കാൻ മേളയിൽ ചരിത്രമെഴുതി ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’, ‘കിഴക്കൻ നൊബേൽ’ ഇന്ത്യയിലേക്ക്
Mail This Article
കാൻ മേളയിൽ ഇന്ത്യൻ തിളക്കം
കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രമെഴുതി ഇന്ത്യൻ ചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’. പായൽ കപാഡിയ സംവിധാനം ചെയ്ത ഹിന്ദി – മലയാളം ചലച്ചിത്രം മേളയിലെ ഗ്രാൻ പ്രി പുരസ്കാരം സ്വന്തമാക്കി. ഗ്രാൻ പ്രി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയാണിത്. 30 വർഷത്തിനു ശേഷം കാനിൽ മത്സരവിഭാഗത്തിലെത്തുന്ന ഇന്ത്യൻ ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു മലയാളി നഴ്സിന്റെ കഥയാണു പറയുന്നത്. ഷോൺ ബക്കർ സംവിധാനം ചെയ്ത ‘അനോറ’ മികച്ച ചിത്രത്തിനുള്ള പാംദോർ പുരസ്കാരം നേടി. മിഗേൽ ഗോമസാണു മികച്ച സംവിധായകൻ. ഛായാഗ്രാഹകൻ സന്തോഷ് ശിവൻ പിയർ ആഞ്ജിനൊ ബഹുമതി ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനായി. സമാന്തര മത്സര വിഭാഗത്തിൽ (അ സേറ്റെൻ റിഗാ) അനസൂയ സെൻഗുപ്ത (ചിത്രം– ദ് ഷെയിംലെസ്) മികച്ച നടിയായി. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് അനസൂയ.
‘കിഴക്കൻ നൊബേൽ’ ഇന്ത്യയിലേക്ക്
‘കിഴക്കിന്റെ നൊബേൽ’ എന്നറിയപ്പെടുന്ന ഷാ പ്രൈസ് ഇന്ത്യൻ വംശജനായ ജ്യോതിശാസ്ത്രജ്ഞൻ ശ്രീനിവാസ് ആർ. കുൽക്കർണിക്കു ലഭിച്ചു. ജീവ, വൈദ്യശാസ്ത്ര രംഗങ്ങളിൽ സ്വീ ലെ തെയീനും സ്റ്റുവർട്ട് ഓർക്കിനും പുരസ്കാരം പങ്കുവച്ചു. ഗണിത പുരസ്കാരത്തിനു പീറ്റർ സർനാക് അർഹനായി. 12 ലക്ഷം ഡോളറാണ് (9.99 കോടി രൂപ) സമ്മാനത്തുക. മില്ലിസെക്കൻഡ് പൾസർ, സൂപ്പർനോവ തുടങ്ങിയവയുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട് ശ്രീനിവാസ്.