ജാഗ്രത കൂട്ടാം, കരുതൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Mail This Article
എച്ച്ഐവി എയ്ഡ്സും മറ്റു ലൈംഗികരോഗങ്ങളും (സെക്‌ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസസ് അഥവാ എസ്ടിഡി) മഞ്ഞപ്പിത്ത വ്യാപനവും വിവിധ രാജ്യങ്ങളിൽ ഗുരുതര ആരോഗ്യഭീഷണി ഉയർത്തുന്നതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട്. ഈ രോഗങ്ങൾമൂലം ലോകത്താകെ 25 ലക്ഷം പേർ വർഷംതോറും മരിക്കുന്നുവെന്നാണ് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഡാനം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. സിഫിലിസ് രോഗം വർഷംതോറും 80 ലക്ഷം പേരെ പുതുതായി ബാധിക്കുന്നതായും 2022ൽ 2.30 ലക്ഷം പേർ സിഫിലിസ് ബാധിച്ചു മരിച്ചതായും റിപ്പോർട്ടിലുണ്ട്.
എയ്ഡ്സ് വ്യാപനഭീതി
എച്ച്ഐവി വൈറസ് വ്യാപനത്തിൽ വളരെ ചെറിയ കുറവേ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടുള്ളൂ. 2020ൽ 15 ലക്ഷം ആയിരുന്ന എച്ച്ഐവി വ്യാപനനിരക്ക് 2022ൽ 13 ലക്ഷം മാത്രമായാണു കുറഞ്ഞത്. എയ്ഡ്സ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. 2022ൽ 6.30 ലക്ഷം പേർ എച്ച്ഐവി വൈറസ് ബാധിച്ച് മരിച്ചു. ലോകമാകെ 4 കോടിയോളം എച്ച്ഐവി ബാധിതരുണ്ടെന്നാണു ഡബ്ല്യുഎച്ച്ഒയുടെ കണക്ക്. 4 കോടിയിലേറെപ്പേർ ഇതിനകം എച്ച്ഐവി ബാധിച്ച് മരിച്ചിട്ടുണ്ട്.
അതേ സമയം, അമ്മമാരിൽനിന്ന് കുട്ടികളിലേക്കു പകരുന്ന എച്ച്ഐവി ബാധ 19 രാജ്യങ്ങൾ പൂർണമായി നിർമാർജനം ചെയ്തതായി ഡബ്ല്യുഎച്ച്ഒ റിപ്പോർട്ടിലുണ്ട്. കൃത്യമായ പരിശോധനകളിലൂടെയും പ്രതിരോധ ചികിത്സകളിലൂടെയുമാണ് ഇതു സാധ്യമാക്കിയത്. ആഗോള രോഗബാധിതരിൽ 93% പേർക്കും ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രതിരോധമരുന്നുകളിലൂടെ ഇവർക്കെല്ലാം സാധാരണജീവിതം നയിക്കാനും കഴിയുന്നു.
ഭീഷണിയായി 5 തരം ഹെപ്പറ്റൈറ്റിസ് ബാധ
അഞ്ചു തരം ഹെപ്പറ്റൈറ്റിസ് വൈറസ് ബാധയാണ് ലോകം നേരിടുന്ന മറ്റൊരു ആരോഗ്യ ഭീഷണിയായി ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നത്. ഹെപ്പറ്റൈറ്റിസ് എ (എച്ച്എവി), ഹെപ്പറ്റൈറ്റിസ് ബി (എച്ച്ബിവി), ഹെപ്പറ്റൈറ്റിസ് സി (എച്ച്സിവി), ഹെപ്പറ്റൈറ്റിസ് ഡി (എച്ച്ഡിവി), ഹെപ്പറ്റൈറ്റിസ് ഇ (എച്ച്ഇവി) എന്നിവയാണവ. ഇതിൽ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയാണ് ജീവനു ഭീഷണിയായി മാറുന്ന മഞ്ഞപ്പിത്ത രോഗങ്ങൾ.
മഞ്ഞപ്പിത്തം ബാധിച്ച് 2022ൽ 13 ലക്ഷം പേർക്കു ജീവൻ നഷ്ടമായി. ലോകമാകെ ദിവസേന 3,500 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നു. 22 ലക്ഷം പുതിയ മഞ്ഞപ്പിത്ത കേസുകൾ 2022ൽ ലോകമാകെ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. പുതിയ 6,000 പേർക്ക് ദിവസവും മഞ്ഞപ്പിത്ത ബാധയുണ്ടാകുന്നുവെന്നും കണക്കുകൾ പറയുന്നു.