എൽഡിസി, എൽജിഎസ്: നിയമിക്കാൻ മടിയെന്തേ?
Mail This Article
സുപ്രധാന തസ്തികകളായ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് എന്നിവയിലെ നിയമനങ്ങൾ ഊർജിതമാക്കാൻ വിവിധ സർക്കാർ വകുപ്പുകൾ കാണിക്കുന്ന ലാഘവ സമീപനം ഉദ്യോഗാർഥികളെ നിരാശരാക്കുന്നതാണ്. രണ്ടു ലിസ്റ്റുകൾക്കും ഇനി ഒരു വർഷത്തിൽ താഴെ മാത്രമാണ് കാലാവധിയുള്ളത്. ഈ സമയത്തിനുള്ളിൽ പരമാവധി ഒഴിവ് റിപ്പോർട്ട് ചെയ്ത് റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരുടെ ആശങ്കയകറ്റാൻ കഴിയണം.
2022 ഓഗസ്റ്റ് ഒന്നിനാണ് എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. മെയിൻ ലിസ്റ്റിൽ 11,968, സപ്ലിമെന്ററി ലിസ്റ്റിൽ 10,553, ഭിന്നശേഷി ലിസ്റ്റിൽ 997 എന്നിങ്ങനെ 23,518 പേരാണു വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടത്. ഇതിൽ പകുതി പ്പേർക്കുപോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നതിൽ നിയന്ത്രണം വന്നു. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുമില്ല. വിവിധ വകുപ്പുകളിലെ സ്ഥാനക്കയറ്റ നടപടികൾ കൃത്യമായി പൂർത്തിയാക്കാത്തതിനാൽ എൻട്രി കേഡർ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ വൈകുന്നു. നിയമനം കുറയാൻ ഇതൊക്കെ കാരണമാണ്. അടുത്ത ജൂലൈ 31ന് എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ അവസാനിക്കും.
2022 ജൂലൈ 18നു നിലവിൽ വന്ന ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റുകൾ അടുത്ത ജൂലൈ 17ന് അവസാനിക്കും. മെയിൻ ലിസ്റ്റിൽ 8,154, സപ്ലിമെന്ററി ലിസ്റ്റിൽ 7,397, ഭിന്നശേഷി ലിസ്റ്റിൽ 676 എന്നിങ്ങനെ 16,227 പേരാണ് 14 ജില്ലകളിലായുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഈ ലിസ്റ്റിലും പകുതി പേർക്കുപോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല. മുൻപൊക്കെ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ധാരാളം എൻജെഡി ഒഴിവുണ്ടാകുമായിരുന്നു. ബിരുദധാരികളെ ഈ തസ്തികയിൽനിന്നു വിലക്കിയതിനാൽ ഇപ്പോൾ നിയമന ശുപാർശ ലഭിക്കുന്ന ഭൂരിഭാഗം പേരും ജോലിയിൽ പ്രവേശിക്കുകയാണ്. പല വകുപ്പുകളിലും താൽക്കാലിക നിയമനം നടത്തുന്നതും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു തിരിച്ചടിയാണ്.
എൽഡിസി, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ച് പരീക്ഷാനടപടികൾ ആരംഭിച്ചതിനാൽ നിലവിലുള്ള ലിസ്റ്റുകളുടെ കാലാവധി പൂർത്തിയാകുന്നതിന്റെ തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റുകൾ നിലവിൽ വരും. ഇനിയൊരു പിഎസ്‌സി പരീക്ഷ എഴുതാൻ പ്രായപരിധിയില്ലാത്തവരുടെ അവസാന അവസരമെങ്കിലും ഇല്ലാതാക്കരുത്.