ADVERTISEMENT

ബ്രാഹ്‌മണമേധാവിത്വത്തിൽ നിന്നു അധഃസ്ഥിതരെ രക്ഷിക്കുകയെന്ന ദൗത്യം ജീവിത വ്രതമാക്കി മാറ്റിയ മഹദ് വ്യക്തിത്വമാണ് ജ്യോതിറാവു ഫുലെ. ജാതീയവിവേചന ങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ ജ്വലിച്ചുനിന്ന ജാഗ്രതയുടെ ജ്യോതി തന്നെയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിക്കും അംബേദ്കർക്കുമൊക്കെ എത്രയോ മുൻപ് തന്നെ ഹരിജനോദ്ധാരണത്തിനായി ഫുലേ ഇറങ്ങിപ്പുറപ്പെട്ടു. ഇന്ത്യയിലെ ദലിത് പ്രസ്ഥാനത്തിനു വേണ്ടി പ്രയത്നിച്ച അദ്ദേഹം അറിയപ്പെട്ടതുതന്നെ ‘മഹാത്മാ ജ്യോതിബാ ഫുലെ’ എന്നായിരുന്നു. ‘ജ്യോതിബാ’ എന്നു സ്‌നേഹത്തോടെ വിളിക്കപ്പെട്ടെങ്കിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാകാത്തതിനാൽ അദ്ദേഹം ദേശവിരുദ്ധനെന്ന് ആരോപിക്കപ്പെടുകയും ചെയ്തു.

ജാതിമുള്ളുകൾ

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ 1827ൽ മാലി സമുദായത്തിലാണു ജ്യോതിറാവുവിന്റെ ജനനം. ഗോറെ എന്നായിരുന്നു യഥാർഥ സ്ഥാനപ്പേര്. ജ്യോതിബായുടെ അച്ഛൻ ഗോവിന്ദറാവുവും രണ്ടു സഹോദരന്മാരും പേഷ്വമാരുടെ രാജസദസ്സിൽ പൂക്കളെത്തിക്കുന്ന ജോലി ചെയ്തിരുന്നു. അങ്ങനെയാണ് ഫുലെ എന്ന സ്ഥാനപ്പേരു വീണത്. ഒരു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. അച്ഛനാണു പിന്നീടു വളർത്തിയത്. സാമ്പത്തികമായി ഭേദപ്പെട്ട കുടുംബമായിരുന്നിട്ടും കുട്ടിക്കാലത്തു തന്നെ കൊടിയ ജാതീയവിവേചനങ്ങൾ അദ്ദേഹത്തിനു നേരിടേണ്ടിവന്നു.

പഠിക്കാൻ മിടുക്കനായിരുന്ന ജ്യോതിറാവുവിനെ, അമ്മായി സഗുണാബായിയുടെ ആഗ്രഹത്തെത്തുടർന്നാണ് ഇംഗ്ലിഷ് പഠിക്കാൻ സ്‌കോട്ടിഷ് മിഷൻ സ്‌കൂളിൽ ചേർത്തത്. എന്നാൽ ജ്യോതിബാ സ്‌കൂളിൽ പോകുന്നതു സവർണ യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചു. പഠിക്കാൻ പോയാൽ ജാതിയുടെ മുറകളൊക്കെ മറക്കുമെന്നും ശരീരമനങ്ങി പണിയെടുക്കില്ലെന്നും അവർ അദ്ദേഹത്തിന്റെ പിതാവിനെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. അതോടെ ഗോവിന്ദറാവു മകന്റെ പഠിപ്പു നിർത്തി. തുടർന്ന് കുറച്ചു കാലം ജ്യോതിറാവു പൂന്തോട്ടപ്പണി ചെയ്തു. എന്നാൽ അയൽക്കാർ ഇടപെട്ടു സംസാരിച്ച് ഗോവിന്ദറാവുവിന്റെ മനസ്സുമാറ്റിച്ചു. അദ്ദേഹം വീണ്ടും മകനെ പഠിക്കാനയച്ചു. 1847ൽ സ്‌കോട്ടിഷ് മിഷൻ സ്‌കൂളിൽ നിന്ന് ജോതിറാവു ഇംഗ്ലിഷ് വിദ്യാഭ്യാസം പൂർത്തിയാക്കി.

അവകാശപ്പോരാട്ടങ്ങൾ

മഹാരാഷ്ട്രക്കാരുടെ ആദർശപുരുഷനായ ശിവാജിയും ജോർജ് വാഷിങ്ടനും തോമസ് പെയ്‌നുമായിരുന്നു ജ്യോതിബായെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിത്വങ്ങൾ. അമേരിക്കൻ സ്വാതന്ത്ര്യസമര നേതാവായിരുന്ന തോമസ് പെയ്‌നിന്റെ ‘മനുഷ്യന്റെ അവകാശങ്ങൾ’ (Rights of Man) എന്ന പുസ്തകം ജ്യോതിബായുടെ ജീവിതത്തിൽ ആഴമേറിയ സ്വാധീനം ചെലുത്തി. ജാതി, നിറം തുടങ്ങിയവയ്ക്കു പ്രസക്തിയില്ലെന്നും എല്ലാവരും സമന്മാരാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ബ്രാഹ്‌മണ സമുദായക്കാരനായ അടുത്ത സുഹൃത്തിന്റെ വിവാഹ ഘോഷയാത്രയിൽനിന്നു മാറ്റിനിർത്തപ്പെട്ട സംഭവം ജ്യോതിറാവുവിനെ മുറിവേൽപിച്ചു. ബ്രാഹ്‌മണ മേധാവിത്വത്തിനെതിരെ ശബ്ദമുയർത്തുന്നതിന് ഈ അനുഭവം പ്രേരണയായി. അവകാശങ്ങളെക്കുറിച്ചു ബോധവാനാകാൻ അറിവുണ്ടാകണമെന്നും വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടാണു ബ്രാഹ്‌മണ്യം അധികാരം നിലനിർത്തുന്നതെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ജാതിസമ്പ്രദായത്തെക്കുറിച്ചും അതിനെ എങ്ങനെ മറികടക്കാമെന്നതിനെക്കുറിച്ചും അദ്ദേഹം ആഴത്തിൽ ചിന്തിച്ചു. സ്ത്രീകളുടെയും ദരിദ്രരുടെയും താഴ്ന്ന ജാതിക്കാരുടെയും വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യപുരോഗതി ഉണ്ടാകൂ എന്നു ജ്യോതിബാ വിശ്വസിച്ചു. അതിനു വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കാനും അദ്ദേഹം തീരുമാനിച്ചു.

വിപ്ലവാലയങ്ങൾ

വിദ്യാലയങ്ങൾ തുറന്നുകൊണ്ട് ജ്യോതിറാവു അവകാശപ്പോരാട്ടങ്ങൾക്കു തുടക്കമിട്ടു. വിവേചനമില്ലാതെ എല്ലാവർക്കുമായി അറിവിന്റെ വാതിലുകൾ തുറന്നിട്ടു. ബുദ്ധ്‌വാഡ് പേട്ടിൽ 1848ൽ താഴ്ന്ന ജാതിക്കാർക്കായി ഒരു വിദ്യാലയം ആരംഭിച്ചു. എന്നാൽ അന്നത്തെ കാലത്ത് അധ്യാപകരെ കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമായിരുന്നു. ഭാര്യ സാവിത്രിബായിയെ പഠിപ്പിച്ച് അധ്യാപികയാക്കിക്കൊണ്ടാണ് അദ്ദേഹമതിനു പരിഹാരം കണ്ടത്. ഇരുവരും ചേർന്നു തുടങ്ങിയ വിദ്യാഭ്യാസ സൊസൈറ്റി ഗ്രാമങ്ങളിൽ കൂടുതൽ സ്‌കൂളുകൾ തുറന്നു. തങ്ങളുടെ അടിത്തറയിളകുമെന്നു തിരിച്ചറിഞ്ഞ യാഥാസ്ഥിതികർക്കു കലിയിളകി. അവർ ജ്യോതിബായെ ഇല്ലാതാക്കാൻപോലും ശ്രമിച്ചു. സാവിത്രി വിദ്യാലയത്തിലേക്കു പോകുമ്പോൾ സവർണർ ചാണകമെറിഞ്ഞു. പ്രതിഷേധം ശക്തമായതോടെ മകനെയും മരുമകളെയും വീട്ടിൽനിന്ന് ഇറക്കിവിടാൻ ഗോവിന്ദറാവു നിർബന്ധിതനായി. സ്‌കൂൾ അടച്ചുപൂട്ടേണ്ടി വന്നെങ്കിലും പിന്നീട് ചില യൂറോപ്യന്മാരുടെയും സഹൃദയരുടെയും സഹായത്തോടെ സ്‌കൂൾ വീണ്ടും തുറന്നു പ്രവർത്തിച്ചു.

1951ൽ ബുദ്ധ്‌വാഡ് പേട്ടിൽ തന്നെ മറ്റൊരു വിദ്യാലയം കൂടി സ്ഥാപിച്ചു. 1851ൽ രാസ്താപേട്ടിലും 1852 ൽ വിഠൽപേട്ടിലും മറ്റു രണ്ടു വിദ്യാലയങ്ങൾ കൂടി അദ്ദേഹം തുറന്നു. താഴ്ന്ന ജാതിക്കാർക്കു വേണ്ടി ആദ്യത്തെ നേറ്റീവ് ലൈബ്രറിയും സ്ഥാപിച്ചു. 1854ൽ സ്‌കോട്ടിഷ് മിഷൻ സ്‌കൂളിൽ പാർട്ട്ടൈം അധ്യാപകനായി അദ്ദേഹം ജോലി ചെയ്തു. 1858ൽ കർഷകത്തൊഴിലാളികൾക്കും അവരുടെ ഭാര്യമാർക്കുമായി സ്വന്തം വീട്ടിൽ ഒരു നിശാ പാഠശാല ആരംഭിച്ചു. അറിവിന്റെ കുത്തക സാധാരണക്കാർക്കും ലഭ്യമാക്കാൻ വായനശാലകളും രാത്രിപാഠശാലകളുമെല്ലാം ജ്യോതിബാ തുടങ്ങി.

സാമൂഹിക നീതിക്കായി ‘സത്യശോധക് സമാജ്’

അധഃസ്ഥിതരായ മഹർ, മാങ് ജാതിക്കാർക്കായി ജോതിബാ തുടങ്ങിയ വിദ്യാലയത്തിനായി 1857ൽ സർക്കാർ ആറേക്കർ ഭൂമി സൗജന്യമായി നൽകി. മൂന്നു വർഷത്തിനു ശേഷം വിധവകളെ സംരക്ഷിക്കുന്നതിനായി അദ്ദേഹം ഒരു അനാഥാലയം സ്ഥാപിച്ചു. 1873ൽ അയിത്തജാതിക്കാരുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കുമായി ‘സത്യശോധക് സമാജ്’ എന്ന സംഘടന ആരംഭിച്ചു. എല്ലാ സമുദായങ്ങൾക്കും അതിൽ അംഗത്വം നൽകി. 1876 മുതൽ 1882 വരെ പുണെ മുനിസിപ്പൽ കൗൺസിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചു. 1888ൽ മുംബൈയിൽ നടന്ന സ്വീകരണച്ചടങ്ങിൽ അനുയായികൾ അദ്ദേഹത്തിനു ‘മഹാത്മാ’ എന്ന ബിരുദം നൽകി. ബറോഡ മഹാരാജാവ് സായാജിറാവു ഗെയ്ക്‌വാഡ് അദ്ദേഹത്തെ ഇന്ത്യയുടെ ‘ബുക്കർ ടി വാഷിങ്ടൻ’ എന്നു വിശേഷിപ്പിച്ചു. മഹാരാഷ്ട്രയിലെ സാമൂഹിക രംഗത്തു വിപ്ലവകരമായ മാറ്റങ്ങളാണ് ഫുലെ കൊണ്ടുവന്നത്. സാമൂഹികനീതിയെക്കുറിച്ചു തുടർച്ചയായി അദ്ദേഹം എഴുതി. ‘ജാതിഭേദ വിവേകസാരം, ധർമതൃതീയ രത്‌നം, സാർവജനിക സത്യധർമ പുസ്തകം’ തുടങ്ങിയവ അതിന്റെ സാക്ഷ്യമാണ്. നിരന്തരമായ കഠിനാധ്വാനം ജോതിബായെ തളർത്തി. 1890 നവംബർ 28നു പക്ഷാഘാതത്തെ തുടർന്ന് ആ നവോത്ഥാന ജ്യോതി അണഞ്ഞു.

English Summary:

Opinion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com