ADVERTISEMENT

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പെന്ന് അറിയപ്പെട്ടതാണ് ഇക്കൊല്ലത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അഭിപ്രായ സർവേകളെ കാറ്റിൽപ്പറത്തി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് മിന്നുംജയം നേടിയപ്പോൾ അതുമൊരു ചരിത്രമായി. ഇഞ്ചോടിഞ്ച് പോരാട്ടമെന്നും ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിനു നേരിയ മുൻതൂക്കമെന്നുമൊക്കെയുള്ള അവസാനനിമിഷ വിലയിരുത്തലുകളെ, യുഎസിലെങ്ങും ആഞ്ഞടിച്ച ട്രംപ് തരംഗം കടപുഴക്കി. 312 ഇലക്ടറൽ വോട്ടുകൾ ട്രംപ് നേടിയപ്പോൾ കമലയ്ക്ക് 226 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളു. 270 ഇലക്ടറൽ വോട്ടുകളാണ് ഭൂരിപക്ഷം നേടാൻ വേണ്ടിയിരുന്നത്.

പോളിങ്ങിൽ ഇടിവ്

ട്രംപും കമലയും കൊണ്ടുപിടിച്ചു പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പ് ആയിരുന്നെങ്കിലും പോളിങ് ശതമാനം 2020ലെ തിരഞ്ഞെടുപ്പിനേക്കാൾ കുറവായിരുന്നു. 64.52 ശതമാനമാണ് ഇത്തവണത്തെ പോളിങ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത് 66.38 ശതമാനമായിരുന്നു. അമേരിക്കയിലെ 50 സ്റ്റേറ്റുകളിൽ 45 എണ്ണത്തിലും ഇത്തവണ പോളിങ് കുറഞ്ഞു. 76.53 ശതമാനം രേഖപ്പെടുത്തിയ മിനസോഡ സ്റ്റേറ്റിലാണ് ഏറ്റവും ഉയർന്ന പോളിങ് നടന്നത്. 53.28 ശതമാനമുള്ള ഓക്‌ലഹോമയാണ് ഏറ്റവും കുറവു പോളിങ് രേഖപ്പെടുത്തിയ സ്റ്റേറ്റ്.

ട്രംപിന്റെ വാഗ്ദാനങ്ങൾ

അഞ്ച് പ്രധാന വാഗ്ദാനങ്ങളിലൂന്നിയായിരുന്നു ട്രംപിന്റെ പ്രചാരണം. അനധികൃത കുടിയേറ്റം തടയും, വിലക്കയറ്റം നിയന്ത്രിക്കും, പുറംജോലി കരാർ അവസാനിപ്പിച്ച് ഉൽപാദനരംഗം ശക്തമാക്കും, യൂറോപ്പിലും മധ്യപൂർവദേശത്തും സമാധാനം ഉറപ്പാക്കും, ഗർഭഛിദ്രം നിയമവിരുദ്ധമാക്കും തുടങ്ങിയവ. വോട്ടർമാരിൽ വലിയൊരു വിഭാഗത്തിന് ഇവ സ്വീകാര്യമായി എന്ന് തിരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നു. ഗർഭഛിദ്രത്തെ എതിർക്കുന്ന നയമായിരുന്നിട്ടും വനിതകളുടെ പിന്തുണ ട്രംപിനു ക്രമേണ വർധിച്ചുവരികയാണ്. 2016ൽ 41 ശതമാനമായിരുന്ന വനിതാപിന്തുണ 2020ൽ 42 ശതമാനമായും 2024ൽ 45 ശതമാനമായും വർധിച്ചു. അതേസമയം, 2020ലെ തിരഞ്ഞെടുപ്പിൽ 57% വനിതകൾ ഡമോക്രാറ്റിക് സ്ഥാനാർഥിയെ പിന്തുണച്ചെങ്കിൽ ഇത്തവണ അത് 53 ശതമാനമായി കുറ‍ഞ്ഞു. കമലയുടെ പരാജയത്തിന് അതും കാരണമായി.

പ്രസിഡന്റുമാരുടെ

സ്വന്തം വെർജീനിയ!

അമേരിക്കയിലെ സ്റ്റേറ്റുകളിൽ വെർജീനിയയിൽനിന്നാണ് ഏറ്റവും കൂടുതൽ പ്രസിഡന്റുമാരുണ്ടായിട്ടുള്ളത്–8 പേർ. ഒഹായോയിൽനിന്ന് 7 പ്രസിഡന്റുമാരുണ്ടായി. ട്രംപിന്റെ സംസ്ഥാനമായ ന്യൂയോർക്ക് 5 പ്രസിഡന്റുമാരുമായി മൂന്നാം സ്ഥാനത്താണ്. മാസച്യുസിറ്റ്സിൽനിന്ന് 4 പ്രസിഡന്റുമാർ ഇതുവരെ വന്നു.

2025 ജനുവരിയിൽ സ്ഥാനമേൽക്കുമ്പോൾ 78 വയസ്സുള്ള ട്രംപ്, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആയിരിക്കും. 42 വയസ്സിൽ പ്രസിഡന്റായ തിയഡോർ റൂസ്‌വെൽറ്റ് ആണ് ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്റ്. 40 വയസ്സുള്ള ജെ.ഡി.വാൻസ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വൈസ് പ്രസിഡന്റാണ്.

ബിസിനസുകാരിൽനിന്നു പ്രസിഡന്റ് ആയത് ട്രംപ് മാത്രമല്ല. ആറു പ്രസിഡന്റുമാർകൂടി വിവിധ ബിസിനസ് മേഖലയിൽനിന്ന് എത്തിയവരാണ്. വാറെൻ ഹാർഡിങ് (മാധ്യമരംഗം), ജിമ്മി കാർട്ടർ (കൃഷി), ഹെർബർട്ട് ഹൂവർ (ഖനനം), ജോർജ് ബുഷ് സീനിയർ (പെട്രോളിയം), ജോർജ് ബുഷ് ജൂനിയർ (പെട്രോളിയം), ഹാരി എസ്.ട്രൂമാൻ (ഖനനം, പെട്രോളിയം) എന്നിവരാണവർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com