ADVERTISEMENT

ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലേറിയപ്പോൾ അതിലെ വളരെ പഴയൊരു ഇന്ത്യൻ ബന്ധവും ചർച്ചയിൽ ഉയരുന്നു. 1900ൽ ലേബർ പാർട്ടിയുടെ സ്ഥാപക നേതാവായ കിയേർ ഹാർഡിയുടെ പേരാണ് ഇപ്പോഴത്തെ ലേബർ പ്രധാനമന്ത്രി കിയേർ സ്റ്റാമെറിന് നൽകിയത് എന്നതാണ് ആ യാദൃശ്ചികതയുടെ അടിസ്ഥാനം. ഇന്ത്യയ്ക്കു സ്വയംഭരണവും സ്വാതന്ത്ര്യവും നൽകണമെന്നു ശക്തമായി വാദിച്ച ബ്രിട്ടിഷ് നേതാവായിരുന്നു കിയേർ ഹാർഡി.

ഇന്ത്യയുടെ സ്വാതന്ത്ര്യം ആഗ്രഹിച്ച ഹാർഡി

ഉറച്ച ലേബർ പാർട്ടി പ്രവർത്തകരായിരുന്നു സ്റ്റാമെറിന്റെ മാതാപിതാക്കളായ റോഡ്‌നിയും ജോസഫൈനും. റോഡ്നി ഫാക്ടറി തൊഴിലാളിയും ജോസഫൈൻ ബ്രിട്ടനിലെ പൊതുമേഖലാ ആരോഗ്യസംവിധാനമായ എൻഎച്ച്എസിൽ (നാഷനൽ ഹെൽത്ത് സർവീസ്) നഴ്സുമായിരുന്നു. തങ്ങളുടെ എല്ലാമെല്ലാമായ പാർട്ടി സ്ഥാപക നേതാവിന്റെ പേര് അങ്ങനെയാണ് അവർ മകനു നൽകുന്നത്.

1907 സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 17 വരെ കിയേർ ഹാർഡി ഇന്ത്യയിൽ സന്ദർശനം നടത്തുകയും ദേശീയ പ്രസ്ഥാനത്തിലെ ഒട്ടേറെ നേതാക്കളുമായി സംവദിക്കുകയും ചെയ്തിരുന്നു. ബാലഗംഗാധര തിലകിനെ സന്ദർശിച്ച അദ്ദേഹം തിലകിനെ ജയിലിൽനിന്നു മോചിപ്പിക്കണമെന്ന് ബ്രിട്ടിഷ് സർക്കാരിനോട് ആവശ്യപ്പെടുകയുമുണ്ടായി. ഇതിന്റെ പേരിൽ സ്വന്തം നാട്ടിൽ അദ്ദേഹത്തിന് ഏറെ വിമർശനം നേരിടേണ്ടിവന്നു. ദേശദ്രോഹിയെന്നുപോലും ചിലർ ഹാർഡിയെ വിളിച്ചു.

കിയേർ ഹാർഡിയെപ്പോലുള്ളവർ തുടങ്ങിവച്ച ആശയമാണ് ബ്രിട്ടിഷ് പൊതുമണ്ഡലത്തിൽ ഇന്ത്യൻ സ്വാതന്ത്രസമര പ്രസ്ഥാനത്തിന് അനുകൂലമായ സാഹചര്യം പിന്നീടു സൃഷ്ടിച്ചത്. ലേബർ പാർട്ടി നേതാവായ ക്ലമന്റ് ആറ്റ്ലി ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരിക്കെയാണ് 1947ൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതും.

ബ്രിട്ടിഷ് ഭരണത്തിൽ ഇന്ത്യൻ ‘സ്വാധീനം’!

ബ്രിട്ടിഷ് പാർലമെന്റിലെ ആകെ സീറ്റുകളിൽ ബ്രിട്ടനിലെ നാലു പ്രവിശ്യകളിലൊന്നായ ഇംഗ്ലണ്ടിൽനിന്നാണു ഭൂരിപക്ഷം സീറ്റുകളും– 553 എണ്ണം. മറ്റു മൂന്നു പ്രവിശ്യകളായ സ്കോട്‌ലൻഡിൽനിന്ന് 59 സീറ്റും വടക്കൻ അയർലൻഡിൽനിന്നു 18 സീറ്റും വെയിൽസിൽനിന്നു 40 സീറ്റുമാണുള്ളത്. 650 അംഗ പാർലമെന്റിൽ 412 സീറ്റ് നേടിയാണ് ഇത്തവണ ലേബർ പാർട്ടി അധികാരം പിടിച്ചത്. കേവലഭൂരിപക്ഷത്തിന് 326 സീറ്റാണു വേണ്ടത്. കൺസർവേറ്റീവ് പാർട്ടിക്ക് 121 സീറ്റ് നേടാനേ കഴിഞ്ഞുള്ളു. മധ്യവർത്തി പാർട്ടിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടി 71 സീറ്റും തീവ്ര വലതു പക്ഷ പാർട്ടിയായ റിഫോം യുകെ പാർട്ടി 4 സീറ്റും ഗ്രീൻ പാർട്ടി 4 സീറ്റും നേടി.

കിയേർ സ്റ്റാമെറിന്റെ 25 അംഗ കാബിനറ്റിൽ 11 പേർ വനിതകളാണെന്നത് റെക്കോർഡാണ്. സാംസ്കാരിക–കായിക മന്ത്രി ലിസ നന്ദി (44) കാബിനറ്റിലെ ഏക ഇന്ത്യൻ വംശജയാണ്. കോട്ടയം സ്വദേശി സോജൻ ജോസഫ് ലേബർ പാർട്ടി സ്ഥാനാർഥിയായി ജയിച്ച് ബ്രിട്ടിഷ് പാർലമെന്റിലെ ആദ്യ മലയാളി എംപിയായി. 

English Summary:

UK Prime Minister Keir Starmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com