠിപ്പിക്കാൻ ആരംഭിച്ചതോടെ ‘നാണു ആശാൻ’ എന്ന പേരുവീണു.

അച്‌ഛന്റെയും അമ്മയുടെയും മരണശേഷം സത്യത്തിന്റെ പൊരുളന്വേഷിച്ചിറങ്ങിയ ഒരു യാത്രയ്‌ക്കിടയിൽ ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയതാണു നാണു ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ചട്ടമ്പിസ്വാമികളാണ് അദ്ദേഹത്തിനു തൈക്കാട് അയ്യാ സ്വാമികളെ പരിചയപ്പെടുത്തിയത്. തപസുചെയ്‌തു ശരിയായ ആത്മജ്‌ഞാനം നേടാനാണു തൈക്കാട് അയ്യാ സ്വാമികൾ നാണു ആശാനോട് ഉപദേശിച്ചത്. ഗുരുവിന്റെ ഉപദേശം സ്വീകരിച്ച അദ്ദേഹം കന്യാകുമാരിക്കടുത്തുള്ള മരുത്വാമലയിലെ പിള്ളത്തടം ഗുഹയിൽ അഞ്ചുവർഷത്തോളം തപസിരുന്നാണ് ആത്മജ്‌ഞാനം നേടിയത്.

അരുവിപ്പുറത്ത് താമസമാക്കിയതിനു പിന്നാലെ ശ്രീനാരായണ ഗുരു ഹിന്ദുമതത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ശക്‌തമായ പോരാട്ടമാരംഭിച്ചു.

അരുവിപ്പുറത്തെ വിപ്ലവം

∙ ചെറുപ്പം മുതൽ അയിത്താചാരങ്ങളോടു വിയോജിപ്പു പ്രകടിപ്പിച്ചിരുന്ന ശ്രീനാരായണ ഗുരു ജാതി വ്യവസ്‌ഥയെ ശക്തമായി എതിർത്തു. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ‘ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവചനത്തിലൂടെ മനുഷ്യർ തമ്മിൽ വ്യത്യാസങ്ങളില്ലെന്നും അവർ സമന്മാരാണെന്നും ശ്രീനാരായണഗുരു പറഞ്ഞു. 1888 ൽ നെയ്യാറ്റിൻകരയ്‌ക്കടുത്തുള്ള അരുവിപ്പുറത്തു ശിവപ്രതിഷ്‌ഠ നടത്തിക്കൊണ്ട് ഗുരു തുടങ്ങിവച്ചതു കേരളത്തിലെ സാമൂഹിക വിപ്ലവം കൂടിയാണ്. ബ്രാഹ്മണനല്ലാത്ത ഒരാൾ ദൈവപ്രതിഷ്ഠ നടത്തുന്ന ആദ്യത്തെ സംഭവമായിരുന്നുവത്. ക്ഷേത്രപ്രതിഷ്‌ഠ നടത്താനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ ചോദ്യം ചെയ്‌തപ്പോൾ ‘ബ്രാഹ്‌മണശിവനെയല്ല ഈഴവ ശിവനെയാണ്’ പ്രതിഷ്‌ഠിച്ചത് എന്നായിരുന്നു ശ്രീനാരായണ ഗുരുവിന്റെ മറുപടി. ക്ഷേത്രത്തിന്റെ ചുവരിൽ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തി –‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്‌ഥാനമാണിത്’.

പിന്നീട് കേരളത്തിലുടനീളം അറുപതിലധികം ക്ഷേത്രപ്രതിഷ്‌ഠകളാണ് അദ്ദേഹം നടത്തിയത്. ഇതു കേരളത്തിലെ ജാതിവ്യവസ്‌ഥയുടെ അടിത്തറയിളക്കുന്ന സംഭവമായി മാറി. എല്ലാ ക്ഷേത്രങ്ങളോടൊപ്പവും വിദ്യാലയം സ്‌ഥാപിക്കണമെന്നും ഗുരു ആഹ്വാനം ചെയ്‌തു.
ഹിന്ദുക്കൾക്കിടയിൽ, വിശേഷിച്ച് ഈഴവർക്കിടയിൽ നിലനിന്നിരുന്ന അന്ധവിശ്വസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയും ശ്രീനാരായണഗുരു ശക്‌തമായി പ്രതികരിച്ചു. വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിച്ച അദ്ദേഹം ബഹുദൈവാരാധനയേയും നിരർഥകമായ പൂജാവിധികളെയും നിരുത്സാഹപ്പെടുത്തി. പിന്നാക്ക വർഗങ്ങൾക്കിടയിലെ അധർമങ്ങൾ ഇല്ലാതാക്കാനുള്ള ഏക പോംവഴി വിദ്യാഭ്യാസമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ക്ഷേത്രപ്രതിഷ്‌ഠകൾ മതിയാക്കി വിദ്യാലയങ്ങളും വായനശാലകളുമാണ് സ്‌ഥാപിക്കേണ്ടതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിദ്യകൊണ്ടു പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്‌തരാവുക എന്നതായിരുന്നു ശ്രീനാരായണഗുരുവിന്റെ സന്ദേശം. 1903 മേയ് 15ന് ശ്രീനാരായണ ധർമ പരിപാലന (എസ്‌എൻഡിപി ) യോഗം എന്ന സംഘടനയ്‌ക്കു രൂപം നൽകിയതു ഗുരുവാണ്.

sree-narayana-guru1
ശ്രീനാരായണ ഗുരു

1928 സെപ്റ്റംബർ 20നു (മലയാളവർഷം 1104 കന്നി 5) ശിവഗിരിയിൽവച്ചാണ് ശ്രീനാരായണഗുരു സമാധിയായത്. 1928 ജനുവരി 18 ന് കോട്ടയത്തു കൂടിയ എസ്എൻഡിപി യോഗത്തിന്റെ വിശേഷാൽ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്. ‘ശ്രീനാരായണഗുരുവിനേക്കാൾ ആത്മീയജ്ഞാനം കൈവന്ന ആരെയും ലോകസഞ്ചാരത്തിനിടയിൽ ദർശിക്കാൻ എനിക്ക് സാധിച്ചിട്ടില്ല’ എന്നാണ് ഗുരുവിനെക്കുറിച്ച് രവീന്ദ്രനാഥ ടഗോർ പറഞ്ഞി‌ട്ടുള്ളത്.

ജാതിലക്ഷണം, ദൈവദശകം, ശിവശതകം, കുണ്ഡലിനിപ്പാട്ട്, ദർശനമാല, അദ്വൈത ദീപിക, നിർവൃതി പഞ്‌ജകം, വിനായകാഷ്‌ടകം തുടങ്ങിയവ ശ്രീനാരായണഗുരുവിന്റെ പ്രധാന കൃതികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com