സർക്കാർ ജോലി ഓട്ടോയിൽ പറന്നെത്തി!
Mail This Article
നേരംപോക്കിനൊരു സിനിമ കാണാൻ യുട്യൂബിൽ കയറിയ രഞ്ജിത്ത് കുറേ നേരത്തെ സെർച്ചിനു ശേഷം എത്തിപ്പെട്ടത് പിഎസ്‌സി ജോലിയുടെ സാധ്യതകളും അതിനുവേണ്ട തയാറെടുപ്പുകളും പങ്കുവയ്ക്കുന്നൊരു വിഡിയോയിലാണ്. ആ അഞ്ചു മിനിറ്റ് വിഡിയോ കോട്ടയം ഏറ്റുമാനൂരിൽ ഓട്ടോ ഡ്രൈവറായിരുന്ന എൻ.വി. രഞ്ജിത്തിന്റെ ജീവിതം മാറ്റിയെഴുതി. കോട്ടയം ജില്ലയിലെ എൽജിഎസ് പരീക്ഷയിൽ 89–ാം റാങ്ക് നേടിയ രഞ്ജിത്ത് ഇന്ന് പാലാ കോടതിയിൽ ജീവനക്കാരനാണ്.
36–ാം വയസ്സിലാണു രഞ്ജിത്ത് പിഎസ്‌സി പരീക്ഷ എഴുതിയതും ജയം കണ്ടതും. 2020 ജനുവരിവരെ പിഎസ്‌സി പഠനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഓട്ടോ ഓടിച്ചു കുടുംബം പുലർത്തിയിരുന്നപ്പോൾ സർക്കാർ ജോലി സ്വപ്നം കണ്ടിട്ടുപോലുമില്ല. സർക്കാർ ജോലിയൊക്കെ ‘പഠിപ്പിസ്റ്റുകൾക്ക്’ പറഞ്ഞിട്ടുള്ളതാണെന്നും കുറേക്കാലമായി പാഠപുസ്തകങ്ങളോടു ‘ടച്ച്’ വിട്ട തനിക്ക് ഇനി പഠിച്ച് പരീക്ഷയെഴുതി ജയിക്കാനൊന്നും കഴിയില്ലെന്നുമായിരുന്നു രഞ്ജിത്തിന്റെ ധാരണ. പക്ഷേ, ആ പിഎസ്‌സി കോച്ചിങ് വിഡിയോ കണ്ടതും രഞ്ജിത്ത് പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കാൻ തീരുമാനിച്ചു.
പിന്നെ പഠനം പറപറന്നു. ഓട്ടോ ഓടിക്കുന്ന സമയത്തുപോലും ഓഡിയോ ക്ലാസുകൾ കേട്ടു പഠിച്ചു. ഓട്ടമില്ലാതെ സ്റ്റാൻഡിൽ കിടക്കുമ്പോൾ, കേട്ടുപഠിച്ച പ്രധാന പോയിന്റുകൾ നോട്ട്ബുക്കിൽ ഓർമിച്ചെടുത്തു കുറിച്ചുവച്ചു. രാവിലെ 4 മണിക്ക് ഉണർന്ന് 6 കിലോമീറ്റർ പ്രഭാതനടത്തത്തിനു പോകുമ്പോഴും ഓഡിയോ ക്ലാസുകൾ കേട്ടുപഠിച്ചുകൊണ്ടിരുന്നു. പരാജയഭീതി മനസ്സിനെ അലട്ടിയതു മറികടക്കാൻ, പ്രചോദനമായ അധ്യാപകരുടെ ഫോട്ടോ മുറിയിലെ ഭിത്തിയിൽ ഒട്ടിച്ചുവച്ചു. ആ മുഖങ്ങൾ കാണുമ്പോൾ മടിപിടിച്ചിരിക്കാൻ കഴിയുമായിരുന്നില്ല രഞ്ജിത്തിന്.
മടുപ്പും മടിയും മറന്ന് കൂടുതൽ ഉത്സാഹത്തോടെ പഠനം തുടർന്നു. പഠിക്കുന്ന ഓരോ കാര്യവും സ്വന്തം കൈപ്പടയിൽ നോട്ട്ബുക്കിലേക്കു പകർത്തിയെഴുതി പഠിക്കുന്ന ശീലമായിരുന്നു രഞ്ജിത്തിന്. ഒരുവട്ടം എഴുതുമ്പോൾത്തന്നെ മനസ്സിൽ പതിഞ്ഞപോലെയായി. പിന്നീട് ആവർത്തിച്ചു വായിച്ച് മനഃപ്പാഠമാക്കുകയും ചെയ്തു. പരമാവധി മോക് ടെസ്റ്റുകൾ ചെയ്ത് ടൈം മാനേജ്മെന്റ് പരിശീലിച്ചതും പരീക്ഷയ്ക്ക് ഏറെ സഹായിച്ചു. മുൻവിധികളൊന്നുമില്ലാതെ സ്വയം ഓട്ടോ ഓടിച്ച് കൂളായി എൽജിഎസ് പരീക്ഷാഹാളിലേക്കു പോയ രഞ്ജിത്ത്, കൂൾ കൂളായി ജോലി നേടിയെടുക്കുകയും ചെയ്തു!