വിസ്മയപഥത്തിലെ അക്ഷരങ്ങൾ
Mail This Article
ബഹിരാകാശ ജീവിതം അക്ഷരങ്ങളിൽ പകർത്തിവച്ച ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്‌ഷനിലൂടെയാണു സാമന്ത ഹാർവിയെന്ന ബ്രിട്ടിഷ് എഴുത്തുകാരിയെത്തേടി
ബുക്കർ പുരസ്‌കാരത്തിന്റെ വരവ്. 136 പേജുകൾ മാത്രമുള്ള ഇത്തിരിക്കുഞ്ഞൻ പുസ്തകത്തിലൂടെ ഭാവനയുടെ ഒരു വലിയ ലോകം തന്നെ തുറന്നിടുന്നതാണു സാമന്തയുടെ ‘ഓർബിറ്റൽ’. സാമന്ത ഹാർവിയുടെ ആദ്യ ബുക്കർ പുരസ്കാര നേട്ടമാണിത്.
ബഹിരാകാശ നിലയത്തിൽ നിന്നു ഭൂമിയെ നിരീക്ഷിക്കുന്ന ആറു ബഹിരാകാശ യാത്രികരുടെ കഥയാണ് ‘ഓർബിറ്റൽ’ പറയുന്നത്. അമേരിക്ക, റഷ്യ, ഇറ്റലി, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നു വ്യത്യസ്ത മിഷനുകളിലായി ബഹിരാകാശത്തെത്തിയ യാത്രികർ 24 മണിക്കൂറിനുള്ളിൽ 16 സൂര്യോദയങ്ങൾക്കും അസ്തമയങ്ങൾക്കും സാക്ഷിയാകുന്നതുമായി ബന്ധപ്പെട്ട അഭൗമവിശേഷങ്ങളിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. കോവിഡ് ലോക്‌ഡൗൺ കാലത്താണ് ഓർബിറ്റൽ എന്ന നോവലിന്റെ രചനയുടെ തുടക്കം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സംഭവങ്ങൾ ഭൂമിയിലിരുന്നു സങ്കൽപിച്ച് എഴുതുന്നതിലെ അതിശയോക്തി കാരണം ഒരു ഘട്ടത്തിൽ ഈ പുസ്തകം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനെപ്പറ്റിയും സാമന്ത ചിന്തിച്ചിരുന്നതാണ്.
പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടുതന്നെ വിസ്മയം തീർത്ത സാമന്ത ഹാർവിയുടെ ‘ഓർബിറ്റൽ’ വൻ ജനപ്രീതി നേടിയ കൃതിയായി മാറിക്കഴിഞ്ഞു. ഈ വർഷം യുകെയിൽ മാത്രം 29,000 ലേറെ കോപ്പികളാണു വിറ്റുപോയത്.
∙ എഴുത്തുവഴിയിലെ ‘റീഡർ’
എഴുത്തുകാരി എന്നതിനു പുറമേ ശിൽപിയായും പേരെടുത്ത സാമന്ത ഹാർവി 1975ൽ ബ്രിട്ടനിലെ കെന്റിലാണു ജനിച്ചത്. തത്വശാസ്ത്രത്തിലും ക്രിയാത്മക രചനയിലും ഉന്നതബിരുദം നേടിയിട്ടുള്ള സാമന്ത ഇംഗ്ലണ്ടിലെ ബാത്ത് സ്പാ സർവകലാശാലയിലെ ക്രിയേറ്റീവ് റൈറ്റിങ് വിഭാഗം റീഡർ കൂടിയാണ്. നോവലുകളിലെ ശൈലിയും വൈവിധ്യവും കൊണ്ടു വിർജീനിയ വൂൾഫിനോട് ഉപമിക്കപ്പെടാറുള്ള രചയിതാവാണ് 48 കാരിയായ സാമന്ത ഹാർവി. ഉറക്കമില്ലായ്മയുടെ അനുഭവങ്ങൾ പ്രമേയമായ ‘ദ് ഷെയ്‌പ്‌ലെസ് അൺഈസ്’ ഹാർവിയുടെ ശ്രദ്ധേയമായ രചനകളിലൊന്നാണ്. അഞ്ചു നോവലുകളുടെ രചയിതാവായ സാമന്തയുടെ ആദ്യ നോവൽ ദ് വിൽഡർനെസും (Wilderness) 2009ൽ ബുക്കറിനായി പരിഗണിക്കപ്പെട്ടിരുന്നു.
2023 ഒക്ടോബർ ഒന്നിനും 2024 സെപ്റ്റംബർ 30നും ഇടയിൽ പ്രസിദ്ധീകരിച്ച 156 പുസ്തകങ്ങളാണ് ഇത്തവണ ബുക്കർ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടത്. ചുരുക്കപ്പട്ടികയിലേക്കു തിരഞ്ഞെടുക്കപ്പെട്ട 6 രചയിതാക്കളിൽ 5 പേരും സ്ത്രീകളായിരുന്നു എന്നൊരു പ്രത്യേകതയും ഇത്തവണത്തെ പുരസ്കാരത്തിനുണ്ട്. 136 പേജുകളുള്ള ‘ഓർബിറ്റൽ’ ബുക്കർ നേടുന്ന രണ്ടാമത്തെ ഏറ്റവും ചെറിയ പുസ്തകമാണെന്ന പ്രത്യേകത കൂടിയുണ്ട്. പെനലോപ്പ് ഫിറ്റ്സ്‌ജെറാൾഡിന്റെ ‘ഓഷ്‌ഷോർ’ ആണ് ബുക്കർ പ്രൈസ് നേടിയ ഏറ്റവും ചെറിയ പുസ്തകം. 132 പേജുകളുള്ള ഈ നോവൽ 1979 ലാണു ബുക്കർ നേടിയത്. ഇന്ത്യൻ സംഗീതജ്ഞനായ നിതിൻ സാഹ്നി ഉൾപ്പെടെ 5 പേരായിരുന്നു ഇത്തവണ ബുക്കർ ജഡ്ജിങ് പാനലിലെ അംഗങ്ങൾ.
ബുക്കർ പ്രൈസ് ഗോസ് ടു...
ഇംഗ്ലിഷ് ഭാഷയിൽ എഴുതി യുകെയിൽ പ്രസിദ്ധീകരിക്കുന്ന സൃഷ്ടികൾക്കു നൽകുന്ന വാർഷിക പുരസ്കാരമാണ് ബുക്കർ പ്രൈസ്. പി.എച്ച് ന്യൂബിയുടെ സംതിങ് ടു ആൻസർ ഫോർ ആണ് 1969ൽ ആദ്യ ബുക്കർ നേടിയത്. ഇതുവരെ 55 പേരാണു പുരസ്കാരത്തിന് അർഹരായത്. ഐറിഷ് നോവലിസ്റ്റും കവിയുമായ പോൾ ലിഞ്ചിന്റെ ‘ദ് പ്രൊഫറ്റ് സോങ്’ ആണ് കഴിഞ്ഞ വർഷം ബുക്കർ പുരസ്കാരം നേടിയ കൃതി.