പഞ്ചസാരയ്ക്കു ബദൽ ഈ തുളസി; അറിയാം വരുമാനത്തിന്റെ മധുരം!
Mail This Article
അസുഖംമൂലം മാത്രമല്ല, ആരോഗ്യത്തിന്റെ കരുതൽ എന്ന നിലയിലും പഞ്ചസാര കഴിക്കാൻ കഴിയാത്ത ആളുകൾ ഏറിവരികയാണ്. ഈ സാഹചര്യത്തിൽ, പഞ്ചസാരയ്ക്കു ബദലാവുകയും എന്നാൽ, പഞ്ചസാരയുടെ മധുരം നിലനിർത്തുകയും ചെയ്യുന്ന ഉൽപന്നങ്ങൾക്കു വലിയ സാധ്യതയുണ്ട്. വിപണനസാധ്യതയുള്ള അത്തരമൊരു സംരംഭം ഈ ലക്കത്തിൽ പരിചയപ്പെടാം.
നിർമാണരീതി
പല രീതിയിലും പഞ്ചസാരയ്ക്ക് ബദൽ ഉൽപന്നങ്ങൾ നിർമിക്കാം. അതിൽ ഒന്നാണ് മധുര തുളസിയിൽ (Stevia) നിന്നു ഷുഗർ ഫ്രീ ഉൽപന്നങ്ങൾ നിർമിക്കുക എന്നത്. സീറോ കലോറി ഉൽപന്നമാണിത്. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ ധാരാളമായി വളരുന്ന സസ്യമാണ് മധുര തുളസി. കേരളത്തിൽ വ്യവസായിക അടിസ്ഥാനത്തിൽ മധുര തുളസി കൃഷി ചെയ്യുന്നില്ല. പക്ഷേ, പഞ്ചാബിൽനിന്ന് ആവശ്യംപോലെ കിട്ടും. ഇതിന്റെ ഇല വാങ്ങി ഉണക്കി പൗഡർ വേർതിരിച്ചെടുത്ത് പഞ്ചസാരയ്ക്കു ബദലായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഉൽപാദിപ്പിക്കുന്നത്. മൈക്രോബയോളജി ലാബിൽ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തി വിപണിയിൽ ഇറക്കാം. ഫുഡ് സപ്ലിമെന്റ് എന്ന നിലയിൽ ഇതൊരു നല്ല സാധ്യതയുമാണ്. ഷുഗർ രോഗികൾക്കു മാത്രമല്ല, പഞ്ചസാരയ്ക്കു ബദൽ തേടുന്നവർക്കും ഇത് ഫലപ്രദമായി ഉപയോഗിക്കാം. കാരണം ഇത് 100% നാച്ചുറലായ ഉൽപന്നമാണ്.
അടിസ്ഥാനസൗകര്യം
മധുര തുളസിയിൽനിന്നു പൗഡർ എക്സ്ട്രാക്ട് ചെയ്തെടുക്കാൻ വലിയ നിക്ഷേപം ആവശ്യമാണ്. പുതുസംരംഭകർ അത്തരമൊരു നിക്ഷേപത്തിലേക്കു നീങ്ങാതിരിക്കുകയാണു നല്ലത്. എന്നാൽ, മധുര തുളസിയുടെ എക്സ്ട്രാക്ട് പൗഡർ പഞ്ചാബിലെ കമ്പനികളിൽനിന്നു സുലഭമായി ലഭിക്കും. ഇവ കൊണ്ടുവന്നു റീപായ്ക്ക് ചെയ്തു വിൽക്കുകയാണെങ്കിൽ, റിസ്കില്ലാതെ ബിസിനസിലേക്കു കടക്കാൻ പറ്റും. കണ്ടെയ്നർ ബോക്സുകളിലും പായ്ക്ക് ചെയ്യാം. വിപണി മെച്ചപ്പെടുമ്പോൾ ഉൽപാദനത്തെക്കുറിച്ചു ചിന്തിക്കുകകയും ചെയ്യാം. അങ്ങനെയാകുമ്പോൾ, തുടക്കത്തിൽ റീ പായ്ക്കിങ് മെഷിൻ മാത്രം വാങ്ങി സംരംഭത്തിലേക്കു കടക്കാം. 5 ലക്ഷം രൂപയുടെ നിക്ഷേപം മതിയാകും. 500 ചതുരശ്ര അടിവൃത്തിയുള്ള കെട്ടിടം വേണം. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ അംഗീകാരവും പായ്ക്കർ ലൈസൻസും എടുത്തിട്ടുവേണം സംരംഭം തുടങ്ങാൻ.
വിപണനം
ഇത്തരം ഉൽപന്നങ്ങൾ ഓൺലൈൻ വഴി നന്നായി വിൽക്കാം. ആമസോൺ, ഫ്ലിപ്കാർട്ട് വഴിയെല്ലാം പഞ്ചസാരയുടെ ബദൽ ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്. കേരളത്തിലെ സൂപ്പർ മാർക്കറ്റുകൾ വഴിയും മെഡിക്കൽ ഷോപ്പുകളിലൂടെയും ഇത്തരം ഉൽപന്നങ്ങൾ വിൽക്കാം. ബേക്കറി ഉൽപന്നങ്ങളിലും വളരെ ഫലപ്രദമായി മധുര തുളസി എക്സ്ട്രാക്ട് പൗഡർ ഉപയോഗിക്കാം. ഇതിനു ധാരാളം വിതരണക്കാരെ കിട്ടാൻ സാധ്യതയുണ്ട്. കേരളത്തിനകത്തും പുറത്തും ഇത്തരം ഉൽപന്നങ്ങൾ വിൽക്കാൻ കഴിയും. ഭക്ഷ്യ സംസ്കരണ സ്ഥാപനങ്ങൾക്കു ബൾക്കായി നൽകാനും ആകും. ഹോട്ടലുകൾ കേന്ദ്രീകരിച്ചും വിൽക്കാം. 50 ഗ്രാമിന് 110 മുതൽ 150 വരെ രൂപയാണു വില.
മാതൃകാസംരംഭം
മധുര തുളസിയുടെ വ്യത്യസ്ത ഉൽപന്നങ്ങൾ റീപായ്ക്ക് ചെയ്തു വിൽക്കുകയാണ് സാജിദ് തെക്കേകുന്നത്ത് എന്ന സംരംഭകൻ. കോഴിക്കോട് നരിക്കുനിയിലെ Eco Heal agro products എന്ന സ്ഥാപനത്തിലൂടെ ലീഫ് ഉണക്കിയത്, എക്സ്ട്രാക്ട് പൗഡർ എന്നിവ വിൽക്കുന്നത്. വെബ്സൈറ്റ് വഴിയും ഇ–കൊമേഴ്സ് രീതിയിലും ഇദ്ദേഹം ഉൽപന്നങ്ങൾ വിൽക്കുന്നു. 250-300 ഷോപ്പുകളിൽ നേരിട്ട് എത്തിക്കുന്നുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഉൽപന്നങ്ങൾ വിൽക്കുന്നു. 8 ലക്ഷം രൂപവരെ പ്രതിമാസ കച്ചവടം നടക്കുന്നുണ്ട്. 20 ശതമാനത്തോളം അറ്റാദായം ലഭിക്കുന്നതായും പറയുന്നു.