വീണുടഞ്ഞ ‘കിരീടം’, വീണ്ടെടുത്ത ‘രാജാവ്’
Mail This Article
പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നു പലരും പറയാറുണ്ട്. അതിനൊരു നല്ല ഉദാഹരണമാണു സ്റ്റീഫൻ കിങ്. അമേരിക്കയിലെ ഹൊറർ എഴുത്തുകാരിൽ കിരീടം വയ്ക്കാത്ത രാജാവെന്നു കിങ്ങിനെ നിസ്സംശയം പറയാം. എഴുപതിലേറെ പുസ്തകങ്ങൾ എഴുതിയിട്ടുള്ള കിങ്ങിന്റെ അക്കൗണ്ടിൽ ‘ബെസ്റ്റ് സെല്ലർ’ ആയി മാറിയ രചനകൾക്കും നീളമേറെ.
ഇന്നു വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഈ എഴുത്തുകാരൻ ഒരുകാലത്ത് ഒരു പുൽക്കൊടിപോലെ ദുർബലനായിരുന്നു എന്നറിയാമോ? അദ്ഭുതം തുടിക്കുന്ന അതിജീവനകഥയിലെ നായകനാണു കിങ്. അടിക്കടിയുണ്ടായ പരാജയങ്ങൾ നീന്തിക്കയറിയാൽ വിജയത്തിന്റെ ഒരു തുരുത്ത് ഒളിഞ്ഞിരിപ്പുണ്ടെന്ന് ഓർമിപ്പിക്കുന്നതാണ് സ്റ്റീഫൻ കിങ്ങിന്റെ ജീവിതം.
കുട്ടിയായിരുന്നപ്പോഴേ എഴുത്തിനെ ഇഷ്ടപ്പെട്ടിരുന്നു , സ്റ്റീഫൻ കിങ്. ദുഃഖങ്ങളും വേദനകളും നിറഞ്ഞ ഒന്നായിരുന്നു ആ കുട്ടിക്കാലം. രണ്ടു വയസ്സുള്ളപ്പോൾ കിങ്ങിനെയും മൂത്ത സഹോദരനെയും പിതാവ് ഉപേക്ഷിച്ചു. കടുത്ത സാമ്പത്തിക പരാധീനതകളിലൂടെ, അമ്മ നെല്ലി റൂത്താണ് ഇരുവരെയും വളർത്തിയത്. പ്രൈമറി സ്കൂൾ കാലഘട്ടത്തിൽതന്നെ കിങ് എഴുതാൻ തുടങ്ങി. അമ്മ എല്ലാ പിന്തുണയും നൽകി. പ്രോത്സാഹനമായി, എഴുതുന്ന ഓരോ കുറിപ്പിനും 25 സെന്റ് സമ്മാനത്തുക അമ്മ നൽകി.
പക്ഷേ, വളരുമ്പോൾ താനൊരു വലിയ എഴുത്തുകാരനാകുമെന്ന കിങ്ങിന്റെ പ്രതീക്ഷയ്ക്കു മങ്ങലേൽപിച്ച സംഭവങ്ങളാണ് പിന്നീടു നടന്നത്. സാഹിത്യസൃഷ്ടികൾ പ്രസാധകരൊന്നും പ്രസിദ്ധീകരിച്ചില്ല. നിരന്തര അവഗണന നേരിട്ടിട്ടും എഴുത്തിനോടുള്ള വിശ്വാസവും അഭിനിവേശവും കിങ് നഷ്ടപ്പെടുത്തിയില്ല.
1970ൽ യുഎസിലെ മെയ്ൻ സർവകലാശാലയിൽനിന്നു ബിരുദം നേടിയിറങ്ങുമ്പോഴും കിങ്ങിന് എഴുത്തിലൂടെ ഒന്നും നേടാനായിരുന്നില്ല. ജീവിതം മുന്നോട്ടുനീക്കാൻ ശുചീകരണത്തൊഴിലാളിയായും പെട്രോൾ പമ്പ് ജീവനക്കാരനുമായൊക്കെ ജോലി ചെയ്തു. ഇതിനിടെ വിവാഹം നടന്നു. തബിത കിങ് ആയിരുന്നു ഭാര്യ. രണ്ടു മക്കളും ജനിച്ചു.
വീടില്ലാത്തതിനാൽ വലിയൊരു വാഹനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. എഴുതാനായി ടൈപ്റൈറ്റർ വാങ്ങാൻപോലും കയ്യിൽ പണമില്ലാത്ത അവസ്ഥ. ഒടുവിൽ, തന്റെ ചെറുസമ്പാദ്യത്തിൽനിന്നു മിച്ചം വച്ച പണം കൊണ്ട് ഭാര്യ തബിത കിങ്ങിന് ഒരു ടൈപ്റൈറ്റർ ലഭ്യമാക്കി.
ഇതിനിടെ ‘കാരി’ എന്ന നോവൽ കിങ് എഴുതിത്തുടങ്ങിയിരുന്നു. പക്ഷേ, 3 പേജ് എഴുതിക്കഴിഞ്ഞപ്പോഴേക്ക് ജീവിതപരാജയങ്ങൾ മൂലമുള്ള കടുത്ത വിഷാദം കിങ്ങിനെ പിടിമുറുക്കി. എഴുതിയ താളുകൾ ചവറ്റുകൂനയിലേക്കു വലിച്ചെറിഞ്ഞു. അതു കണ്ടെത്തിയ തബിത നോവൽ പൂർത്തിയാക്കാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. പക്ഷേ, എഴുത്ത് ഉപേക്ഷിച്ച് ഒരു ജോലി നോക്കാമെന്നായിരുന്നു കിങ്ങിന്റെ അപ്പോഴത്തെ നിലപാട്. എന്നാൽ വീണ്ടും വീണ്ടും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു തബിത.
ഒടുവിൽ, 9 മാസത്തോളം ചെലവഴിച്ച് ‘കാരി’ കിങ് പൂർത്തിയാക്കി. മുപ്പതോളം പ്രസാധകർക്ക് ആ നോവൽ അയച്ചുകൊടുത്തെങ്കിലും ആരും പ്രസിദ്ധീകരിക്കാൻ തയാറായില്ല. ഇതിനിടെ കടുത്ത മദ്യപാനത്തിനും പുകവലിക്കും ലഹരി ഉപയോഗത്തിനും കിങ് അടിമയായി. ദിവസവും പായ്ക്കറ്റ് കണക്കിനു സിഗററ്റുകൾ വലിച്ചതോടെ കുടുംബജീവിതം താളംതെറ്റി. അമിതമായി കൊക്കെയ്ൻ ഉപയോഗിച്ചതിനെത്തുടർന്ന് എഴുതുന്ന കടലാസുകളിൽ മൂക്കിൽ നിന്നു രക്തത്തുള്ളികൾ ഇറ്റിറ്റു വീഴുമെന്ന അവസ്ഥ വരെയെത്തി. അതുവരെ ഭർത്താവിനു പിന്തുണയും പ്രോത്സാഹനവുമായി നിന്ന തബിതയും തളർന്നുപോയി. താൻ ഉപേക്ഷിച്ചുപോകുമെന്ന തബിതയുടെ ഭീഷണിയിലാണ് പതിയെ പതിയെ ലഹരിയിൽനിന്നും മദ്യത്തിൽനിന്നും കിങ് മോചിതനായത്.
അപ്പോഴേക്ക് സ്റ്റീഫൻ കിങ്ങിന്റെ കഥാസൃഷ്ടിക്കും ജീവൻ വച്ചുതുടങ്ങിയിരുന്നു. ആദ്യ നോവൽ ‘കാരി’ വലിയ ഹിറ്റായി. പിന്നീടു തുടരെ തുടരെ രചനകൾ. അവയിൽ പലതും ബെസ്റ്റ് സെല്ലറുകൾ. ഇതിനിടെ എഴുത്തിനോടു വിരക്തി വന്നെങ്കിലും കിങ്ങിന് അതിനെയും അതിജീവിക്കാനായി. യുഎസിലെയും ലോകത്തിലെയും ഏറ്റവും പ്രശസ്തനായ ജനപ്രിയ സാഹിത്യകാരനായി സ്റ്റീഫൻ കിങ് ഉയരുകയും ചെയ്തു.
തിരിച്ചടികളുടെ തുടർച്ച നേരിട്ട എഴുത്തുകാരനെ ലോകം മുഴുവൻ ആസ്വാദകസമൂഹം വാഴ്ത്തി വളർത്തുകയായിരുന്നു. ഡിഫറന്റ് സീസൺസ്, ദ് ഷൈനിങ്, ദ് ഡെഡ് സോൺ, ക്രിസ്റ്റൈൻ, സ്റ്റാൻഡ് ബൈ മി, മിസറി, ദ് മിസ്റ്റ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങളിലൂടെ ലോകാരാധന നേടി. 1947 സെപ്റ്റംബർ 21നു യുഎസിലെ പോർട്‌ലൻഡിൽ ജനിച്ച എഴുപത്തേഴുകാരനായ കിങ്, ഇരുനൂറിലേറെ ചെറുകഥകളുടെയും കർത്താവാണ്.