ശേഷിച്ചത് വിവേകമൊഴി
Mail This Article
‘തേനീച്ചകൾ തേൻ ശേഖരിക്കുന്നതുപോലെ നിങ്ങൾ സ്വത്ത് സ്വരുക്കൂട്ടുന്നു. പക്ഷേ, നിങ്ങൾ മരിച്ചുകഴിയുമ്പോൾ പറയപ്പെടുന്നത് ഇതായിരിക്കും: ശവമെടുത്തു കൊണ്ടുപോവുക. അതു നാറുന്നു’ എന്നെഴുതിയ കബീറിന് മതമായിരുന്നില്ല, മാനുഷികതയായിരുന്നു വലുത്. കവി, ഗായകൻ, അവധൂതൻ, മതസ്ഥാപകൻ, സാമൂഹികപരിഷ്കർത്താവ് തുടങ്ങി വിശേഷണങ്ങൾ ഏറെയുണ്ട് അദ്ദേഹത്തിന്. വേർതിരിവുകളുടെ കള്ളികളിലൊതുങ്ങാൻ കബീറിന്റെ വരികൾ പിടികൊടുത്തില്ല.
മഷി തൊട്ടില്ല; കടലാസും
കബീറിനെക്കുറിച്ചു വസ്തുതകളേക്കാൾ കഥകളാണുള്ളത്. ജനിച്ച വർഷം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. 1398ലോ 1440ലോ ആകാം ജനനമെന്ന വാദത്തിനാണു മുൻതൂക്കം. രാമാനന്ദന്റെ ശിഷ്യനായിരുന്നു കബീറെന്നു ‘ഭക്തമാല’ എന്ന കൃതിയിൽ പറയുന്നു. ജനിച്ചതു കാശിയിലും മരിച്ചതു മഗഹറിലുമാണെന്നാണു കരുതുന്നത്.
ഇസ്‌ലാമിക, ഹൈന്ദവദർശനങ്ങളെ ആഴത്തിൽ മനസ്സിലാക്കിയിരുന്ന കബീർ ഇരുപക്ഷത്തെയും യാഥാസ്ഥിതികത്വത്തെയും മാമൂലുകളെയും വാക്കുകൾകൊണ്ടു പ്രഹരിക്കാൻ മടിച്ചില്ല. തിരിച്ചും വലിയ എതിർപ്പുകൾ അദ്ദേഹം നേരിട്ടു. മഷിയും കടലാസും തൊട്ടിട്ടില്ലെന്നു പറഞ്ഞ കബീർ നിരക്ഷരനായിരുന്നു. നെയ്ത്തുജോലിയിൽനിന്നുള്ള തുച്ഛമായ വരുമാനം കൊണ്ടാണു ജീവിച്ചത്.
വിശക്കുന്നവന്റെ കവിത
കബീറിന്റെ കവിത കാലത്തിനു മുൻപേ സഞ്ചരിച്ചു. അനായാസം വഴങ്ങുന്ന നേർമൊഴിയായിരുന്നു അത്. ‘വിശന്നുവലയുന്നവന് എന്തു ഭക്തിവൈവശ്യം’ എന്ന് യാഥാസ്ഥിതികരുടെ മുഖത്തു നോക്കി ചോദിച്ചു. യഥാർഥ ഭക്തിക്ക് ഇടനിലക്കാരുടെയും സ്ഥാപനങ്ങളുടെയും ആവശ്യമില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ആചാരങ്ങളുടെ അർഥശൂന്യതയെ അദ്ദേഹം രൂക്ഷഹാസ്യത്തിലൂടെ വിമർശിച്ചു. അദ്വൈതമായിരുന്നു ആ കവിതകൾ മുന്നോട്ടുവച്ച ആശയങ്ങളുടെ നങ്കൂരം.
കബീർ വിടവാങ്ങിയ വർഷം സംബന്ധിച്ചും അവ്യക്തതകളുണ്ട്. 1448ലോ 1455ലോ ആണു മരണം സംഭവിച്ചതെന്നും അതല്ല 1518ൽ ആണെന്നും കരുതുന്നവരുണ്ട്.
ആശയങ്ങളുടെ പിൻവഴി
കബീറിന്റെ ആശയങ്ങൾ പിന്തുടരുന്ന ‘കബീർ പാന്ഥികൾ’ എന്നൊരു വിഭാഗമുണ്ട്. ദക്ഷിണേന്ത്യയിൽ അവരുടെ കാര്യമായ സാന്നിധ്യമില്ല. ആശയപരമായി വിഗ്രഹഭഞ്ജകനായിരുന്നെങ്കിലും പിൽക്കാലത്ത് കബീർതന്നെ വിഗ്രഹമാകുകയും ആചാരങ്ങളാൽ മൂടപ്പെടുകയും ചെയ്തു എന്നതാണു വസ്തുത.
സാഹോദര്യത്തെ ഉയർത്തിപ്പിടിക്കുന്ന ‘സന്ത്’ എന്നൊരു മതം കബീർ തുടങ്ങി. തന്റെ ആശയങ്ങളുമായി നിരന്തരം സഞ്ചരിച്ചു. ‘ബീജക്’ എന്ന പേരിൽ കബീറിന്റെ കവിതകൾ സമാഹരിക്കപ്പെട്ടിട്ടുണ്ട്. സിഖ് വിശുദ്ധ ഗ്രന്ഥമായ ‘ഗുരു ഗ്രന്ഥ് സാഹിബി’ൽ കബീറിന്റെ ഈരടികൾ കാണാം. ഗുരു നാനാക് മുതൽ ഗാന്ധിജിയും രബീന്ദ്രനാഥ് ടഗോറും എസ്രാ പൗണ്ടും വരെയുള്ളവരെല്ലാം കബീറിനാൽ പ്രചോദിതരായി. ഏതു സംഗീതധാരയ്ക്കും ആ വരികൾ വഴങ്ങി.
കബീർ ഒരിക്കൽ ഇങ്ങനെ പാടി: ‘അനേകർ മരിച്ചിട്ടുണ്ട്. നീയും മരിക്കും. മരണത്തിന്റെ കാഹളം മുഴങ്ങുന്നു. സ്വപ്നവുമായി സ്നേഹത്തിലായിക്കഴിഞ്ഞു ലോകം. വിവേകികളുടെ മൊഴികളേ ശേഷിക്കൂ’.