ADVERTISEMENT

ചാറ്റ് ജിപിടി സൃഷ്ടിച്ച ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്മാനെ ഡയറക്ടർ ബോർഡ് പുറത്താക്കിയപ്പോൾ പ്രചരിച്ച ഒരു തമാശ ഇങ്ങനെയായിരുന്നു–‘ആഴ്ചയിൽ‌ 70 മണിക്കൂർ ജോലി ചെയ്യണമെന്ന ബോർഡിന്റെ ആവശ്യം മിക്കവാറും സാം നിരസിച്ചിട്ടുണ്ടാകും!’

ഈ തമാശയ്ക്കു വഴിയൊരുക്കിയത് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തിയുടെ ഒരു സമീപകാല പ്രസ്താവനയാണ്. ഇന്ത്യൻ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്നാണ് അദ്ദേഹം ഈയിടെ പറഞ്ഞത് ഇതു പറയാൻ അദ്ദേഹത്തിനു പ്രേരണ നൽകിയവരിൽ മരുമകനും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകും ഉണ്ടാകുമെന്നുറപ്പാണ്. കാരണം, സുനക് ആഴ്ചയിൽ കുറഞ്ഞത് 80 മണിക്കൂറെങ്കിലും ജോലി ചെയ്യുന്നുണ്ടെന്നാണ് ‘ഇക്കോണമിസ്റ്റ്’ മാസിക അടുത്തയിടെ വെളിപ്പെടുത്തിയത്.

1.67 ലക്ഷം പൗണ്ട് (ഏകദേശം 1.7 കോടി രൂപ) സ്റ്റെർലിങ് ആണ് സുനകിന്റെ ശമ്പളം. അങ്ങനെ നോക്കുമ്പോൾ മണിക്കൂറിനു 40 പൗണ്ട് സ്റ്റെർലിങ്. രൂപയിലേക്കു മാറ്റിയാൽ ഏകദേശം 4,246 രൂപ. ആഴ്ചയിലെ 80 മണിക്കൂർ ജോലി പണമായി കണക്കാക്കിയാൽ 3.39 ലക്ഷം രൂപ. 70 മണിക്കൂർ മാത്രമെങ്കിൽ 2.97 ലക്ഷം രൂപ.

ബ്രിട്ടനിലെ രീതി വച്ചു നോക്കിയാൽ ഇതൊരു വലിയ സംഭവമേ ആയിരിക്കില്ല, എന്നാൽ, ഇന്ത്യയിലെ സാഹചര്യത്തിൽ ഭൂരിഭാഗം യുവാക്കൾക്കും അവർ ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും അർഹതപ്പെട്ട ശമ്പളം ലഭിക്കുന്നുണ്ടോയെന്ന ചോദ്യമുണ്ട്.

ആ കണക്ക് ശരിയോ?

തൊഴിലിടങ്ങളിൽ ഇന്ത്യയിലെ യുവാക്കളുടെ ഉൽപാദനക്ഷമത കുറവായതിനാൽ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്നാണു നാരായണമൂർത്തി പറഞ്ഞത്. എന്നാൽ, രാജ്യാന്തര തൊഴിൽ സംഘടന (ഐഎൽഒ) പറഞ്ഞ കണക്ക് തീർത്തും വ്യത്യസ്തമാണ്. യുഎസ്, ചൈന അടക്കമുള്ള രാജ്യങ്ങളേക്കാൾ കൂടുതൽ മണിക്കൂർ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് ഐഎൽഒ ഏപ്രിലിൽ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ശരാശരി 47.7 മണിക്കൂറാണ് ഇന്ത്യക്കാർ ജോലി ചെയ്യുന്നത്. യുഎസ് (36.4), ചൈന (46.1), ജപ്പാൻ (36.6), ജർമനി (34.3) എന്നിങ്ങനെയാണ് മറ്റുള്ള രാജ്യങ്ങളുടെ കണക്ക്. കഠിനാധ്വാനം ചെയ്യുന്നവരുടെ പട്ടികയിൽ ആറാമതാണ് ഇന്ത്യ.

മണിക്കൂറിൽ അളക്കാമോ?

നാരായണമൂർത്തിയുടെ ടാർഗറ്റ് പൂർത്തിയാക്കാൻ ആഴ്ചയിൽ 5 പ്രവൃത്തിദിവസമുള്ള വ്യക്തി ദിവസം 14 മണിക്കൂർ ജോലി ചെയ്യണം. അതായത്. രാവിലെ 9നു ജോലി തുടങ്ങിയാൽ രാത്രി 11 വരെ. 6 പ്രവൃത്തിദിവസമെങ്കിൽ പ്രതിദിനം ചെയ്യേണ്ടത് 11.6 മണിക്കൂർ ജോലി. രാവിലെ 9നു കയറിയാൽ രാത്രി എട്ടേമുക്കാലോടെ മാത്രമേ ഇറങ്ങാനാകൂ. രണ്ടു സന്ദർഭങ്ങളും പ്രായോഗികമല്ലെന്ന് ഒറ്റനോട്ടത്തിൽത്തന്നെ വ്യക്തം.

ഇനി 70 മണിക്കൂർ ജോലി ചെയ്താൽത്തന്നെ ഉൽപാദനക്ഷമത ഉറപ്പാക്കാൻ കഴിയുമോ? അല്ലെങ്കിൽ സമയമാണ് ഉൽപാദനക്ഷമതയുടെ മാനദണ്ഡമെന്ന് നാരായണമൂർത്തിയെ വിശ്വസിപ്പിച്ചത് ആരാണ്? 70 മണിക്കൂർ ജോലി ചെയ്തിട്ടും ഒരു പ്രോജക്ട് ഉത്തരവാദിത്തത്തോടെ ചെയ്തുതീർക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്താണു കാര്യം? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ അകലെയാണ്.

സ്മാർട്ടാണോ വർക്ക്?

ഒരു ജോലിയിൽ ആദ്യമായി കയറുന്നവരുടെ പ്രൊഡക്റ്റിവിറ്റി (ഉൽപാദനക്ഷമത) കണക്കാക്കാൻ സമയമല്ലാതെ മറ്റൊരു മാർഗമില്ലെന്നാണ് നാരായണമൂർത്തിയെ അനുകൂലിക്കുന്ന ചിലരുടെ പക്ഷം. എന്നാൽ, എത്ര സമയം ജോലി ചെയ്യുന്നു എന്നതിനേക്കാൾ എത്രത്തോളം സ്മാർട് ആയി ജോലി ചെയ്യുന്നു എന്നതിലാണു കാര്യമെന്നാണ് പുതിയകാല തൊഴിൽ സമവാക്യം.

വീണ്ടും ഋഷി സുനകിനെ ഉദാഹരണമായി എടുക്കേണ്ടിവരും. സുനകിനു സമയം വളരെ പ്രധാനമാണ്. യാത്രകളിൽ ഏറെയും ഹെലികോപ്റ്ററിലും വിമാനത്തിലുമാണ്. വിമർശകർ പലതും പറയും. പക്ഷേ, സുനക് അതെല്ലാം തള്ളിക്കൊണ്ടു പറയും: ‘രാജ്യം ഭരിക്കുന്നയാളെന്ന നിലയിൽ സമയം കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുന്ന മികച്ച മാർഗമാണിത്’.

നാരായണമൂർത്തി പറഞ്ഞതുപോലെ ആഴ്ചയിൽ 70 മണിക്കൂർ എന്ന ക്വോട്ട തികയ്ക്കാൻ റോഡ് മാർഗം യാത്ര ചെയ്തിട്ടു വല്ല കാര്യവുമുണ്ടോ?

പ്രോഗ്രാമിങ്ങിനടക്കം എഐ ടൂളുകൾ സഹായത്തിനെത്തുന്ന കാലത്ത് ‘ചക്രം വീണ്ടും കണ്ടുപിടിക്കേണ്ടതില്ലെന്ന്’ ചുരുക്കം.

എഐ വില്ലനാകുമോ?

ഇന്ത്യയിൽ നടക്കുന്ന കംപ്യൂട്ടർ പ്രോഗ്രാം കോഡിങ്ങിന്റെ 13 ശതമാനവും ചാറ്റ് ജിപിടി പോലെയുള്ള ജനറേറ്റീവ് എഐ ടൂളുകൾ ചെയ്യുന്നുവെന്നാണ് 'കേപ്ജമിനി'യുടെ പുതിയ റിപ്പോർട്ട് പറയുന്നത്. ഇത് ഇന്ത്യൻ കോഡർമാർക്കു 16% സമയലാഭവും ഉണ്ടാക്കുന്നുണ്ട്. രാജ്യാന്തരതലത്തിൽ 12% കോഡും എഴുതുന്നത് എഐ ആണത്രേ. സമയലാഭം 15 ശതമാനവും. അടുത്ത 12 മാസത്തിനിടെ ഇന്ത്യയിൽ എഐ ഉപയോഗിച്ചുള്ള കോഡിങ്ങിന്റെ തോത് 22 ശതമാനമായി വർധിക്കും. അതുവഴിയുള്ള സമയലാഭം 27 ശതമാനവുമാകും. ചുരുക്കിപ്പറഞ്ഞാൽ അടുത്ത ഒരു വർഷം ഇന്ത്യയിൽ എഴുതപ്പെടുന്ന ഓരോ 5 വരി കംപ്യൂട്ടർ കോഡിലും ഒരെണ്ണം എഐ സൃഷ്ടിച്ചതാകും!

‘ഇൻഫോഗ്രഫിയ’ പോലെയുള്ള പവർ പോയിന്റ് ടൂളുകളുള്ളപ്പോൾ ‘സീറോ’യിൽ നിന്ന് ഒരു സ്ലൈഡ് നിർമിക്കേണ്ട കാര്യവുമില്ല. ജോലിയിൽ സമയം ലാഭിക്കാനും ആയാസകരമാക്കാനും ഇത്തരം ‘സിംപിൾ ഹാക്സ്’ മതിയാകും.

ഈ കണക്കുകളോ?

2023ൽ മികച്ച ടെക് കമ്പനികളായി ഫോബ്സ് മാസിക തിരഞ്ഞെടുത്ത ചില കമ്പനികളിലെ പ്രതിവാര പ്രവൃത്തിസമയം ഒന്നു കാണുക. സാംസങ് ഇലക്ട്രോണിക്സ്: 45 മണിക്കൂർ, മൈക്രോസോഫ്റ്റ്: 40 മണിക്കൂർ, ആൽഫബെറ്റ് (ഗൂഗിൾ): 40 മണിക്കൂർ (പ്രതിദിനം 8 മണിക്കൂർ), ആപ്പിൾ: 40 മണിക്കൂർ, ഐബിഎം: ഒരു ദിവസം 8 മണിക്കൂർ, അഡോബി: 40 മണിക്കൂർ, ആമസോൺ: 40 മണിക്കൂർ. ഇവയിൽ ഒരിടത്തുപോലും സമയം 50 മണിക്കൂർ പോലും കടക്കുന്നില്ലെന്ന് ഓർക്കണം. എന്നിട്ടും ഇവ ലോകത്തെ മുൻനിര കമ്പനികളായി മാറുന്നുണ്ടെങ്കിൽ അതിനു കാരണം മറ്റു പലതുമാണെന്നു വ്യക്തം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com