ADVERTISEMENT

കൊളോണിയൽ ഭരണകാലത്തെ ക്രൂരതകൾ ഫ്രാൻസിനെ വീണ്ടും വീണ്ടും വേട്ടയാടുകയാണ്. ഏറ്റവും ഒടുവിൽ, പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലും തങ്ങളുടെ പഴയകാല ഭരണാധികാരികളുടെ നേരെ തിരിഞ്ഞിരിക്കുന്നു.

തിയറോയേ കൂട്ടക്കൊല

രണ്ടാം ലോകയുദ്ധകാലത്ത് നൂറുകണക്കിനു സെനഗൽ പട്ടാളക്കാരെ ഫ്രഞ്ച് സൈന്യം വധിച്ചതിന്റെ എൺപതാം വാർഷികമായിരുന്നു ഡിസംബർ ഒന്നിന്. തങ്ങളുടെ പൗരൻമാരെ കൊലപ്പെടുത്തിയതിന് ഫ്രാൻസ് മാപ്പുപറയണമെന്നാണു സെനഗലിന്റെ ഇപ്പോഴത്തെ ആവശ്യം. കൂട്ടക്കൊലയുടെ ഓർമ നിലനിർത്താനായി 2025 ഏപ്രിൽവരെ രാജ്യവ്യാപകമായി വലിയ പരിപാടികൾ ഭരണകൂടം സംഘടിപ്പിച്ചിട്ടുണ്ട്.

തിയറോയേ കൂട്ടക്കൊല എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. സെനഗൽ തലസ്ഥാനമായ ഡാക്കറിനു സമീപമുള്ള ചരിത്രനഗരമാണ് തിയറോയേ. ഫ്രാൻസിനുവേണ്ടി യുദ്ധം ചെയ്തതിന്റെ വേതനം ആവശ്യപ്പെട്ട നൂറുകണക്കിനു സെനഗൽ പട്ടാളക്കാരെ 1944 ഡിസംബർ ഒന്നിനാണ് തിയറോയേയിൽ ഫ്രഞ്ച് സൈന്യം കൂട്ടക്കൊല ചെയ്തത്. നിരായുധരായ ഇവരെ വെടിവച്ചു കൊല്ലുകയായിരുന്നു. നാനൂറിലേറെപ്പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്.

ഫ്രഞ്ച് വിരുദ്ധത

പശ്ചിമ ആഫ്രിക്കയിലെ മുൻ കോളനി രാജ്യങ്ങളിലെല്ലാം ഫ്രഞ്ച് വിരുദ്ധ വികാരം അലയടിക്കുകയാണ്. നൈജർ, മാലി, ബുർക്കിനഫാസോ തുടങ്ങിയ രാജ്യങ്ങളിൽ സർക്കാർ സേനയോടൊപ്പം ചേർന്ന് തീവ്രവാദവിരുദ്ധ പോരാട്ടം നടത്തിവരികയായിരുന്ന ഫ്ര‍ഞ്ച് സൈന്യത്തെ അവിടങ്ങളിൽനിന്നു പുറത്താക്കിയിരുന്നു. ഫ്രാൻസിന്റെ വലിയ സൈനിക സാന്നിധ്യമുള്ള ചാഡും ഫ്രാൻസുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുന്ന കരാർ ഒപ്പിട്ടു. സെനഗലിൽ നിലവിൽ 350 ഫ്രഞ്ച് സേനാംഗങ്ങളുണ്ട്. അവരുടെ സാന്നിധ്യം സെനഗൽ ആഗ്രഹിക്കുന്നില്ലെന്നാണ് പ്രസിഡന്റ് ഫായേ ഈയിടെ സൂചിപ്പിച്ചത്.

കലാപമെന്ന് ഫ്രാൻസ്;

കൂട്ടക്കൊലയെന്ന് ചരിത്രം

1914–18 കാലത്തെ ഒന്നാം ലോകയുദ്ധത്തിലും 1939–45 കാലത്തെ രണ്ടാം ലോകയുദ്ധത്തിലും പശ്ചിമ ആഫ്രിക്കയിലെ ഫ്രഞ്ച് കോളനികളിൽനിന്നുള്ളവരെ നിർബന്ധിച്ച് ഫ്രാൻസിനുവേണ്ടി യുദ്ധം ചെയ്യാൻ എത്തിക്കുക പതിവായിരുന്നു. മതിയായ വേതനവും സൗകര്യങ്ങളും ഇവർക്കു കൊടുത്തിരുന്നില്ല. കലാപത്തിനു ശ്രമിച്ച 35 സെനഗൽ പട്ടാളക്കാർ കൊല്ലപ്പെട്ടെന്നായിരുന്നു ഫ്രഞ്ച് നിലപാട്. എന്നാൽ, ഫ്രാൻസിലെയും സെനഗലിലെയും സ്വതന്ത്ര ചരിത്രകാരൻമാർ നടത്തിയ അന്വേഷണത്തിൽ നാനൂറിലേറെപ്പേർ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തി.

തിയറോയേ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോ സെനഗൽ പ്രസിഡന്റ് ഡിയോമയേ ഫയേക്ക് അയച്ച കത്തിൽ, കൂട്ടക്കൊല നടന്നുവെന്ന് അംഗീകരിച്ചിരുന്നു. പക്ഷേ, മക്രോയുടെ എഴുത്തിലെ വാചകങ്ങൾ കൊളോണിയൽ ഹുങ്ക് നിറഞ്ഞതാണെന്ന വിമർശനം സെനഗലിൽ ഉയർന്നു. ഫ്രഞ്ച് സൈനികരും സെനഗൽ തോക്കുധാരികളും തമ്മിൽ സംഘർഷം ഉടലെടുത്തെന്നും അതിന്റെ ഭാഗമായുണ്ടായ സംഭവങ്ങൾ ആൾനാശത്തിലെത്തിയെന്നുമാണു മക്രോ എഴുതിയത്. എത്ര പേർ കൊല്ലപ്പെട്ടെന്ന് അദ്ദേഹം സൂചിപ്പിച്ചുമില്ല.

ഫ്രഞ്ച് സൈനികരും സെനഗൽ പട്ടാളക്കാരും തമ്മിൽ സംഘർഷമുണ്ടായെന്ന വാദം ചരിത്രകാരൻമാർ തള്ളുന്നു. നിരായുധരായ സെനഗൽ പൗരൻമാരെ ഫ്രഞ്ച് സൈന്യം ക്രൂരമായി വെടിവച്ചു കൊല്ലുകതന്നെയായിരുന്നെന്നാണ് അവർ പറയുന്നത്. 

English Summary:

Current Affairs: Thiaroye Massacre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com