ബാങ്ക് ജോലിയാണോ ലക്ഷ്യം? ബിരുദം മതി, എസ്ബിഐയിൽ ക്ലാർക്കാകാം; 8,540 അവസരം
Mail This Article
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്‌തികയിൽ 8,540 ഒഴിവ്. ഡിസംബർ 7 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ബാക്‌ലോഗ് വേക്കൻസി ഉൾപ്പെടെ കേരളത്തിൽ 58 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം.
∙ശമ്പളം: 17,900–47,920.
∙യോഗ്യത (2023 ഡിസംബർ 31ന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യം.
∙പ്രായം: 2023 ഏപ്രിൽ ഒന്നിന് 20–28 (പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്).
∙തിരഞ്ഞെടുപ്പ്: ഓൺലൈൻ രീതിയിൽ പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ടാകും. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി ഓൺലൈൻ പരീക്ഷ ജനുവരിയിലാകും. ഇംഗ്ലിഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ എബിലിറ്റി, റീസനിങ് എബിലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളുണ്ടാകും. കേരളത്തിൽ കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. ചോദ്യങ്ങൾ മലയാളത്തിലും ലഭിക്കും.
ഫെബ്രുവരിയിൽ നടക്കുന്ന മെയിൻ പരീക്ഷയും ഒബ്‌ജെക്‌ടീവ് മാതൃകയിലാണ്. പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് തലം വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ്/സർട്ടി ഫിക്കറ്റ്) പഠിച്ചതായി രേഖ ഹാജരാക്കുന്നവർക്ക് ഇതു ബാധകമല്ല. തിരഞ്ഞെടുക്ക പ്പെടുന്നവർക്ക് 6 മാസം പ്രൊബേഷൻ.
∙ഫീസ്: 750 രൂപ (പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർക്കു ഫീസില്ല). ഓൺ ലൈൻ രീതിയിലൂടെ ഫീസ് അടയ്‌ക്കണം (ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് മുഖേന). www.bank.sbi, www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കാനും പരീക്ഷ സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങളും നിർദേശങ്ങളും വെബ്‌സൈറ്റിൽ.