ADVERTISEMENT

12 വർഷത്തിനിടെ പിഎസ്‌സിയുടെയും എസ്എസ്‌സിയുടേതുമടക്കം 30 റാങ്ക് ലിസ്റ്റുകളിൽ, 6 വകുപ്പുകളിൽ ജോലി ചെയ്ത അനുഭവം... 33 വയസ്സിനിടെ ഈ നേട്ടങ്ങൾ സ്വന്തമായതോടെ ചേർത്തല സ്വദേശി എൻ. വിജയകുമാർ ഒരു തീരുമാനമെടുത്തു–ഇനി പിഎസ്‌സി പരീക്ഷ എഴുതില്ല. പകരം പിഎസ്‌സി ജോലി സ്വപ്നം കാണുന്നവർക്കു മാർഗദർശിയാകും.

പകൽ എസി മെക്കാനിക്; രാത്രി ഉറക്കമില്ലാപഠനം

കൊച്ചി സർവകലാശാലയിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്റായ വിജയകുമാർ, ബിഎസ്‌സി കഴിഞ്ഞ് മുന്നോട്ടുള്ള വഴി ചിന്തിച്ചപ്പോഴാണു പിഎസ്‌സി പരീക്ഷകൾക്കായി ശ്രമിച്ചുതുടങ്ങുന്നത്. അച്ഛന്റെ ബീഡിതെറുപ്പ് ജോലി മാത്രമായിരുന്നു കുടുംബത്തിന്റെ വരുമാനം. ചിലർ നിരുത്സാഹപ്പെടുത്തിയെങ്കിലും പഠനത്തിൽനിന്നു പിന്തിരിഞ്ഞില്ല. 2011ലെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയാണ് ആദ്യം എഴുതിയത്. പകൽ എസി മെക്കാനിക്കായി ജോലി ചെയ്ത് രാത്രി ഉറക്കമിളച്ചായിരുന്നു പഠനം. ആവർത്തിച്ചുള്ള വായനയും പരീക്ഷയിലെ ഫോക്കസ് ഏരിയകൾ കണ്ടെത്തിയുള്ള പഠനവും മാതൃകാപരീക്ഷകൾ എഴുതി ടൈം മാനേജ്മെന്റ് ശീലിച്ചതും പരീക്ഷകളിൽ ഏറെ ഗുണം ചെയ്തു. ആദ്യമെഴുതിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. ആങ്ങനെ ആദ്യ സർക്കാർ ജോലിയിലേക്ക്.

തുരുതുരെ ജോലി, വിസ്മയ ഫോർമുല

തുടർന്ന് എഴുതിയ പിഎസ്‌സി പരീക്ഷകളിലും വിജയകുമാർ വിജയം കണ്ടു. ആരോഗ്യവകുപ്പിലും പഞ്ചായത്തിലും ജോലി ലഭിച്ചു. മൂന്നു വർഷം ഫിഷറീസ് ഓഫിസറായി ജോലി ചെയ്ത ശേഷം കേരള സർവകലാശാലയിലും ജോലി ചെയ്ത ശേഷമാണു കൊച്ചി സർവകലാശാലയിലെ ജോലി സ്വീകരിക്കുന്നത്. അതിനുശേഷം ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ റാങ്ക് ലിസ്റ്റിലും ഇടംപിടിച്ചു.

യൂണിവേഴ്സ്റ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ, ജെയിലർ, എൽഡിസി തുടങ്ങി ഒട്ടേറെ സ്വപ്നതസ്തികകളിൽ കയറിപ്പറ്റിയതിന്റെ വിജയരഹസ്യം തിരക്കി പല പരീക്ഷാർഥികളും സമീപിക്കാൻ തുടങ്ങിയതോടെയാണ് വിജയകുമാർ വഴിമാറിച്ചിന്തിച്ചത്. (ഒരു വർഷത്തേക്ക് ശമ്പളമില്ലാ അവധിയെടുത്ത് സ്വന്തമായി പിഎസ്‌സി കോച്ചിങ് സ്ഥാപനം തുടങ്ങി അധ്യാപകന്റെ റോൾ ആസ്വദിക്കുകയാണ് വിജയകുമാർ ഇപ്പോൾ). പലയാവർത്തി എഴുതിയിട്ടും റാങ്ക് ലിസ്റ്റിൽ ഇടംനേടാനാവാതെ നിരാശരാകുന്നവർ വിസ്മയത്തോടെ തേടുന്നൊരു വിജയ ഫോർമുല ഈ ചെറുപ്പക്കാരന്റെ കയ്യിലുണ്ട്! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com