പാണ്ഡിത്യം പടവാളാക്കിയ പോരാളി
Mail This Article
കവിതയിലൂടെയും നാടകത്തിലൂടെയും അധഃകൃതവിഭാഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനു വേണ്ടി പടവെട്ടിയ മഹാപുരുഷനാണു പണ്ഡിറ്റ് കറുപ്പൻ. ജാതിയിൽ താഴ്ന്നവർക്കു പൊതുവഴി നടക്കാൻ അവകാശമില്ലാതിരുന്ന കാലത്തു സവർണമേൽക്കോയ്മയെ നോക്കി ‘ധിക്കാരമല്ലയോ ജാതി?’ എന്നു ചോദിച്ച യഥാർഥ മനുഷ്യനാണു ‘കേരള ലിങ്കൻ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന കറുപ്പൻ. ജാതിയുടെയും മതത്തിന്റെയും പേരിലെ അനീതിക്കെതിരായ പോരാട്ടത്തിനൊപ്പം അധഃസ്‌ഥിത സമുദായങ്ങളിലെ സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങൾക്കും നേതൃത്വം നൽകിയ ദീർഘദർശിയാണ് കവി, അധ്യാപകൻ, നിയമസഭാംഗം, നവോത്ഥാനനേതാവ് എന്നീ നിലകളിലെല്ലാം വ്യക്‌തിമുദ്ര പതിച്ച കറുപ്പൻ. ജാതി വ്യവസ്ഥയ്ക്കെതിരെ കറുപ്പൻ നടത്തിയ പോരാട്ടങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഏടാണു പുലയ മഹാസഭയുടെ രൂപീകരണത്തിലേക്കു വഴിതുറന്ന കായൽ സമ്മേളനം.
എറണാകുളത്തു ചേരാനല്ലൂരിൽ കണ്ടത്തിപ്പറമ്പിൽ അത്തോപൂജാരിയുടെയും കൊച്ചുപെണ്ണിന്റെയും മകനായി 1885 മേയ് 24നാണു കറുപ്പൻ ജനിച്ചത്. മത്സ്യബന്ധനം തൊഴിലാക്കിയ ധീവര (വാല) സമുദായക്കാരായിരുന്നു മാതാപിതാക്കൾ. കുട്ടിക്കാലത്തുതന്നെ കവിതാവാസനയും പാണ്ഡിത്യവും ആർജ്‌ജിച്ച കറുപ്പന്റെ വ്യക്‌തിപ്രഭാവം അസാമാന്യമായിരുന്നു. കൊടുങ്ങല്ലൂർ കോവിലകത്തെ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും കൊച്ചുണ്ണി തമ്പുരാന്റെയും ശിക്ഷണത്തിലാണു കറുപ്പൻ സംസ്കൃതത്തിൽ പാണ്ഡിത്യം നേടിയത്. എറണാകുളം കാസറ്റ് ഹിന്ദു ഗേൾസ് സ്‌കൂളിൽ അധ്യാപകനായി കറുപ്പനെ നിയമിച്ചതിനെതിരെ എതിർപ്പുണ്ടായപ്പോൾ കൊച്ചി മഹാരാജാവ് ആ എതിർപ്പ് അവഗണിക്കുകയാണുണ്ടായത്. കൊച്ചി രാജ്യത്ത് ദീർഘകാലം അധ്യാപകൻ (പണ്ഡിതൻ) എന്ന നിലയിൽ ജോലി ചെയ്‌തതിനാലും അന്നത്തെ കൊച്ചി സർക്കാരിന്റെ സംസ്‌കൃത മലയാള പരീക്ഷകൾ പാസായതിനാലുമാണു കറുപ്പൻ ‘പണ്ഡിറ്റ്’ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. കൊച്ചി രാജാവ് കവി തിലകൻ എന്ന ബഹുമതിയും കേരളവർമ വലിയകോയിത്തമ്പുരാൻ ‘വിദ്വാൻ’ എന്ന ബഹുമതിയും സമ്മാനിച്ച പ്രതിഭയാണു കറുപ്പൻ.
അസമത്വത്തിനെതിരെ സാഹിത്യം
കുറിക്കു കൊള്ളുന്ന കവിതകളിലൂടെയും നാടകത്തിലൂടെയും സമൂഹത്തിൽ നിലനിന്ന ദുരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ആർഭാടങ്ങൾക്കുമെതിരെ പടവെട്ടിയ വ്യക്തിത്വമാണു പണ്ഡിറ്റ് കറുപ്പൻ. ധീവര സമുദായത്തിൽ ജനിച്ച കറുപ്പന്റെ പ്രവർത്തനം സ്വന്തം സമുദായത്തിൽ മാത്രമായി ഒതുങ്ങിയ ഒന്നായിരുന്നില്ല. സ്വന്തം സമുദായത്തെക്കാൾ ഇതര സമുദായക്കാരുടെ ജാതീയമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കുന്നതിനായാണ് കറുപ്പൻ സാഹിത്യ രചന നിർവഹിച്ചത്. ജാതിവിദ്വേഷത്തിനെതിരെ മലയാളത്തിലുണ്ടായ ഏറ്റവും ശക്തമായ പ്രതികരണങ്ങളിലൊന്നായിരുന്നു മഹാകവി കുമാരനാശാന്റെ ‘ദുരവസ്ഥ’യ്ക്കും ഒരു പതിറ്റാണ്ടു മുൻപേ, 1912ൽ, രചിക്കപ്പെട്ട ‘ജാതിക്കുമ്മി’ എന്ന കവിത. ലളിതമായ നാടോടിപ്പാട്ടിന്റെ ശൈലിയിൽ നിരക്ഷരർക്കുപോലും ചൊല്ലാവുന്ന രീതിയിലായിരുന്നു ‘ജാതിക്കുമ്മി’. അക്കാരണത്താൽതന്നെ അടിച്ചമർത്തപ്പെട്ട, നിരക്ഷരായ ജനവിഭാഗങ്ങൾക്കിടയിൽ സ്വാതന്ത്യ്രബോധവും അവകാശബോധവും ജനിപ്പിക്കാൻ അനായാസം ഈ കൃതി ഉപകരിച്ചു. കറുപ്പന്റെ ബാലാകലേശം, ഉദ്യാനവിരുന്ന് തുടങ്ങിയ കൃതികളും ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജനവികാരമുണർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കൊച്ചി മഹാരാജാവിന്റെ ഷഷ്ഠിപൂർത്തി ആഘോഷങ്ങളുടെ ഭാഗമായുള്ള നാടകമത്സരത്തിനായി 1919 ൽ കറുപ്പൻ രചിച്ചതാണു ‘ബാലാകലേശം’. ലക്ഷണമൊത്ത സാമൂഹിക വിമർശന നാടകമായിരുന്നുവത്. കൊച്ചി രാജാവിന്റെ കീഴിൽ സർക്കാർ സർവീസിൽ ജോലിയിലിരിക്കെയാണു ‘ബാലാകലേശം’ പോലുള്ള വിപ്ലവരചനയ്ക്കു തൂലിക ചലിപ്പിക്കാനുള്ള ധൈര്യം കറുപ്പൻ കാട്ടിയത്. നാടിന്റെ സാമൂഹികാവസ്ഥയും മഹാരാജാവിന്റെ ഭരണനേട്ടങ്ങളും അവതരിപ്പിക്കുന്നതോടൊപ്പം ജാതിയുടെ ആധിപത്യത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു അതിന്റെ പ്രമേയം. ‘രാജ്യത്തെ പൊതുവഴികളിൽ എല്ലാ മനുഷ്യർക്കും വഴിനടക്കാം’ എന്നതായിരുന്നു നാടകത്തിലൂടെ കറുപ്പൻ നൽകിയ സന്ദേശം. പൊതുവഴിയിലൂടെ സഞ്ചരിച്ച അവർണസമുദായാംഗത്തെ മർദിച്ച സവർണനെ തൂക്കിക്കൊല്ലാനും കൂട്ടുനിന്നവരെ നാടുകടത്താനും ഉത്തരവിട്ട് അയിത്താചാരണം ശിക്ഷാർഹമാണെന്ന നവോത്ഥാന സന്ദേശം നൽകിയും അവസാനിച്ച ‘ബാലാകലേശം’ മത്സരത്തിൽ പുരസ്കാരവും നേടി.
1925 ൽ മദിരാശി ഗവർണർ ഘോഷൻ പ്രഭുവിന്റെ കൊച്ചി സന്ദർശനവേളയിൽ മഹാരാജാവ് ഒരു ഉദ്യാനവിരുന്ന് നൽകി. അതിൽ പങ്കെടുക്കാൻ എല്ലാ നിയമസഭാ സാമാജികരെയും ക്ഷണിച്ചെങ്കിലും വാലസമുദായ പ്രതിനിധിയായ കറുപ്പനെ മാത്രം ഒഴിവാക്കി. അതിൽ മനം നീറി അദ്ദേഹം എഴുതിയ കൃതിയാണ് ‘ഉദ്യാനവിരുന്ന്’. കണ്ണുനീരിൽ തൂലിക മുക്കി എഴുതിയ കാവ്യം എന്നാണ് മഹാകവി ഉള്ളൂർ ഇതിനെ വിശേഷിപ്പിച്ചത്.
കൊച്ചിക്കായലിലെ വിപ്ലവം
എറണാകുളം നഗരത്തിൽ താഴ്ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാത്തതിനെതിരെ കറുപ്പൻ നടത്തിയതാണ് കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ കായൽ സമ്മേളനം. അധഃകൃതർ അനുഭവിച്ച ദുരിതങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായിരുന്നു 1913 ഏപ്രിൽ 21 നു കൊച്ചിയിൽ നടന്ന കായൽ സമ്മേളനം. സമരത്തിനായി എറണാകുളം നഗരത്തിൽ ഒത്തുകൂടാനായിരുന്നു തീരുമാനമെങ്കിലും അതിനായി സ്ഥലം വിട്ടുനൽകാൻ ആരും തയാറായില്ല. സർക്കാർ ഭൂമിയിൽ തൊട്ടുകൂടാത്തവരെ യോഗം ചേരാൻ അനുവദിക്കില്ലെന്നു മഹാരാജാവും വിധിച്ചു. എതിർപ്പുകളെത്തുടർന്നു പിന്മാറാതെ സമരവുമായി മുന്നോട്ടുപോകാനായിരുന്നു കറുപ്പന്റെയും സംഘത്തിന്റെയും തീരുമാനം. സമര വേദി കരയിൽ നിന്നു കായലിലേക്കു മാറ്റാൻ സംഘാടകർ തീരുമാനമെടുത്തു. മീൻപിടുത്തക്കാരുടെ സഹായത്തോടെ അനേകം കട്ടമരങ്ങൾ ഒരുമിച്ചു ചേർത്തുകെട്ടിയും വള്ളങ്ങൾ കൂട്ടിക്കെട്ടിയും കായൽപരപ്പിൽ നിരപ്പായ പ്രതലം ഉണ്ടാക്കി. അതിനു മുകളിൽ പലക വിരിച്ചതോടെ വേദി തയാറായി. ചെറു വള്ളങ്ങളിലാണ് സമ്മേളനത്തിൽ പങ്കെടുക്കാനായി ജനങ്ങളെ കൊണ്ടുവന്നത്. കൃഷ്ണാദി ആശാനെപ്പോലുള്ള നേതാക്കളും കറുപ്പനൊപ്പം നിലയുറപ്പിച്ചതോടെ സമ്മേളനം വൻവിജയമായി. കായൽ മധ്യത്തിലെ ഈ സമ്മേളനത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണു സമസ്ത കൊച്ചി പുലയമഹാസഭ എന്ന സംഘടന രൂപംകൊണ്ടത്. നഗരത്തിലേക്കു താഴ്ന്ന ജാതിക്കാരുടെ പ്രവേശന വിലക്കിനെതിരെ രണ്ടാമതൊരു ജലാശയസമരം കൂടി കറുപ്പന്റെ നേതൃത്വത്തിൽ അരങ്ങേറി. ഒരു കാർഷിക പ്രദർശനം ഉദ്ഘാടനം ചെയ്യാൻ മഹാരാജാവ് വന്ന പശ്ചാത്തലത്തിലായിരുന്നു ആ സമരം. പണ്ഡിറ്റ് കറുപ്പനും കൂട്ടാളികളും വള്ളങ്ങളുമായി കായലിലെത്തി ചെണ്ടകൊട്ടി മഹാരാജാവിന്റെ ശ്രദ്ധക്ഷണിക്കാൻ ശ്രമിച്ചു. ഇതിനു ഫലവുമുണ്ടായി. സമരത്തിനു നേതൃത്വം കൊടുത്ത കറുപ്പനോട് ആവശ്യങ്ങളും പരാതികളും വിശദാംശങ്ങളോടെ എഴുതി സമർപ്പിക്കാൻ രാജാവ് ആവശ്യപ്പെട്ടു. പരാതി വായിച്ചതോടെ രാജാവ് പട്ടണത്തിലെ പ്രവേശന വിലക്കിനെതിരെ വിളംബരം പുറപ്പെടുവിച്ചു.
അധ്യാപകൻ, സാമാജികൻ…
എറണാകുളം കാസറ്റ് ഹിന്ദു ഗേൾസ് സ്‌കൂളിൽ അധ്യാപകനായി സർവീസിൽ പ്രവേശിച്ച പണ്ഡിറ്റ് കറുപ്പൻ പ്രാഥമിക വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റിയുടെ കൺവീനർ, കൊച്ചി ഭാഷാ പരിഷ്കരണ കമ്മിറ്റി സെക്രട്ടറി, നാട്ടുഭാഷാ സൂപ്രണ്ട്, മദ്രാസ് യൂണിവേഴ്സിറ്റി പൗരസ്ത്യ ഭാഷാ പരീക്ഷാ ബോർഡ് മെംബർ, ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജ് അധ്യാപകനായി പ്രവർത്തിച്ച കറുപ്പൻ മാസ്‌റ്റർ കൊച്ചി രാജ്യത്തെ അധഃകൃത സംരക്ഷകൻ സ്‌ഥാനവും വഹിച്ചിട്ടുണ്ട്. കൊച്ചി നിയമസഭാ സമാജികനായ കാലത്തും കറുപ്പൻ കോളജിലെ അധ്യയനം നിർവഹിച്ചിട്ടേ സഭയിലെത്താറുണ്ടായിരുന്നുളളൂ.1938 മാർച്ച് 23ന് 53–ാം വയസ്സിലെ അന്ത്യം വരെ സമൂഹത്തിനായി അഹോരാത്രം യത്നിച്ച വ്യക്തിത്വമാണു പണ്ഡിറ്റ് കറുപ്പൻ.