ADVERTISEMENT

യൂറോപ്യൻ രാജ്യമായ നോർവേയിൽ സെപ്റ്റംബറിൽ റജിസ്റ്റർ ചെയ്ത ആകെ കാറുകളിൽ 96.4 ശതമാനവും ഇലക്ട്രിക് കാറുകൾ! 2025 ജനുവരി മുതൽ രാജ്യത്തു പുറത്തിറങ്ങുന്ന കാറുകൾ മുഴുവൻ ഇലക്ട്രിക് ആക്കാനുള്ള നോർവേ സർക്കാരിന്റെ നീക്കം വിജയത്തിലേക്കെന്ന് ഇതോടെ ഉറപ്പായി.

പെട്രോളും ഡീസലും പിന്നോട്ട്

സെപ്റ്റംബറിൽ നോർവേക്കാർ വാങ്ങിയ 12,966 കാറുകളിൽ 12,495 എണ്ണവും പൂർണ ഇലക്ട്രിക് കാറുകളാണ്. നോർവേയിലെ കാർ ഡീലർമാരിൽ ഭൂരിഭാഗം പേരും ഇലക്ട്രിക് കാറുകളുടെ മാത്രം വിൽപനയിലേക്കു മാറിക്കഴിഞ്ഞു. രാജ്യത്തെ ആകെ കാറുകളിൽ പെട്രോൾ കാറുകളെ മറികടന്ന് ഇലക്ട്രിക് കാറുകൾ ചുരുങ്ങിയ കാലയളവിൽ രണ്ടാമതുമെത്തി.

നോർവേയിലെ ആകെ പെട്രോൾ കാറുകളുടെ എണ്ണം 7,53,905 ആണ്. ഇലക്ട്രിക് കാറുകൾ 7,54,303. 9,99,715 എണ്ണമുള്ള ഡീസൽ കാറുകളാണ് ഒന്നാമതെങ്കിലും അവയുടെ എണ്ണം വളരെ വേഗം കുറഞ്ഞുകൊണ്ടിരിക്കുന്നു. ആഗോളതാപനം ഉയർത്തുന്ന ഭീഷണികളെത്തുടർന്ന് കാർബൺ ബഹിർഗമനം കുറയ്ക്കാനും ഹരിതോർജം പ്രോത്സാഹിപ്പിക്കാനുമുള്ള വിവിധ നയപരിപാടികൾ യൂറോപ്യൻ രാജ്യങ്ങൾ ദ്രുതഗതിയിൽ നടപ്പാക്കിവരികയാണ്.

ബദൽ വൈദ്യുതി മുന്നോട്ട്

നോർവേയിലെ വൈദ്യുതി ഉൽപാദനത്തിന്റെ 98 ശതമാനവും പുനരുപയോഗിക്കാവുന്ന ഉറവിടങ്ങളിൽനിന്നാണ്. ഇതിൽത്തന്നെ 90 ശതമാനവും ജലവൈദ്യുത പദ്ധതികളിൽ നിന്നുമാണ്. 2023ലെ കണക്കുപ്രകാരം 33,691 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള 1,769 ജലവൈദ്യുതി നിലയങ്ങളാണു നോർവേയിലുള്ളത്.

യൂറോപ്പിലെ 10 രാജ്യങ്ങൾ ആകെ വൈദ്യുതിയുടെ 10 ശതമാനത്തിലേറെയും സൗരോർജത്തിൽനിന്നാക്കിക്കഴിഞ്ഞു. വൈദ്യുതോൽപാദനത്തിന്റെ 23% സൗരോർജത്തിൽനിന്നുള്ള നെതർലൻഡ്സ് ആണ് ഒന്നാമത്. 27 അംഗങ്ങളുള്ള യൂറോപ്യൻ യൂണിയൻ (ഇയു) 2030 ആകുമ്പോഴേക്ക് ആകെ വൈദ്യുതി ഉൽപാദനത്തിന്റെ 68% ഹരിത ഉറവിടങ്ങളിൽനിന്നാക്കാനാണു ലക്ഷ്യമിടുന്നത്. ആണവോർജത്തിൽനിന്നുള്ള 18% കൂടിയാകുമ്പോൾ യൂറോപ്പിലെ ഫോസിൽ ഇന്ധനങ്ങളിൽനിന്നുള്ള വൈദ്യതി ഉൽപാദനം 14 ശതമാനത്തിലേക്കു ചുരുങ്ങും.

കൽക്കരി വൈദ്യുതി ഉപേക്ഷിച്ച് ബ്രിട്ടൻ

ലോകത്ത് വ്യവസായവിപ്ലവത്തിനു തുടക്കമിട്ട ബ്രിട്ടനിലെ അവസാന കൽക്കരി താപനിലയത്തിനും പൂട്ടു വീണു. 1968ൽ പ്രവർത്തനം തുടങ്ങിയ മധ്യ ഇംഗ്ലണ്ടിലെ റാറ്റ്ക്ലിഫ് ഓൺ സോർ താപനിലയമാണ് അടച്ചുപൂട്ടിയത്. ബ്രിട്ടനിൽ 142 വർഷമായുള്ള കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനത്തിനാണ് ഇതോടെ അവസാനമായത്. 1882ൽ ലണ്ടനിലാണ് എഡിസൻ ഇലക്ട്രിക് ലൈറ്റ് സ്റ്റേഷൻ എന്ന ലോകത്തെ ആദ്യ കൽക്കരി താപനിലയം പ്രവർത്തനമാരംഭിച്ചത്.

2030 ആകുമ്പോഴേക്ക് മുഴുവൻ വൈദ്യുതോൽപാദനവും പുനരുപയോഗിക്കാവുന്ന ഉറവിടങ്ങളിലേക്കു മാറ്റാനാണു ബ്രിട്ടിഷ് സർക്കാരും പദ്ധതിയിടുന്നത്. 1990ൽ ബ്രിട്ടന്റെ വൈദ്യതി ഉൽപ്പാദനത്തിൽ 80 ശതമാനവും കൽക്കരി താപനിലയങ്ങളിൽനിന്നായിരുന്നെങ്കിൽ 2012ൽ ഇത് 39 ശതമാനമായി കുറഞ്ഞു. 2023ൽ ഒരു ശതമാനമെത്തി. ഇപ്പോൾ പൂജ്യവും. 

English Summary:

Electric Cars in Norway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com