കരുതലിന്റെ നിയമം @ 100; വർക്ക് മെൻസ് കോംപൻസേഷൻ ആക്ടിന് 100 വയസ്സ്
Mail This Article
തൊഴിലാളി നഷ്ടപരിഹാര നിയമം നിലവിൽ വന്നിട്ട് 100 വർഷം. തൊഴിലാളികൾക്ക് ജോലിക്കിടെ ഉണ്ടാകുന്ന അപകടത്തിനും മറ്റും നഷ്ടപരിഹാരം നൽകുന്ന നിയമമാണ് വർക്ക് മെൻസ് കോംപൻസേഷൻ ആക്ട് 1923. 1923 മാർച്ച് 5 നാണു തൊഴിലാളി നഷ്ടപരിഹാര ബില്ലിന് അംഗീകാരം ലഭിച്ചത്. 1924 ജൂലൈ ഒന്നിനു രാജ്യത്ത് ഈ നിയമം നിലവിൽ വന്നു.
തൊഴിൽ ചെയ്യുന്ന അവസരത്തിൽ തൊഴിലാളികൾ മരണമടയുകയോ അപകടത്തിൽപ്പെടുകയോ ചെയ്താൽ അവരുടെ അവകാശികൾക്കും അപകടത്തിൽപ്പെടുന്ന തൊഴിലാളിക്കും നഷ്ടപരിഹാരം നൽകണമെന്ന് നിയമം അനുശാസിക്കുന്നു. അപകടകരമായ ജോലികൾക്കും പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ ഫാക്ടറികൾക്കും സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്.
പാർട്ട് ടൈം, താൽക്കാലിക ജീവനക്കാരും ഈ നിയമ പരിരക്ഷയിൽ ഉൾപ്പെടുന്നുണ്ട്. തൊഴിൽ സ്ഥാപനങ്ങളിൽ ജീവനക്കാർക്കുണ്ടാകുന്ന പരിക്കുകളും തുടർന്നുണ്ടാകുന്ന വൈകല്യങ്ങളും മരണവും വർധിച്ചുവന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിലവിൽ വന്ന ആദ്യത്തെ സാമൂഹിക സുരക്ഷാ നടപടി കൂടിയാണ് ഈ നിയമം.