ചരിത്രം, അപ്രതീക്ഷിതം; ഇടതു ചേർന്നു ശ്രീലങ്ക; പുതിയ ദിശയേകുമോ ദിസനായകെ?
Mail This Article
സ്കൂൾ പഠനകാലത്ത് ഒഴിവുനേരങ്ങളിൽ പാടത്തു പണിയെടുത്തും ട്രെയിനിൽ മിഠായി വിറ്റും കുടുംബത്തിനു താങ്ങായിരുന്നു അനുര ദിസനായകെ. ദാരിദ്ര്യമെന്നാൽ അന്തസ്സുള്ള ജീവിതം സാധ്യമല്ലാത്ത അവസ്ഥ കൂടിയാണെന്ന് അനുരയെ പഠിപ്പിച്ചത് ആ അനുഭവങ്ങളാകണം. തകർന്നടിഞ്ഞ ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും രാജ്യത്തെ കരകയറ്റാനുമുള്ള അധികാരം പ്രസിഡന്റ് പദവിയിലൂടെ ജനം അൻപത്താറുകാരനായ ഇടതു സഹയാത്രികനെ ഏൽപിച്ചതിനു പിന്നിലും അനുരയുടെ നിലപാടുകളിലുള്ള വിശ്വാസം തന്നെയായിരിക്കണം.
തകർന്ന രാജ്യത്തിന് പുതിയ ദിശയേകാൻ
ശ്രീലങ്കയുടെ പത്താമത്തെ പ്രസിഡന്റായി സ്ഥാനമേറ്റ അനുര ദിസനായകെ ഇടതുപക്ഷ നേതാവാണ്. അനുരയുടെ പ്രതിനിധീകരിക്കുന്ന ജനത വിമുക്തി പെരമുന (ജെവിപി) ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ സ്ഥാപിതമായത് കമ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ സാമൂഹികമാറ്റം ലക്ഷ്യമിട്ടാണ്. 1971ലും 1987ലും ആയിരക്കണക്കിനു പേരുടെ ജീവൻ നഷ്ടപ്പെട്ട സായുധ കലാപങ്ങൾക്കു ജെവിപി നേതൃത്വം നൽകിയെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീടു ജെവിപി ജനാധിപത്യമാർഗത്തിലേക്കു മാറി. അനുര ജയിച്ചുകയറിയ ഈ തിരഞ്ഞെടുപ്പുവരെ ശ്രീലങ്കൻ രാഷ്ട്രീയത്തിലെ ശക്തരായ യുണൈറ്റഡ് നാഷനൽ പാർട്ടി (യുഎൻപി), ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്എൽഎഫ്പി) എന്നിവയുടെ നിഴലിൽ മൂന്നാം കക്ഷിയായി തുടരുകയായിരുന്നു ജെവിപി. 2019ൽ ഇടത് ആശയങ്ങൾ പിന്തുടരുന്ന കക്ഷികളുടെ കൂട്ടായ്മയായ നാഷനൽ പീപ്പിൾസ് പവർ അലയൻസിന് (എൻപിപി) അനുര രൂപം നൽകി. ജെവിപി മാർക്സിസ്റ്റ് പാർട്ടിയായി തുടർന്നപ്പോഴും എൻപിപി സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയായി വിശാല ജനപിന്തുണയ്ക്കു ശ്രമം തുടങ്ങി. 2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 3% വോട്ട് നേടാനേ അനുരയ്ക്കു കഴിഞ്ഞുള്ളു. പക്ഷേ, 2022ലെ സാമ്പത്തികത്തകർച്ച 2.2 കോടി ജനങ്ങളുള്ള ശ്രീലങ്കയുടെ രാഷ്ട്രീയരംഗമാകെ മാറ്റിമറിച്ചു. എൻപിപി പാർട്ടിയുടെ ശക്തമായ അഴിമതി വിരുദ്ധ പ്രതിച്ഛായ മുതലാക്കി അനുര പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റ് തിരഞ്ഞെടുപ്പ് നവംബർ 14നാണ്.
പ്രധാനമന്ത്രിയായി ഹരിണി; പ്രസിഡന്റാകാൻ വനിതകളില്ല!
പൗരാവകാശ പ്രവർത്തകയും സ്ത്രീവിമോചന പോരാളിയുമായ ഹരിണി അമരസൂര്യയാണ് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി. പുതിയ പ്രസിഡന്റ് അനുര ദിസനായകെയാണു 54 കാരിയായ ഹരിണിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. സർവകലാശാല അധ്യാപിക കൂടിയായ ഹരിണി ശ്രീലങ്കയിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു നിരവധി പേർ മത്സരിച്ചിട്ടും അതിൽ ഒരു വനിതാ മുഖം ഇല്ലാതെ പോയതും ശ്രദ്ധേയം.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ 38 സ്ഥാനാർഥികളാണുണ്ടായിരുന്നത്. വോട്ടവകാശമുള്ള 1.7 കോടി ജനങ്ങളിൽ 90 ലക്ഷം സ്ത്രീകളാണെങ്കിലും ഒരു വനിതാ സ്ഥാനാർഥി പോലും മത്സരരംഗത്തുണ്ടായിരുന്നില്ല. ശ്രീലങ്കയിൽ 1960ൽ പ്രധാനമന്ത്രിയായ സിരിമാവോ ബന്ദാരനായകെ ആ സ്ഥാനത്തെത്തുന്ന ലോകത്തെ ആദ്യ വനിതയായിരുന്നു. സിരിമാവോയുടെ മകൾ ചന്ദ്രിക കുമാരതുംഗെ ശ്രീലങ്കയുടെ ആദ്യ വനിതാ പ്രസിഡന്റ് ആയി 1994 മുതൽ 2005 വരെ രാജ്യം ഭരിച്ചു. എന്നാൽ, പിരിച്ചുവിടപ്പെട്ട 255 അംഗ പാർലമെന്റിൽ വനിതാ പ്രാതിനിധ്യം 5.3% മാത്രമായിരുന്നു.