ADVERTISEMENT

ലോകത്തെ ഏറ്റവും കരുത്തുറ്റ ഔദ്യോഗിക സ്ഥാനങ്ങളിലൊന്ന്, യുഎസ് പ്രസിഡന്റിന്റെ സ്ഥാനം അങ്ങനെയാണ്.

അമേരിക്കയ്ക്കു ധാരാളം പ്രസിഡന്റുമാരുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും മഹാൻ ആരെന്നു ചോദിച്ചാൽ ആദ്യം മനസ്സിൽ തെളിയുന്നൊരു പേരുണ്ട്–ഏബ്രഹാം ലിങ്കൻ. 1861ൽ യുഎസിന്റെ പതിനാറാം പ്രസിഡന്റായ ലിങ്കന്റെ നാലു വർഷ കാലയളവിൽ അടിമത്തനിരോധനം ഉൾപ്പെടെയുള്ള നാഴികക്കല്ലുകൾക്കു ലോകം സാക്ഷിയായി. യുഎസിന്റെ സാമൂഹികവ്യവസ്ഥയെയും സംസ്കാരത്തെയും ഉടച്ചുവാർത്ത് എക്കാലത്തെയും മഹാനായ പ്രസിഡന്റായുള്ള ലിങ്കന്റെ വളർച്ച പൂവിരിച്ച പാതയിലൂടെ ആയിരുന്നില്ല. ഒട്ടേറെ കഷ്ടപ്പാടുകളും യാതനകളും അനുഭവിച്ചായിരുന്നു ലിങ്കൺ വളർന്നത്.

അമേരിക്കൻ സംസ്ഥാനമായ കെന്റക്കിയിൽ 1809 ഫെബ്രുവരിയിലാണ് തോമസ് ലിങ്കൻ, നാൻസി ദമ്പതികളുടെ മകനായി ലിങ്കൻ ജനിച്ചത്. തീർത്തും ദരിദ്രമായ, പരിമിതികൾ ഏറെയുള്ള കുടുംബമായിരുന്നു അത്. പിതാവ് നിരക്ഷരനായ ഗ്രാമവാസി. മാതാവിനു പ്രാഥമിക വിദ്യാഭ്യാസം മാത്രം. പലകയടിച്ച, ഒറ്റമുറി മാത്രമുള്ള വീട്ടിൽ വിറകു കത്തിച്ച വെളിച്ചമായിരുന്നു ബാലനായ ലിങ്കനു പഠനത്തിനാശ്രയം.

ദാരിദ്ര്യംമൂലം 7 വയസ്സു തികയുംമുൻപേ പിതാവ് ലിങ്കനെ ജോലിക്കു വിട്ടു. വേലിക്കെട്ടു നിർമാണത്തിനായി തടി വെട്ടുന്നതായിരുന്നു അക്കാലത്ത് ലിങ്കന്റെ പ്രധാന ജോലി. അല്ലാത്തപ്പോൾ കൃഷിയിടത്തിൽ പണി. നിലം ഉഴുതുമറിക്കും. ലിങ്കന് ഒൻപതു വയസ്സു മാത്രമുള്ളപ്പോൾ അമ്മയുടെ വിയോഗം വലിയ ആഘാതമേൽപിച്ചു. പിന്നീട് പിതാവ് സാറാ ജോൺസനെ വിവാഹം കഴിച്ചു.

ഏബ്രഹാമിനെ സാറാ സ്വന്തം മകനെപ്പോലെ വളർത്തി. ഭേദപ്പെട്ട മെത്തകളും കുറച്ചു കഥാപുസ്തകങ്ങളുമൊക്കെയായി സാറാ കൊണ്ടുവന്നിരുന്ന സാധനങ്ങളെല്ലാം ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം വലിയ ആഡംബരങ്ങളായിരുന്നു. ‘ഒരു കാളയേക്കാൾ അൽപംകൂടി ഭേദപ്പെട്ട ജീവിതം’ എന്നായിരുന്നു ലിങ്കന്റെ ജീവചരിത്രകാരൻ കെന്റക്കിയിലെ ആ ജീവിതത്തെക്കുറിച്ചു പറഞ്ഞത്.

‌ജീവിതമാർഗം കണ്ടെത്താനുള്ള തിരക്കുകൾക്കിടെ മതിയായ വിദ്യാഭ്യാസം ലിങ്കനു ലഭിക്കാതെ പോയി. ഈ പരീക്ഷണങ്ങൾക്കിടയിലും ലിങ്കന്റെ ഉള്ളിൽ വലിയൊരു അഗ്നിനാളം അണയാതെ ഉയർന്നു നിന്നിരുന്നു–ഇച്ഛാശക്തി. ചില്ലറപ്പണികളിലൂടെ നിത്യവൃത്തി കണ്ടെത്തി ജീവിതം തീർക്കേണ്ട ആളല്ല താനെന്ന ബോധ്യം ലിങ്കനുണ്ടായിരുന്നു. വിദ്യാഭ്യാസം നേടുക പരമമായ ലക്ഷ്യമായി. എഴുത്തും വായനയും സ്വയം അഭ്യസിച്ച അദ്ദേഹം കിട്ടിയ പുസ്തകങ്ങളൊക്കെ വായിച്ചുതീർത്തു. വീടും നാടും വിട്ട്, ജീവിതമാർഗം തേടി പുറപ്പെട്ടതിൽനിന്നാണ് പിൽക്കാലത്തെ ഏബ്രഹാം ലിങ്കനിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം.

‘സുഹൃത്തുക്കൾ ഇല്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, ചില്ലിക്കാശുപോലുമില്ലാത്ത’ വ്യക്തി–22–ാം വയസ്സിലെ സ്വന്തം അനുഭവത്തെ ലിങ്കൻ വിലയിരുത്തിയത് ഇങ്ങനെയാണ്. ഇലിനോയിയിൽ എത്തി ചില വ്യാപാരങ്ങളിലേർപ്പെട്ട യുവാവായ ലിങ്കൻ യുഎസ് സർക്കാരും സായുധ ഗോത്രങ്ങളുമായി നടന്ന ബ്ലാക്ക് ഹോക്ക് യുദ്ധത്തിലും പങ്കെടുത്തു. വ്യാപാരം പുനരാരംഭിച്ചെങ്കിലും നഷ്ടമായിരുന്നു ഫലം. പിന്നീടു തപാൽ ജീവനക്കാരനായും സർവേ ഉദ്യോഗസ്ഥനായുമൊക്കെ നിസ്സാരവേതനത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോയി. ഇതിനിടയിലും പഠിക്കാനുള്ള സമയം കണ്ടെത്താൻ ലിങ്കനു കഴിഞ്ഞു. ഒന്നുമില്ലായ്മയിൽനിന്നു പഠിച്ച് അഭിഭാഷകനായി.

ഇതിനിടെ, ഇലിനോയ് തട്ടകമാക്കി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ലിങ്കൻ മേരി ടോഡിനെ വിവാഹം കഴിച്ചു. ഈ നാളുകളിലും ഏബ്രഹാം ലിങ്കനെ വേട്ടയാടാൻ വിഷാദരോഗത്തിന്റെ രൂപത്തിൽ വിധിയുടെ പരീക്ഷണമെത്തി. കുടുംബജീവിതത്തിൽ പ്രിയപ്പെട്ടവരുടെ വിയോഗം തുടരെ സംഭവിച്ചതിലൂടെ കടുത്ത വിഷാദത്തിന്റെ പിടിയിലാവുകയായിരുന്നു. ഇലിനോയ് സ്റ്റേറ്റ് അസംബ്ലിയിലേക്കു വിജയിച്ചെങ്കിലും വിഷാദഭാവത്തിനു മാറ്റമുണ്ടായില്ല. ഒരു ബിൽ‌ അസംബ്ലിയിൽ അവതരിപ്പിച്ചു പാസാക്കാൻ കഴിയാത്തതോടെ നിരാശനായി ലിങ്കൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ: 'I am finished forever'!

വിഷാദരോഗിയാണു താനെന്ന ചിന്ത ലിങ്കനെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. ‘എന്റെ അസാധാരണ ദൗർഭാഗ്യം’ എന്നാണു ലിങ്കൻ ആ അവസ്ഥയെ വിശേഷിപ്പിച്ചത്. നിരാശയുടെയും വിഷാദത്തിന്റെയും പരകോടിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനായതാണു ലിങ്കനെ ഇന്നത്തെ ലിങ്കനാക്കി മാറ്റിയത്. നിശ്ചയദാർഢ്യവും ദൈവവിശ്വാസവുമാണ് ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാൻ സഹായകമായത്. ഒന്നിനു പിറകെ ഒന്നായി വന്ന വെല്ലുവിളികളിലൊന്നിലും വീഴാതെ ഇച്ഛാശക്തിയോടെ ഏബ്രഹാം ലിങ്കൻ തന്റെ കർമമണ്ഡലത്തിൽ ഉറച്ചുനിന്നു.

യുഎസ് പൊതുസഭയിലെത്തിയ ലിങ്കൻ മികച്ച പ്രാസംഗികനായും നേതാവായും ജനങ്ങളാൽ വിലയിരുത്തപ്പെട്ടു. ഒടുവിൽ 1860ൽ ആ രാജ്യത്തിന്റെ തലവനായി. യുഎസിൽ നിന്നു വിട്ടുമാറിയ സംസ്ഥാനങ്ങളുമായി നടന്ന ആഭ്യന്തരയുദ്ധമടക്കം ആ രാജ്യത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയസംഭവങ്ങൾ ലിങ്കന്റെ ഭരണകാലത്താണു നടന്നത്. 

English Summary:

Opinion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com