കടലിനടിയിൽ അഗ്നിപർവത വിസ്ഫോടനം, ഉയർന്നു വന്നത് ചെറുദ്വീപ്
Mail This Article
കടലിനടിയിലെ അഗ്നിപർവതം പൊട്ടിത്തെറിച്ചു. കടലിനു മുകളിൽ രൂപപ്പെട്ടത് ചെറിയൊരു ദ്വീപ്. ജപ്പാനിലാണ് ഈ അപൂർവ പ്രതിഭാസം. ‘പുതിയ ദ്വീപ് ചിലപ്പോൾ തനിയെ ഇല്ലാതായേക്കാം. സ്‌ഥിരമായി നിലനിൽക്കാനുള്ള സാധ്യതയുമുണ്ട്’. ഈ മേഖലയിലെ വിദഗ്‌ധർ വിശദീകരിച്ചു. അഗ്നിപർവത സ്‌ഫോടനത്തെത്തുടർന്നു കനത്ത പുകയും ചാരവും പാറകളും കടലിൽ നിന്നുയർന്നു തെറിച്ചു. തലസ്ഥാനമായ ടോക്കിയോയ്ക്ക് 1200 കിലോമീറ്റർ തെക്കുമാറിയുള്ള ഐയോട്ടോ എന്ന ദ്വീപിന്റെ തീരത്തു നിന്ന് ഒരു കിലോമീറ്റർ അകലെ കടലിനടിയിലുള്ള അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ഫലമായി പുറത്തേക്കൊഴുകിയ ചാരവും പാറക്കഷണങ്ങളും കടലിന്റെ അടിത്തട്ടിൽ കുമിഞ്ഞു കൂടി ഉയർന്ന് പത്തു ദിവസത്തിനുള്ളിൽ ഒരു ദ്വീപിന്റെ രൂപത്തിലാകുകയായിരുന്നു. കടൽപ്പരപ്പിൽ നിന്ന് 20 മീറ്റർ ഉയരത്തിൽ 100 മീറ്റർ വ്യാസമുള്ള ഭൂമിയാണ് ഇങ്ങനെ സൃഷ്ടിക്കപ്പെട്ടത്.
∙ മുൻപും ദ്വീപുകൾ
ഐയോട്ടോയ്ക്കു സമീപമുള്ള മേഖലയിൽ അഗ്നിപർവതങ്ങൾ കടലിനടിയിൽ സജീവമാകുന്നതും പൊട്ടിത്തെറിക്കുന്നതും സാധാരണ സംഭവിക്കാറുള്ളതാണ്. 1904, 1914, 1986 വർഷങ്ങളിൽ മേഖലയിൽ ഇതുപോലെ സൃഷ്ടിക്കപ്പെട്ട ദ്വീപുകൾ മണ്ണൊലിച്ചുപോയി അപ്രത്യക്ഷമായിട്ടുണ്ട്. 2013ൽ ജപ്പാന്റെ തെക്കേയറ്റത്തെ കടലിൽ ബോനിൻ എന്നു വിളിക്കുന്ന മനുഷ്യവാസമില്ലാത്ത ദ്വീപിനു സമീപവും 200 ചതുരശ്രമീറ്റർ മാത്രം വ്യാസമുള്ള കുഞ്ഞൻ ദ്വീപ് ഉയർന്നുവന്നിരുന്നു.
∙ അഗ്നിപർവതങ്ങളുടെ നാട്
മൗണ്ട് ഫുജിയാണു ജപ്പാനിലെ ഏറ്റവും ഉയരംകൂടിയ അഗ്നിപർവതം - 3776 മീറ്റർ. ലോക പൈതൃക പദവിയുള്ള അഗ്നിപർവതമാണിത്. 310 വർഷം മുൻപാണു ഫുജി അവസാനമായി പൊട്ടിത്തെറിച്ചത്. ലോകത്തിലുള്ള 1,500 സജീവ അഗ്നിപർവതങ്ങളിൽ 111 എണ്ണവും ജപ്പാനിലാണ്. സമുദ്രാന്തർഭാഗത്ത് ആയിരത്തിലേറെ അഗ്നിപർവതങ്ങൾ ലോകമെമ്പാടുമായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പലതും സജീവ അവസ്ഥയിലുള്ളതുമാണ്. ശാന്ത സമുദ്രത്തിൽ നാലു പ്രധാന ദ്വീപുകളും പതിനാലായിരത്തിലേറെ ചെറു ദ്വീപുകളും (അതിൽ പലതിലും മനുഷ്യവാസമില്ല, പലതും വളരെ ചെറുതുമാണ്) ചേർന്ന ദ്വീപ് സമൂഹമാണ് അമേരിക്കയും ചൈനയും കഴിഞ്ഞാൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ കൂടിയായ ജപ്പാൻ.