ADVERTISEMENT

‘വേദങ്ങളിലേക്കു മടങ്ങുക’ എന്ന് ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവും ദാർശനികനുമാണ് സ്വാമി ദയാനന്ദ സരസ്വതി. മതപുരോഹിതർ സ്വന്തം ഇംഗിതമനുസരിച്ച് മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്നതിനെതിരെ പോരാടിയ അദ്ദേഹം വിഗ്രഹാരാധന, മൃഗബലി, ബാലവിവാഹം, ജാതിവ്യവസ്ഥ തുടങ്ങിയവയെ അനാചാരങ്ങളായി കണ്ട് അവയ്ക്കെതിരെ ശക്തമായി പ്രതികരിച്ചു.

1824ൽ ഫെബ്രുവരി 12നു ഗുജറാത്തിലെ മോർബി ജില്ലയിലെ തൻകാരയിലായിരുന്നു സ്വാമി ദയാനന്ദ സരസ്വതിയുടെ ജനനം. അച്ഛൻ: കർഷൻജി ലാൽജി കപാഡിയ, അമ്മ: യശോദാബായി. മൂൽ ശങ്കർ തിവാരി എന്നായിരുന്നു ദയാനന്ദ സരസ്വതിയുടെ ആദ്യനാമം. പിന്നീട് പൂർണാനന്ദ സരസ്വതിയിൽ നിന്ന് സന്യാസം സ്വീകരിച്ചാണ് ദയാനന്ദ സരസ്വതിയായത്. ഇന്ത്യയിലെമ്പാടും അദ്ദേഹം അറിയപ്പെട്ടത് സ്വാമി ദയാനന്ദ സരസ്വതി എന്ന പേരിലാണ്. കുട്ടിക്കാലത്ത് തന്നെ മൂൽ ശങ്കർ തിവാരി വേദങ്ങൾ, വിശേഷിച്ചും യജുർവേദത്തിൽ അറിവു നേടിയിരുന്നു.

വിഗ്രഹാരാധനയും ജാതിയും അയിത്തവുമൊക്കെ തികച്ചും തെറ്റാണെന്നു ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. കോളറ ബാധിച്ചു സഹോദരിയും പിന്നീട് അമ്മാവനും മരിക്കാനിടയായ സാഹചര്യവും അതേത്തുടർന്നുള്ള ആചാരങ്ങളും പ്രകടനങ്ങളുമെല്ലാം മൂൽ ശങ്കർ തിവാരിയെന്ന ദയാനന്ദ സരസ്വതിയെ അക്ഷരാർഥത്തിൽ രോഷം കൊള്ളിച്ചു. ഈ സംഭവം യാഥാസ്ഥികത്വത്തിനും അനാചാരങ്ങൾക്കുമെതിരെ പോരാടാനുള്ള വലിയ പ്രേരണയായി.

വേദങ്ങളിൽനിന്ന് പഠനം

ഹിന്ദുമതാചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമെല്ലാം പണ്ഡിതനായിരുന്ന ദയാനന്ദസരസ്വതി ഹിന്ദുമതത്തിന്റെ നവോത്ഥാനമാണ് ലക്ഷ്യമാക്കിയത്. ദേവസൂക്തങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുകയും അന്ധവിശ്വാസങ്ങൾ തുടച്ചുനീക്കുകയും ചെയ്താൽ മാത്രമേ അതു സാധ്യമാകൂ എന്നു തിരിച്ചറിഞ്ഞ അദ്ദേഹം സമൂഹത്തിൽ അന്നു നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായ്മ ചെയ്യാൻ കഠിനമായി പരിശ്രമിച്ചു. 1844ൽ ഇരുപത്തി ഒന്നാം വയസ്സിൽ വീടുവിട്ടിറങ്ങിയ മൂൽ ശങ്കർ നീണ്ട രണ്ടു ദശകക്കാലം സത്യത്തെ അന്വേഷിച്ചു നടന്നു. ഹിമാലയത്തിലേക്കും ഉത്തരേന്ത്യയിലെ മറ്റ് ആരാധനാലയങ്ങളിലേക്കുമായിരുന്നു യാത്ര. സന്യാസിമാരോടും പുരോഹിതന്മാരോടും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടുള്ള യാത്ര അവസാനിച്ചത് ഉത്തർ പ്രദേശിലെ മധുരയ്ക്കടുത്ത് സ്വാമി വിരജാനന്ദയെ കാണാനിടയായതോടെയാണ്. 1860 ൽ സ്വാമി വിരജാനന്ദയുടെ ശിഷ്യത്വം സ്വീകരിച്ച് രണ്ടര വർഷം അവിടെ തുടർന്നു. ഹിന്ദുത്വത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ വേദങ്ങളിൽനിന്നു പഠനം ആരംഭിക്കാനാണ് സ്വാമി വിരജാനന്ദ പഠിപ്പിച്ചത്. പഠനം പൂർത്തിയായപ്പോൾ തനിക്കുള്ള ഗുരു ദക്ഷിണയായി വേദങ്ങളിൽ നിന്നു പഠിച്ച അറിവ് സമൂഹത്തിനു പകർന്നു കൊടുക്കാനായിരുന്നു ഗുരു ദയാനന്ദയോട് പറഞ്ഞത്.

1872ൽ ദയാനന്ദ കൊൽക്കത്തയിലെത്തി. കേശവചന്ദ്ര സെന്നിന്റേയും മഹർഷി ദേവേന്ദ്രനാഥ ടാഗോറിന്റേയും നേതൃത്വത്തിലുളള ബ്രഹ്മസമാജം പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു. സ്വാമിയുടെ പാണ്ഡിത്യവും പ്രസംഗ പാടവവും അംഗീകരിച്ച കൊൽക്കത്തക്കാർ അദ്ദേഹത്തിനു നൽകിയ ബഹുമതിയാണ് ‘സരസ്വതി’.

ജാതിവ്യവസ്‌ഥയെ ശുദ്ധീകരിക്കാൻ

ആര്യ സമാജം

1874ൽ സ്വാമി ദയാനന്ദ സരസ്വതി മുംബൈയിലെത്തി. തന്റെ വിശ്വാസപ്രമാണങ്ങൾ വെളിപ്പെടുത്തുന്ന ‘സത്യാർത്ഥ പ്രകാശം’ എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. വേദങ്ങളുടെ മഹത്വവും പുരോഗമനാശയപ്രചാരണവും ലക്ഷ്യമാക്കി 1875ൽ ബോംബെയിൽ ആര്യ സമാജത്തിനു തുടക്കം കുറിച്ചു. ഹിന്ദുമതത്തിലെ ജാതിവ്യവസ്‌ഥയെ ശുദ്ധീകരിക്കുക എന്നതായിരുന്നു ആര്യസമാജത്തിന്റെ പ്രധാന ലക്ഷ്യം. സ്ത്രീ സ്വാതന്ത്ര്യം, അയിത്തോച്ചാടനം എന്നിവയ്ക്കുവേണ്ടി നിലകൊണ്ട ആര്യസമാജം ശൈശവ വിവാഹവും സതി സമ്പ്രദായവും ഇല്ലായ്മ ചെയ്യുന്നതിനായും പ്രവർത്തിച്ചു. ബോംബെ ആസ്ഥാനമായി തുടങ്ങിയ ആര്യസമാജം ജാതിയില്ലാത്ത സംഘടനയായി അറിയപ്പെട്ടു. നാലു വർണങ്ങൾ നിശ്ചയിക്കേണ്ടത് വ്യക്‌തിയുടെ ജനനം നോക്കിയല്ല യോഗ്യത അടിസ്‌ഥാനമാക്കിയാകണമെന്ന് ആര്യസമാജം നിർദേശിച്ചു. വേദപ്രചാരണത്തിനായി അജ്മേറിൽ പരോപകാരിണി എന്ന സഭയും ദയാനന്ദ സരസ്വതി സ്ഥാപിച്ചു.

ആചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ അതിശക്തമായി നിലകൊണ്ട ദയാനന്ദ സ്ഥാപിത പണ്ഡിതന്മാരെ വെല്ലുവിളിക്കുകയും വേദങ്ങളുടെ ശക്തിയാൽ അവർക്കെതിരെ സംവാദങ്ങളിൽ വിജയിക്കുകയും ചെയ്തു. ആത്മീയതയെയും ദേശീയതയെയും പ്രകീർത്തിച്ച അദ്ദേഹം സ്വരാജ്യത്തിനായി പോരാടാൻ ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. വിദ്യാഭ്യാസ കാര്യങ്ങളിലും സ്വാമി ദയാനന്ദ സരസ്വതി ശ്രദ്ധ ചെലുത്തി. ഹരിദ്വാറിൽ ഗുരുകുലവും ലാഹോറിൽ ആംഗ്ലോ വേദിക് കോളജും ജലന്ധറിൽ പെൺകുട്ടികൾക്കായി വിദ്യാലയവും സ്ഥാപിച്ചു. വിദ്യാഭ്യാസ സമ്പ്രദായം, സസ്യഭക്ഷണം തുടങ്ങിയവയിലെ അഭിപ്രായ വിത്യാസം ആര്യസമാജത്തെ രണ്ടു വിഭാഗമാക്കി,

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എപ്പോഴും സംസാരിക്കാറുള്ള ദയാന്ദ സരസ്വതി സ്ത്രീകൾ ബഹുമാനിക്കപ്പെടേണ്ടതിനെക്കുറിച്ചും തുല്യ അവകാശങ്ങളെക്കുറിച്ചും സംസാരിച്ചു. എല്ലാ ജാതികളിലെയും കുട്ടികൾക്കായി സ്ഥാപിച്ച വേദപാഠശാലകളിൽ പുസ്തകങ്ങളും വസ്ത്രവും താമസവും ഭക്ഷണവും സൗജന്യമായി നൽകുകയും വേദങ്ങളും മറ്റു പുരാതന ഗ്രന്ഥങ്ങളും പഠിപ്പിക്കുകയും ചെയ്തു.

ശാസ്‌ത്രപഠനത്തെ പ്രോത്സാഹിപ്പിച്ച ദയാനന്ദ സരസ്വതിയുടെ വിഖ്യാത കൃതിയാണ് ‘സത്യാർഥ പ്രകാശം.’ യജുർവേദത്തിലെയും ഋഗ്വേദത്തിലെയും പ്രധാന ഭാഗങ്ങളുടെ സംസ്‌കൃത വ്യാഖ്യാനമായ ‘വേദഭാഷ്യം, ‘സൻസ്‌കാർവിധി’ എന്നീ കൃതികളും അദ്ദേഹം രചിച്ചു. 1876ൽ ‘ഇന്ത്യ ഇന്ത്യാക്കാർക്ക്’ എന്ന മുദ്രാവാക്യമുയർത്തിയ ദയാനന്ദ സരസ്വതി ‘ഇന്ത്യയുടെ പിതാമഹൻ’ എന്നു കൂടി അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവാണ്. സ്വരാജ്യമെന്ന ആശയത്തിന്റെ ഉപജ്ഞാതാവായ അദ്ദേഹത്തിന്റെ ആശയങ്ങൾ പിന്തുടർന്നാണ് ബാലഗംഗാധര തിലകിനെപ്പോലുള്ളവർ പിന്നീട് സമര രംഗത്തേക്കെത്തിയത്. ഇന്ത്യയുടെ ശിൽപികളിലൊരാളായി പരിഗണിക്കപ്പെടുന്ന ദയാനന്ദ സരസ്വതി 1883 ഒക്‌ടോബർ 26ന് അജ്‌മീറിൽ അന്തരിച്ചു. പരിചാരകൻ പാലിൽ വിഷം കലർത്തി നൽകിയതാണ് മരണകാരണമായി പറയപ്പെടുന്നത്. മരിക്കുമ്പോൾ അദ്ദേഹത്തിന് 59 വയസ്സായിരുന്നു.

English Summary:

Opinion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com