ചരിത്രമെഴുതി സ്പെയ്സ് എക്സിന്റെ 'ലോഹക്കൈകൾ’; അറിയാം പട്ടിണിയുടെ ആഗോള സൂചികകൾ; മിസ് ഇന്ത്യ കിരീടമണിഞ്ഞ് നിഖിത, വിശേഷങ്ങൾ ഇതാ ഇവിടെവരെ….
Mail This Article
വിക്ഷേപണചരിത്രത്തിൽ നാഴികക്കല്ല്
സ്പെയ്സ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് ഇതുവരെ നടത്തിയതിൽ ഏറ്റവും സാഹസികമായ പരീക്ഷണപ്പറക്കൽ ഒക്ടോബർ 13നു പൂർത്തിയാക്കി. പറന്നുയർന്ന് 7 മിനിറ്റിനു ശേഷം ഭൂമിയിലേക്കു തിരിച്ചുകുതിച്ച റോക്കറ്റിന്റെ ബൂസ്റ്റർ ഭാഗം കടലിൽ പതിക്കുന്നതിനു പകരം വിക്ഷേപണകേന്ദ്രത്തിൽതന്നെ പിടിച്ചെടുത്താണു സ്പെയ്സ് എക്സ് ചരിത്രമെഴുതിയത്. 71 മീറ്റർ നീളമുള്ള ബൂസ്റ്റർ കൃത്യതയോടെ വിക്ഷേപണകേന്ദ്രത്തിലെ ടവറിൽ ഒരുക്കിനിർത്തിയ ‘ലോഹക്കൈകളി’ൽ ഭദ്രമായി ഒതുങ്ങി.
പട്ടിണിയുടെ ആഗോളതല സൂചികകൾ
ഈ വർഷത്തെ ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്– ജിഎച്ച്ഐ) ബെലാറൂസ്, ബോസ്നിയ, ചിലെ, ചൈന, കോസ്റ്ററിക്ക എന്നിവ പട്ടിണി കുറഞ്ഞ ആദ്യ രാജ്യങ്ങളായി. സൊമാലിയ, യെമൻ, ചാഡ്, മഡഗാസ്കർ, കോംഗോ എന്നിവയാണ് കടുത്ത പട്ടിണി നേരിടുന്ന രാജ്യങ്ങളായി അവസാന അഞ്ചാം സ്ഥാനത്തുള്ള രാജ്യങ്ങൾ. 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ്. കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111–ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
മിസ് ഇന്ത്യ കിരീടം ചൂടി നിഖിത പർവാൽ
ഈ വർഷത്തെ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ നിഖിത പർവാൽ കിരീടം സ്വന്തമാക്കി. 30 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളിൽ നിന്നാണു മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശിനിയായ നിഖിത മിസ് ഇന്ത്യ വേൾഡ് പട്ടം ചൂടിയത്. ദാദ്ര നാഗർ ഹവേലിയിൽ നിന്നുള്ള രേഖ പാണ്ഡെ രണ്ടാം സ്ഥാനം നേടി. മുംബൈയാണു മിസ് ഇന്ത്യ മത്സരത്തിന്റെ 60–ാം പതിപ്പിനു വേദിയായത്. അടുത്ത മിസ് വേൾഡ് മത്സരത്തിൽ നിഖിത ഇന്ത്യയെ പ്രതിനിധീകരിക്കും.