എത്ര സുന്ദരചിന്തകൾ!
Mail This Article
പ്രകൃതിയോട് ഇഴചേരുന്ന ലളിതജീവിതത്തിന്റെ ബദൽ ക്രമം അവതരിപ്പിച്ച അസാധാരണ ചിന്തകനായിരുന്നു എഫ്.ഷൂമാക്കർ. ലളിതജീവിതത്തിന്റെ ആനന്ദം വികസിതസമൂഹങ്ങൾക്ക് അന്യമാണെന്നു മനസ്സിലാക്കിയാണ് അദ്ദേഹം ജൈവികമായ വികസനത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്കു തിരിഞ്ഞത്. ആ ബദൽ ജീവിതക്രമത്തെ ‘ബുദ്ധിസ്റ്റ് ഇക്കണോമിക്സ്’ എന്നു ഷൂമാക്കർ വിശേഷിപ്പിച്ചു. ‘ചെറുതാണു സുന്ദരം’ എന്ന മാനിഫെസ്റ്റോയിലേക്ക് അദ്ദേഹം മനസ്സർപ്പിച്ചു.
ജർമനി വിട്ട് ഇംഗ്ലണ്ടിലേക്ക്
ജർമനിയിലെ ബോണിൽ 1911ലാണു ഷൂമാക്കറുടെ ജനനം. ഓക്സ്ഫഡ്, കൊളംബിയ സർവകലാശാലകളിലെ പഠനത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തുമ്പോഴേക്കു ഹിറ്റ്ലറുടെ നാത്‌സികൾ നിയന്ത്രണം ഏറ്റിരുന്നു. നാത്‌സി പ്രത്യയശാസ്ത്രത്തിനു സ്വതന്ത്രചിന്തയും ആർജവവും അടിയറവയ്ക്കാൻ കൂട്ടാക്കാതെ അദ്ദേഹം ഇംഗ്ലണ്ടിലേക്കു പോയി. അവിടെയും നല്ല അനുഭവങ്ങളല്ല കാത്തിരുന്നത്. ബുദ്ധിജീവിവൃത്തങ്ങളിൽ സജീവമായെങ്കിലും, എല്ലാ ജർമൻകാരെയുംപോലെ സംശയക്കണ്ണുകളോടെ അദ്ദേഹം വീക്ഷിക്കപ്പെട്ടു. ഇടയ്ക്കു തടവിലുമായി.
ഗാന്ധിജി മഹദ്‌സ്വാധീനം
1955ലാണു ഷൂമാർക്കർ ബർമയിലേക്ക് (ഇന്നത്തെ മ്യാൻമർ) പോയത്. വികസനസങ്കൽപങ്ങളെയും ആലോചനകളെയും പൊളിച്ചുപണിയാൻ അത് അവസരമായി. വൻ സമ്പദ്‌വ്യവസ്ഥകളിൽ കാണാത്ത സ്വാഭാവികാനന്ദം ഷൂമാക്കർ അവിടത്തെ മനുഷ്യരിൽ കണ്ടു. ഉയർന്ന ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനു വിലയായി മുതലാളിത്തത്തിനു നൽകേണ്ടിവരുന്നതു സംസ്കാരത്തിന്റെ നാശമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അധികം മൂലധനവും ഊർജവും അനിവാര്യമല്ലാത്ത വികസനത്തിലൂന്നുകയാണ് സുഗമവഴിയെന്ന ബോധ്യവുമുണ്ടായി.
തികഞ്ഞ യുക്തിവാദിയായിരുന്ന ഷൂമാക്കറിന്റെ ദർശനങ്ങളിലേക്ക് മതാതീമായൊരു ആത്മീയത പ്രസരിച്ചു തുടങ്ങി. ബുദ്ധനും ഗാന്ധിജിയും അതിന്റെ ഊർജധാരകളായി. ‘പീപ്പിൾസ് ഇക്കണോമിസ്റ്റ്' എന്നാണു ഷൂമാക്കർ ഗാന്ധിജിയെ വിശേഷിപ്പിച്ചത്. ഇന്റർമീഡിയറ്റ് ടെക്നോളജി ഗ്രൂപ്പ് പോലെ പ്രകൃതിയോട് ഇണങ്ങുന്ന സാങ്കേതികവിദ്യകൾ പ്രചരിപ്പിക്കാൻ ലോകമെങ്ങും നിരന്തരം സഞ്ചരിച്ച, അസാധാരണനായ ആ ചിന്തകൻ 1977ൽ സ്വിറ്റ്സർലൻഡിൽ ഓർമയായി.
ചെറിയ സമ്പത്തിന്റെ അനശ്വരപുസ്തകം
പാരിസ്ഥിതികവിവേകത്തിലൂന്നിയ സാമൂഹിക, സാമ്പത്തിക ക്രമത്തെക്കുറിച്ചുള്ള ആലോചനകളുടെ ഫലസിദ്ധിയായിരുന്നു ഷൂമാക്കർ രചിച്ച ‘സ്മോൾ ഈസ്ബ്യൂട്ടിഫുൾ: എ സ്റ്റഡി ഓഫ് ഇക്കണോമിക്സ് ആസ് ഈഫ് പീപ്പിൾ മാറ്റേഡ്’ എന്ന അനശ്വരപുസ്തകം. കാലാവസ്ഥാവ്യതിയാനത്തിന്റെയും സാമ്പത്തിക പ്രതിസന്ധികളുടെയും കാലം അതിന്റെ പ്രസക്തി ഊട്ടിയുറപ്പിക്കുന്നു. രണ്ടാം ലോകയുദ്ധാനന്തരം ടൈംസ് ലിറ്റററി സപ്ലിമെന്റ് തിരഞ്ഞെടുത്ത, ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച പുസ്തകങ്ങളിൽ ഇതുണ്ടായിരുന്നു. ‘ഗൈഡ് ഫോർ ദ് പെർപ്ലെക്സ്ഡ്’ അതിന്റെ തുടർച്ചയായി. ടൈംസ് പത്രത്തിൽ മുഖപ്രസംഗങ്ങളും ഷൂമാക്കർ എഴുതിയിരുന്നു. ഇംഗ്ലണ്ടിലായിരിക്കെ അസാധാരണ ഉൾക്കാഴ്ചയോടെ ഷൂമാക്കർ നടത്തിയ മൗലികനിരീക്ഷണങ്ങൾ വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞൻ ജെ.എം.കെയിൻസിനെവരെ വിസ്മയിപ്പിച്ചു.