ADVERTISEMENT

‘ഇന്ത്യയിലെ‍ നവോത്ഥാനത്തിന്റെ പിതാവ്’ എന്ന വിശേഷണമുള്ള വ്യക്തിത്വമാണ് രാജാ റാം മോഹന്‍ റോയ്. സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടിയ റാം മോഹൻ റോയിയെ ഇന്ത്യയിലെ ആദ്യത്തെ സാമൂഹികപരിഷ്‌കർത്താവും ഭാരതീയ നവോത്ഥാന നേതാവുമായി കണക്കാക്കുന്നു

യാഥാസ്‌ഥിതിക ചിന്തകൾക്കെതിരെ ചിന്തിക്കാൻപോലും പലരും മടിച്ചുനിന്നൊരു കാലഘട്ടത്തിലാണ് തെറ്റായ പ്രവണതകൾക്കും ശീലങ്ങൾക്കുമെതിരെ വിമർശനശരങ്ങളുമായി അദ്ദേഹം മുന്നിട്ടിറങ്ങിയത്. സതി, ബഹുഭാര്യത്വം, ശൈശവ വിവാഹം, ജാതി വ്യവസ്ഥ തുടങ്ങിയ ആചാരങ്ങള്‍ക്കെതിരെ ശബ്ദമുയർത്തിയ മോഹന്‍ റോയിയുടെ പരിശ്രമഫലമായാണ് ഇന്ത്യയിൽ മാറ്റങ്ങൾക്കു തുടക്കം കുറിച്ചത്. മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ രണ്ടാമനാണ് അദ്ദേഹത്തിന് 'രാജാ' എന്ന ബഹുമതി നല്‍കിയത്. അങ്ങനെ അദ്ദേഹം ‘രാജാ റാം മോഹന്‍ റോയ്’ ആയി.

ബഹുഭാഷാപണ്ഡിതൻ

1772 മേയ് 22 നു രാംകാന്ത റോയിയുടെയും താരിണി ദേവിയുടെയും മകനായി ബംഗാളിലെ രാധാനഗറിലാണു റാം മോഹന്‍ റോയിയുടെ ജനനം. ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം 12–ാം വയസ്സു മുതല്‍ വേദാന്തവും ഉപനിഷത്തും പഠിച്ചു. പിതാവ് രാംകാന്ത റോയ്, മുഗള്‍ ഭരണത്തില്‍ റവന്യൂ കലക്ടര്‍ പദവി വഹിച്ചിരുന്നയാളായിയിരുന്നു.

പഠനത്തില്‍ മിടുക്കനായിരുന്ന റാം മോഹൻ റോയ് സംസ്‌കൃതം, പേര്‍ഷ്യന്‍, ഇംഗ്ലിഷ്, അറബിക്, ലാറ്റിന്‍, ഗ്രീക്ക് തുടങ്ങിയ വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടിയിരുന്നു. വേദോപനിഷത്തുകളുടെ സ്ഥാനം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കവര്‍ന്നെടുത്തുകൊണ്ടിരുന്ന കാലത്താണ് ദുരാചാരങ്ങളെ എതിര്‍ത്ത് റാം മോഹന്‍ റോയ് മുന്നോട്ടു വരുന്നത്.

ദുരാചാരങ്ങൾക്കെതിരെ

സമൂഹത്തില്‍ നിലനിന്നിരുന്ന സതി എന്ന ദുരാചാരം നിര്‍ത്തലാക്കാനായി കഠിനമായി പരിശ്രമിച്ച വ്യക്തിയാണു രാജാ റാം മോഹൻ റോയ്. ഭര്‍ത്താവു മരിച്ചാല്‍ ആ ചിതയില്‍ ചാടി ഭാര്യയും മരിക്കണമെന്ന ദുരാചാരത്തിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. ഹിന്ദു ശാസ്‌ത്രപ്രകാരംതന്നെ ‘സതി’ സമ്പ്രദായം തെറ്റാണെന്നു റാം മോഹൻ റോയ് വാദിച്ചു. ഇതു നിർത്തി വയ്‌ക്കേണ്ടതു പരിഷ്‌കൃത സമൂഹത്തിന്റെ ആവശ്യമാണെന്ന് അന്നു ഗവർണർ ജനറലായിരുന്ന വില്യം ബെന്റിക് പ്രഭുവിനോട് അദ്ദേഹം പറഞ്ഞു.

രാജാ റാം മോഹൻ റോയിയുടെ വാദങ്ങൾ ശരിയാണെന്നു കണ്ടാണ് നിയമപ്രകാരം സതി നിരോധിച്ചത്. ഈ നേട്ടം കൂടുതൽ പരിഷ്‌കരണത്തിനു യത്നിക്കാൻ റാം മോഹനെ ഉത്തേജിതനാക്കി. ബഹുഭാര്യത്വത്തിനെതിരായി അടുത്ത നീക്കം. ‘ബഹുഭാര്യത്വം’ സ്‌ത്രീകളോടുള്ള നീചമായ പെരുമാറ്റമാണെന്നായിരുന്നു വിലയിരുത്തൽ.

സമൂഹത്തില്‍ അജ്ഞതയും അന്ധവിശ്വാസവും വളരുന്നതിനുള്ള അടിസ്ഥാന കാരണം വിഗ്രഹാരാധനയാണെന്നായിരുന്നു റാം മോഹന്‍ റോയിയുടെ നിരീക്ഷണം. കോടതിയിൽ എല്ലാ ജാതിക്കാർക്കും ജൂറികളാകാമെന്ന സ്‌ഥിതി വന്നതും റാം മോഹൻ റോയിയുടെ പ്രവർത്തനങ്ങളുടെ സദ്ഫലങ്ങളിലൊന്നാണ്.

സാമൂഹിക മുന്നേറ്റങ്ങൾ

പാശ്ചാത്യ വിദ്യാഭ്യാസത്താലും വിവിധ പൗരസ്ത്യ ദൈവശാസ്ത്രങ്ങളാലും സ്വാധീനിക്കപ്പെട്ട രാജാ റാം മോഹൻ റോയ്, പാശ്ചാത്യ വിദ്യാഭ്യാസം ഇന്ത്യന്‍ സമൂഹത്തിലേക്കു കൊണ്ടുവരാന്‍ ആഗ്രഹിച്ചു. അതിനായി ഡേവിഡ് ഹാരെയുടെ സഹായത്തോടെ അദ്ദേഹം കല്‍ക്കട്ടയില്‍ ഹിന്ദു കോളജ് സ്ഥാപിച്ചു. നാലു വര്‍ഷത്തിനു ശേഷം, ആംഗ്ലോ-ഹിന്ദു സ്‌കൂളും തുടര്‍ന്ന് 1825 ല്‍ വേദാന്ത കോളജും സ്ഥാപിച്ചു.

സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടാനും ഇന്ത്യയില്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനുമായാണ് അദ്ദേഹം ആത്മീയസഭയ്ക്കും യൂണിറ്റേറിയന്‍ കമ്യൂണിറ്റിക്കും രൂപം നൽകിയത്. ദേബേന്ദ്രനാഥ ടഗോറുമായി ചേർന്ന് 1828ല്‍ ബ്രഹ്‌മസമാജം സ്ഥാപിച്ചു. സമൂഹിക–മതപരിഷ്കരണ ലക്ഷ്യങ്ങളായിരുന്നു ബ്രഹ്മസമാജത്തിനു പ്രധാനമായി ഉണ്ടായിരുന്നത്. മതസഹിഷ്ണുതയുടെയും സൗഹാര്‍ദത്തിന്റെയും പ്രാധാന്യം റാം മോഹന്‍ റോയ് ഊന്നിപ്പറഞ്ഞു. മതവിശ്വാസങ്ങളുടെ സഹവര്‍ത്തിത്വത്തില്‍ വിശ്വസിച്ച അദ്ദേഹം, ജാതി വ്യവസ്ഥയെ ശക്തമായി എതിര്‍ക്കുകയും എല്ലാ മനുഷ്യര്‍ക്കും സാമൂഹികസമത്വം എന്ന ആശയം ഉയര്‍ത്തുകയും ചെയ്തു. യുക്തിവാദവും പ്രബുദ്ധതയും, സാമൂഹിക പരിഷ്‌കരണം, ഏകദൈവ വിശ്വാസം, വിദ്യാഭ്യാസം, സ്ത്രീകളുടെ അവകാശങ്ങള്‍ തുടങ്ങിയവയും അദ്ദേഹം മുന്നോട്ടുവച്ച പ്രധാന പ്രത്യയശാസ്ത്രങ്ങളാണ്.

സാഹിത്യസംഭാവനകൾ

മികച്ച എഴുത്തുകാരനുമായിരുന്നു രാജാ റാം മോഹന്‍ റോയ്. തന്റെ രചനകളിലൂടെയും വിവര്‍ത്തനങ്ങളിലൂടെയും ആധുനിക ഇന്ത്യന്‍ ഭാഷകളുടെ, പ്രത്യേകിച്ച് ബംഗാളിയുടെ വികാസത്തിന് അദ്ദേഹം സമഗ്ര സംഭാവന നല്‍കി. വേദങ്ങളും ഉപനിഷത്തുകളുംപോലുള്ള പുരാതന സംസ്‌കൃത ഗ്രന്ഥങ്ങള്‍ ബംഗാളി, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യുകയും അവ ജനപ്രിയമാക്കുകയും ചെയ്തു. സംബാദ് കൗമുദി (ബംഗാളി), മിറാതുൽ അക്ബർ (പേർഷ്യൻ) എന്നീ പത്രങ്ങളും അദ്ദേഹം നടത്തി.

ഇന്ത്യന്‍ ചരിത്രത്തിലെ അവിസ്മരണീയ പ്രതിഭയായി കണക്കാക്കപ്പെടുന്ന റാം മോഹന്‍ റോയിയുടെ സ്വാധീനം രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിച്ചിരുന്നു. ബഹാദൂര്‍ ഷായുടെ പിതാവായ മുഗള്‍ രാജാവ് അക്ബര്‍ ഷാ രണ്ടാമന്റെ അംബാസഡറായി ഇംഗ്ലണ്ട് സന്ദര്‍ശിച്ച സമയത്താണ് അദ്ദേഹം അസുഖബാധിതനായത്. 1833 സെപ്റ്റംബര്‍ 27ന് ബ്രിസ്റ്റോളില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് 61–ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 

English Summary:

Opinion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com