ADVERTISEMENT

യുഎസിൽ മോണ്ട് ഗോമറി നഗരത്തിലൊരു ബസിൽ കറുത്ത വർഗക്കാർക്കുള്ള സീറ്റിൽ ഇരിക്കുകയായിരുന്നു പതിനഞ്ചുകാരി ക്ലോദ് കോൽവിൻ. വെള്ളക്കാരുടെ സീറ്റുകളെല്ലാം നിറഞ്ഞിരുന്നു. ബസിൽ കയറിയ വെള്ളക്കാരി എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. ക്ലോദ് തയാറായില്ല. ഡ്രൈവറും വെള്ളക്കാരും ചേർന്നു ക്ലോദിനെ രൂക്ഷമായി അപഹസിച്ചു.

ഭരണഘടന തന്ന അവകാശമനുസരിച്ചാണ് ഇരിക്കുന്നതെന്നും എഴുന്നേൽപിക്കാൻ ആർ‌ക്കും അധികാരമില്ലെന്നും അവൾ വ്യക്തമാക്കി. പൊലീസെത്തി അവളെ ബസിൽനിന്നു വലിച്ചിറക്കി. വിലങ്ങണിയിച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോയി. വർണവിവേചനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ ആ പെൺകുട്ടി ജയിലിലടയ്ക്കപ്പെട്ടു. അസഭ്യവർഷങ്ങൾ കേൾക്കാതിരിക്കാൻ, അവൾ പ്രിയപ്പെട്ട എഴുത്തുകാരുടെ വരികൾ മനസ്സിലോർത്തു.

വർണവെറിക്കെതിരെ

കേസ് സുപ്രീം കോടതി വരെയെത്തി. സഹപാഠി ആനി ലാർക്കിൻസ് പ്രൈസ് ക്ലോദിന് അനുകൂലമായി കോടതിയിൽ സാക്ഷ്യം പറഞ്ഞതു നിർണായകമായി. വർണാടിസ്ഥാനത്തിൽ ബസുകളിലെ വേർതിരിവ് അവസാനിപ്പിക്കണമെന്നായിരുന്നു വിധി. അതോടെ, അലബാമയിലെ ബസുകളിൽ വിവേചനം അവസാനിച്ചു.

വർണവെറിക്കെതിരെ പ്രതികരിക്കുക മാത്രമല്ല, നിയമപോരാട്ടം നടത്തി ജയിക്കുകയും ചെയ്തെങ്കിലും കറുത്ത വർഗക്കാർപോലും കുഴപ്പക്കാരിയായി മുദ്ര കുത്താൻ തുടങ്ങിയതോടെ ക്ലോദ് മോണ്ട്ഗോമറി വിട്ടു. മാൻഹറ്റനിലാണ് പിന്നീടു കഴിഞ്ഞത്.

1939 സെപ്റ്റംബർ 5നു ജനിച്ച ക്ലോദിനെ, വീട്ടിലെ സ്ഥിതി മോശമായതിനാൽ അമ്മയുടെ അമ്മാവൻ ദത്തെടുക്കുകയായിരുന്നു. കറുത്ത വർഗക്കാരുടെ ചേരിയിലാണ് ഈ കുടുംബം കഴിഞ്ഞത്. വർണവിവേചനത്തിന്റെ നരകയാതനകൾ കുട്ടിക്കാലത്തേ ക്ലോദ് അറിഞ്ഞു. മനുഷ്യരായിപ്പോലും പരിഗണിക്കാത്ത സ്ഥിതി. അടിമത്തത്തിനെതിരായ പോരാട്ടങ്ങളെക്കുറിച്ചും ക്ലോദ് മനസ്സിലാക്കി.

പോരാട്ടം ചരിത്രം

ക്ലോദിനു പകരം പൗരാവകാശചരിത്രത്തിൽ ആഘോഷിക്കപ്പെട്ടത് റോസാ പാർക്സായിരുന്നു. 1955 ഡിസംബർ ഒന്നിനു വെളുത്ത വർഗക്കാരിക്കു സീറ്റ് ഒഴിഞ്ഞുകൊടുക്കാതിരുന്ന റോസ തലക്കെട്ടുകളിൽ ഇടംപിടിച്ചു. എന്നാൽ, അതിനും മാസങ്ങൾമുൻപേ ക്ലോദ് ചരിത്രം സൃഷ്ടിച്ചിരുന്നു. റോസയുടേത് മധ്യവർഗത്തിനു സ്വീകാര്യമായ മുഖമായതുകൊണ്ടും പ്രായമുണ്ടായിരുന്നതുകൊണ്ടുമാകാം പ്രാധാന്യം ലഭിച്ചതെന്നു ക്ലോദ് വിശ്വസിച്ചു.

‘അന്നു ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ പ്രവൃത്തി ഒരു തീപ്പൊരിയായിരുന്നെന്നും അതു പടർന്നുപിടിച്ചെന്നും തോന്നുന്നു. റോസാ പാർക്സ് സംഭവത്തിനു മുന്നിൽ അവഗണിക്കപ്പെട്ടതിൽ നിരാശയില്ല. പക്ഷേ, ഇങ്ങനെയൊരു സംഭവം നടന്നതായി ലോകം അറിയണമെന്ന് ആഗ്രഹമുണ്ട്’–ക്ലോദ് പറഞ്ഞു.

‘എഴുന്നേൽക്കില്ല’ എന്നു ക്ലോദ് കോൽവിൻ പറഞ്ഞത് മനുഷ്യാവകാശ പോരാട്ടചരിത്രത്തിലെ അനർഘനിമിഷമാണ്. അന്നു ബുക്കർ ടി.വാഷിങ്ടൺ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ക്ലോദ്. കറുത്ത മനുഷ്യരുടെ ചെറുത്തുനിൽപിന്റെ നെടുംതൂണുകളിലൊന്നായിരുന്നല്ലോ ബുക്കറും! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com