എക്സ് സർവീസുകാർക്ക് സർക്കാർ ജോലിക്ക് സംവരണമുണ്ടോ? പരീക്ഷയ്ക്ക് വെയ്റ്റേജ് മാർക്കുണ്ടോ?
Mail This Article
പട്ടാളത്തിൽനിന്നു വിരമിച്ചവർക്ക് പിഎസ്‌സി പരീക്ഷയിൽ എന്തെങ്കിലും ആനുകൂല്യമുണ്ടോ? തീർച്ചയായും ഉണ്ട്. നിയമനത്തിൽ പ്രത്യേക സംവരണം നൽകാറില്ലെങ്കിലും പ്രായപരിധിയിൽ ഇളവ്, വെയ്‌റ്റേജ് മാർക്ക് എന്നിവ ലഭിക്കും. വിവിധ തസ്തികകൾക്കു നിശ്ചയിച്ചിട്ടുള്ള പരമാവധി പ്രായപരിധിയിൽ അവരുടെ പ്രതിരോധ സേനയിലെ സേവനത്തിനു തുല്യമായ കാലത്തോളവും സേനയിൽ നിന്നു വിരമിച്ചതിനു ശേഷം തൊഴിലില്ലാതെ നിന്ന സമയത്തിൽ പരമാവധി അഞ്ചു വർഷത്തോളവും ഇളവ് ലഭിക്കും. ഈ ആനുകൂല്യം ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിൽ ജോലി ചെയ്ത ശേഷം വിരമിച്ചവർക്കും ലഭിക്കും.
∙ സേവന കാലയളവിന് വെയ്റ്റേജ് മാർക്ക്
പെൻഷനറി ബെനിഫിറ്റ്സ് ലഭിക്കുന്നവർക്കാണ് വെയ്റ്റേജ് മാർക്കിന്റെ ആനൂകൂല്യം നൽകുക. ഓരോ രണ്ടു വർഷത്തെ സേവനത്തിനും ഒരു മാർക്ക് വീതം പരമാവധി 10 മാർക്ക് വരെ വെയ്റ്റേജായി ലഭിക്കും. ഇന്റർവ്യൂ ഉള്ള തസ്തികകളിൽ 20 വർഷവും അതിനു മുകളിലും സേവനദൈർഘ്യമുള്ളവർക്ക് മൂന്ന് മാർക്ക്, 10 മുതൽ 20 വർഷം വരെ സേവനമുള്ളവർക്ക് രണ്ട് മാർക്ക്, രണ്ടു മുതൽ 10 വർഷം വരെ സേവനമുള്ളവർക്ക് ഒരു മാർക്ക് എന്നിങ്ങനെയാണ് നൽകുന്നത്.
∙ മെഡൽ ജേതാക്കൾക്കും വെയ്റ്റേജ് മാർക്ക്
ധീരതയ്ക്കുള്ള അവാർഡ് നേടിയിട്ടുള്ളവർക്കു നൽകുന്ന വെയ്റ്റേജ് മാർക്കുകൾ ഇനി പറയുന്നു. പരംവീരചക്ര– 15 മാർക്ക്, മഹാവീർചക്ര– 10 മാർക്ക്, വീർചക്ര– 08 മാർക്ക്, സേനാമെഡൽ– 05 മാർക്ക്, അശോകചക്ര– 04 മാർക്ക്, കീർത്തിചക്ര– 03 മാർക്ക്, ശൗര്യചക്ര– 02 മാർക്ക്, മെൻഷൻ ഇൻ ഡിസ്പാച്ച്– 01 മാർക്ക്.
പരംവിശിഷ്ട സേവാ മെഡൽ നേടിയിട്ടുള്ളവർക്കു 15 മാർക്കും അതിവിശിഷ്ട സേവാ മെഡൽ നേടിയിട്ടുള്ളവർക്കു 10 മാർക്കും വിശിഷ്ട സേവാമെഡൽ നേടിയിട്ടുള്ളവർക്കു 8 മാർക്കും വെയ്റ്റേജായി ലഭിക്കും.
സേവനദൈർഘ്യത്തിനും ഗ്യാലൻട്രി അവാർഡിനും മറ്റ് അവാർഡുകൾക്കുംകൂടി പരമാവധി 25 മാർക്ക് ആണ് നൽകുന്നത്.
വെയ്റ്റേജ് മാർക്ക് ലഭിക്കണമെങ്കിൽ ഉദ്യോഗാർഥികൾ നൽകുന്ന അപേക്ഷയിൽ വിമുക്തഭടനാണെന്നു രേഖപ്പെടുത്തുകയും പിഎസ്‌സി ആവശ്യപ്പെടുമ്പോൾ രേഖകൾ ഹാജരാക്കുകയും വേണം.