ADVERTISEMENT

ലോകത്തെ മികച്ച വനിതാ ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം തുടർച്ചയായ രണ്ടാം തവണയാണു സ്പെയിനിൽ നിന്നുള്ള സൂപ്പർ താരം അയ്റ്റാന ബോൺമറ്റിയെ തേടിയെത്തുന്നത്. വനിതാ ലോകകപ്പ് കിരീടം ഉയർത്തിയ സ്പാനിഷ് ടീമിലെ കരുത്തയായ മിഡ്ഫീൽഡറാണ് അയ്റ്റാന. എഫ്സി ബാർസിലോനയുടെ വനിതാ ടീം ചാംപ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും കിരീടം നിലനിർത്തിയതിനു പിന്നിലും അയ്റ്റാനയുടെ മികവുണ്ട്. ബലോൻ ദ് ഓർ പുരസ്കാരത്തിനു പുറമേ ഫിഫ ദ് ബെസ്റ്റ് ബഹുമതിയും കായിക ലോകത്തെ ഓസ്കർ എന്ന വിശേഷണമുള്ള ലോറസ് പുരസ്കാരവും ഇതിനകം ഈ ഇരുപത്താറുകാരി ഫുട്ബോളർ നേടിക്കഴിഞ്ഞു.

കാൽപന്തിനൊപ്പം വളർന്നവൾ

ബാർസിലോനയിലെ വിലാനോവ സ്വദേശികളായ വിസെന്റ് കോൻകയുടെയും റോസ ബോൺമറ്റി ഗ്യൂഡോനെറ്റന്റെയും ഏകമകളാണ് അയ്റ്റാന. കാറ്റാലിയൻ ഭാഷാധ്യാപകരായ മാതാപിതാക്കൾ ഭാഷയോടും പുസ്തകങ്ങളോടുമുള്ള ഇഷ്ടമാണു മകൾക്കു പകർന്നു നൽകിയത്. എന്നാൽ, വളരെ ചെറുപ്പം മുതലേ കളിക്കളത്തിലായിരുന്നു അയ്റ്റാനയുടെ കണ്ണ്. ബാസ്കറ്റ് ബോളും നീന്തലുമെല്ലാം പരീക്ഷിച്ച അയ്റ്റാന ഏഴാം വയസ്സിലാണു കാൽപന്തിനോട് അഭിനിവേശം തോന്നി കളത്തിലിറങ്ങിയത്.

ബാർസിലോനയുടെ കടുത്ത ആരാധികയായ അയ്റ്റാന 14–ാം വയസ്സിൽ ക്ലബ്ബിന്റെ ഭാഗമായി. ബാർസയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലെ പരിശീലനകാലം അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല അയ്റ്റാനയ്ക്ക്. പെൺകുട്ടികൾക്കു താമസസൗകര്യം ലഭ്യമല്ലാത്തതിനാൽ പരിശീലനത്തിനായി ദിവസവും മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവന്നു. അക്കാലത്തു ഫുട്ബോൾ കരിയർ സ്വപ്നം കണ്ടു കളത്തിലെത്തിയ പെൺകുട്ടികളും വിരളമായിരുന്നു. ഗ്രൗണ്ടിൽ ആൺകുട്ടികളിൽ നിന്നു നേരിടേണ്ടി വന്ന പരിഹാസങ്ങൾ അയ്റ്റാനയെ കൂടുതൽ കരുത്തയാക്കുകയാണു ചെയ്തത്. 2016-17 സീസണിനു മുന്നോടിയായാണ് താരത്തിനു ബാർസയുടെ സീനിയർ ടീമിലേക്കു സ്ഥാനക്കയറ്റം ലഭിച്ചത്. 2019ൽ ബാർസിലോനയുടെ ചരിത്രത്തിലെ ആദ്യ യുവേഫ വനിതാ ചാംപ്യൻസ് ലീഗ് ഫൈനലിൽ അയ്റ്റാനയും കളിക്കാനിറങ്ങി. ആ വർഷത്തിൽ കറ്റാലൻ പ്ലെയർ ഓഫ് ദ ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ട ബോൺമറ്റി ഇന്നു വനിതാ ഫുട്ബോൾ ചരിത്രത്തിലെ എണ്ണപ്പെട്ട താരങ്ങളിലൊരാളായി മാറിക്കഴിഞ്ഞു.

aittana-bonmatti
അയ്‌റ്റാന ബോൺമറ്റി

ലോകമൊട്ടാകെയുള്ള പെൺകുട്ടികൾക്കു കഠിനാധ്വാനത്തിന്റെയും ചെറുത്തുനിൽപിന്റെയും ഉദാത്ത ഉദാഹരണം കൂടിയാണ് അയ്റ്റാന. സാമൂഹിക വ്യവസ്ഥിതിയോടും പാരമ്പര്യത്തോടും കലഹിച്ച മാതാപിതാക്കളിൽ നിന്നായിരിക്കണം അയ്റ്റാന ഇതിനുള്ള കരുത്തു നേടിയത്. മകളുടെ പേരിനൊപ്പം പിതാവിന്റെ പേരു മാത്രമേ ഔദ്യോഗികമായി ഉപയോഗിക്കാവൂ എന്ന സ്പാനിഷ് നിയമത്തെ തോൽപിക്കാൻ ഏകരക്ഷിതാവായി സ്വയം പ്രഖ്യാപിച്ച വനിതയാണ് അയ്റ്റാനയുടെ മാതാവ് റോസ ബോൺമറ്റി. കാറ്റലോണിയൻ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ച പിതാവ് കോൻകയും അയ്റ്റാനയുടെ രാഷ്ട്രീയ നിലപാടുകൾ നിർണയിക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്പാനിഷ് താരമായിരിക്കെത്തന്നെ ഫിഫയുടെയും യുവേഫയുടെയും അംഗീകാരമില്ലാത്ത കാറ്റലോണിയയുടെ ജഴ്സിയിലും പ്രത്യക്ഷപ്പെട്ട് അയ്റ്റാനയും തന്റെ നിലപാട് ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫുട്ബോളിന്റെ സ്വർണപ്പന്ത്

മികച്ച ലോക ഫുട്ബോളർക്കായി ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഏർപ്പെടുത്തിയ വിഖ്യാത പുരസ്കാരമാണു ബലോൻ ദ് ഓർ. സ്വർണപ്പന്ത് എന്നാണ് ബലോൻ ദ് ഓർ എന്ന ഫ്രഞ്ച് വാക്കിന്റെ അർഥം. ഫുട്ബോളറും മാഗസിൻ എഡിറ്ററുമായിരുന്ന ഗബ്രിയേൽ ഹാനോട്ടാണ് ഈ പുരസ്കാരത്തിന്റെ ഉപജ്ഞാതാവ്. ഇംഗ്ലിഷ് ക്ലബ് ബ്ലാക്ക്പൂൾ താരമായ സർ സ്റ്റാൻലി മാത്യൂസാണ് 1956ൽ പ്രഥമ ബലോൻ ദ് ഓർ നേടിയത്.

അർജന്റീന ഇതിഹാസം ലയണൽ മെസ്സിയാണ് (8) ഏറ്റവുമധികം തവണ ഈ പുരസ്കാരം ഏറ്റുവാങ്ങിയ താരം. 

English Summary:

Opinion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com