ക്ലാസിക്കൽ പദവിയിലേക്ക് 5 ഭാഷകൾ കൂടി, വയലാർ അവാർഡ് ‘കാട്ടൂർ കടവി’ലേക്ക്; അറിയാം പോയ വാര വിശേഷങ്ങൾ
Mail This Article
5 ഭാഷകൾക്ക് ശ്രേഷ്ഠഭാഷാ പദവി
ഇന്ത്യയിലെ 5 ഭാഷകൾക്ക് കൂടി ശ്രേഷ്ഠഭാഷാ (ക്ലാസിക്കൽ) പദവി നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ബംഗാളി, മറാഠി, അസമീസ്, പാലി, പ്രാകൃത് എന്നിവയാണു പുതിയ ശ്രേഷ്ഠഭാഷകൾ. ഇതോടെ രാജ്യത്തെ ക്ലാസിക്കൽ പദവിയുള്ള ഭാഷകളുടെ എണ്ണം 11 ആയി. മലയാളം, തമിഴ്, സംസ്കൃതം, തെലുങ്ക്, കന്നഡ, ഒഡിയ എന്നീ ഭാഷകൾക്കാണ് നിലവിൽ ക്ലാസിക്കൽ പദവിയുള്ളത്. 2013 മേയ് 23 നാണു മലയാളത്തിന് ഈ പദവി ലഭിച്ചത്. ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ തമിഴാണ്. 2004 ലാണു തമിഴിന് പദവി ലഭിച്ചത്.
വയലാർ അവാർഡ് അശോകൻ ചരുവിലിന്
ഈ വർഷത്തെ വയലാർ അവാർഡിന് കഥാകൃത്ത് അശോകൻ ചരുവിൽ അർഹനായി. ‘കാട്ടൂർ കടവ്’എന്ന നോവലിനാണു പുരസ്കാരം. ഒരു ലക്ഷം രൂപയാണു വയലാർ മെമ്മോറിയൽ ട്രസ്റ്റ് നൽകുന്ന അവാർഡ് തുക. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27നു പുരസ്കാരം സമ്മാനിക്കും. കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കായിരുന്നു മുൻ വർഷത്തെ വയലാർ അവാർഡ്. ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്കായിരുന്നു ബഹുമതി.