ഇനി മിണ്ടാതെ മിണ്ടാം, ഒാഫിസ് ജോലിക്കൊപ്പം വീട്ടുജോലികളും തീർത്ത് സ്മാർട്ടാകാം; വരുമോ, ഭാവനയിലെ സൈബോർഗ് യുഗം!
Mail This Article
ഒരക്ഷരം മിണ്ടാതെ മറ്റൊരാളുമായി വർത്തമാനം പറയാൻ കഴിഞ്ഞാലോ, ചിന്തകളെ ഉപയോഗിച്ച് വീട്ടിലെ സ്മാർട് ഗൃഹോപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള നിർദേശങ്ങൾ നൽകാൻ കഴിഞ്ഞാലോ, മൊബൈൽ ഫോണിനെ അപ്രസക്തമാക്കി ശരീരത്തിനുള്ളിൽ ഘടിപ്പിക്കുന്ന ചെറിയ ചിപ്പുകൾ ഭാവിയിലെ ആശയവിനിമയോപാധികളായി മാറിയാലോ...?!
ഇതൊന്നും ഇനി സയൻസ് ഫിക്‌ഷൻ നോവലുകളിലെ ഭാവനകൾ മാത്രമാവില്ല. കുറച്ചു വർഷംമുൻപുവരെ തമാശയായി തള്ളിക്കളഞ്ഞേക്കാവുന്ന ഇത്തരം പല സാങ്കേതികവിദ്യകളും അതിവേഗം യാഥാർഥ്യമാകാവുന്ന കാലത്താണു നമ്മൾ ജീവിക്കുന്നത്. മനുഷ്യന്റെയും മനുഷ്യൻ നിയന്ത്രിക്കുന്ന ലോകത്തിന്റെയും സമ്പൂർണ ഡിജിറ്റൽ, എഐ (നിർമിതബുദ്ധി) ഭാവിയിലേക്കുള്ള കരുത്തുറ്റ ആദ്യ ചുവടുവയ്പാവുകയാണ്, ഇലോൺ മസ്കിന്റെ ബ്രെയിൻ–ചിപ് കമ്പനിയായ ‘ന്യൂറലിങ്ക്’.
അന്തം വിട്ട ചിന്തകൾ!
അപകടത്തിൽ കഴുത്തിനു താഴെ തളർന്ന യുവാവിന്റെ തലച്ചോറിൽ ഘടിപ്പിച്ച ചിപ്പ് ഉപയോഗിച്ച് അദ്ദേഹത്തിനു കംപ്യൂട്ടർ മൗസിലെ കഴ്സർ ചലിപ്പിക്കാനും ചെസും കംപ്യൂട്ടർ ഗെയിമും കളിക്കാനും കഴിഞ്ഞതാണു ടെലിപ്പതി യുഗത്തിലേക്കുള്ള നിർണായക വഴിത്തിരിവായത്. നോളണ്ട് ആർബോഗ് എന്ന ഇരുപത്തൊൻപതുകാരന്റെ തലച്ചോറിലാണു ചിപ്പ് ഘടിപ്പിച്ചത്. പക്ഷാഘാതം സംഭവിച്ചവർക്കു ചലനശേഷി നേടിയെടുക്കാനും മേധാക്ഷയം ബാധിച്ചവർക്ക് ഓർമകൾ വീണ്ടെടുക്കാനും സ്വാഭാവികജീവിതം നയിക്കാനും ഈ ഗവേഷണങ്ങൾ സഹായിച്ചേക്കും.
തന്റെ ഏറ്റവും ഇഷ്ടപ്പെട്ട കംപ്യൂട്ടർ ഗെയിമായ ‘സിവിലൈസേഷൻ–6’ തുടർച്ചയായി 8 മണിക്കൂർ കളിച്ചശേഷം വിഡിയോ സന്ദേശത്തിൽ നോളണ്ട് ലോകത്തോടു പറഞ്ഞു:‘ഇനിയൊരിക്കലും ഏറെ പ്രിയപ്പെട്ട ആ ഗെയിം കളിക്കാൻ സാധിക്കുമെന്നു കരുതിയിരുന്നില്ല. അസാധ്യമായത് ന്യൂറലിങ്ക് സാധ്യമാക്കി’. ചിന്തകൾ മാത്രം ഉപയോഗിച്ച് തന്റെ ‘എക്സ്’ അക്കൗണ്ടിൽ നോളണ്ട് പോസ്റ്റ് ചെയ്ത സന്ദേശം ഇലോൺ മസ്കും പങ്കുവച്ചു. മനുഷ്യനും യന്ത്രവും ചേർന്ന ശാസ്ത്രഭാവനകളിലെ സൈബോർഗുകളായി നമ്മൾ രൂപാന്തരപ്പെടുന്ന കാലം അത്ര വിദൂരത്തല്ല എന്നും ഈ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
മസ്കിന്റെ ലോകം, മാസ്മരലോകം!
2016ലാണു മെഡിക്കൽ ഗവേഷണ സ്ഥാപനമായി ‘ന്യൂറലിങ്ക്’ സ്ഥാപിക്കുന്നത്. പ്രശസ്ത സർവകലാശാലകളിൽനിന്നുള്ള ന്യൂറോശാസ്ത്രജ്ഞർ വർഷങ്ങളായി ഗവേഷണങ്ങളിലാണ്. ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ല, ഗോളാന്തരയാത്ര ലക്ഷ്യമിടുന്ന ബഹിരാകാശശാസ്ത്ര സ്ഥാപനമായ സ്പേസ് എക്സ്, ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കുന്ന സ്റ്റാർ ലിങ്ക് കമ്പനി തുടങ്ങിയ നൂതന സംരഭങ്ങളുടെ സ്ഥാപകനുമാണ് ശതകോടീശ്വരനായ ഇലോൺ മസ്ക്. സമൂഹമാധ്യമായ ട്വിറ്റർ സമീപകാലത്ത് ഏറ്റെടുത്ത മസ്ക് അതിനെ ‘എക്സ്’ എന്നു പേരു മാറ്റുകയും ചെയ്തു.