ADVERTISEMENT

മലബാറിലെ ഏറ്റവും തിരക്കേറിയ ഐടി ആവാസവ്യവസ്ഥ കോഴിക്കോട്ടാണ്. ഗവ. സൈബർപാർക്കും യുഎൽ സൈബർപാർക്കും ഹൈലൈറ്റ് ബിസിനസ് പാർക്കുമടക്കമുള്ള ഇടങ്ങളിലെ ജീവനക്കാർക്ക് ജോലിസമ്മർദം കുറയ്ക്കാൻ ഒരിടമുണ്ട്. മാനസിക സമ്മർദങ്ങളുടെ വാർത്തകൾക്കിടയിൽ ഇതാ ഒരു പോസിറ്റീവ് വൈബ്...

മൾട്ടി നാഷനൽ കമ്പനിയിലെ ജോലിസമ്മർദം താങ്ങാനാവാതെ കൊച്ചി സ്വദേശിനി ഹൃദയാഘാതം വന്നു മരിച്ച വാർത്ത എല്ലാവരെയും ഞെട്ടിച്ചതാണ്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് കേന്ദ്രതൊഴിൽ മന്ത്രി ശോഭ കരന്തലജെ പ്രഖ്യാപിച്ചുകഴിഞ്ഞു.

കോഴിക്കോട് കേന്ദ്രീകരിച്ച് ഐടി കമ്പനികളും വിദേശകമ്പനികളും പ്രവർത്തനം വിപുലപ്പെടുത്തുന്ന കാലമാണിത്. ഗവ. സൈബർ പാർക്ക്, യുഎൽ‍ സൈബർപാർക്ക്, ഹൈലൈറ്റ് തുടങ്ങി ഒട്ടേറെ കമ്പനികൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

it-job2

ജോലിസാഹചര്യത്തിലെ സമ്മർദങ്ങളെ അതിജീവിക്കാൻ ഐടി അടക്കമുള്ള മേഖലകളിലെ ജീവനക്കാർക്ക് എന്തൊക്കെ ചെയ്യാൻ കഴിയും. ഇക്കാര്യത്തിലും കോഴിക്കോട്ടെ സൈബർലോകത്തിന് മനോഹരമായൊരു മാതൃക ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനുണ്ട്.

പാലാഴിയിലെ ഗവ. സൈബർപാർക്കിലേക്ക് പോയിനോക്കൂ. ആരവങ്ങൾ ഉയരുന്നതു കേൾക്കാം. അവിടെ ആവേശകരമായ സൈബർ ക്രിക്കറ്റ് ലീഗ് നടന്നു കൊണ്ടിരിക്കുകയാണ്. കോഴിക്കോട്ടെ ഐടി കമ്പനികളുടെ ട്വന്റി20 മത്സരം. 12 ഫ്രാഞ്ചൈസികളാണ് പരസ്പരം പോരാടുന്നത്. ഗവ. സൈബർപാർക്കിലെയും യുഎൽ സൈബർപാർക്കിലെയും സ്റ്റാർടപ് കേന്ദ്രത്തിലെയും കോഴിക്കോട്ടെ മറ്റ് ഐടി കമ്പനികളിലെയും ജീവനക്കാരാണ് സജീവമായി ക്രിക്കറ്റ് കളിക്കുന്നത്. എല്ലാദിവസവും രാത്രി ഏഴര മുതൽ പതിനൊന്ന് വരെ ഐടി ജീവനക്കാർ ബാറ്റുംബോളുമെടുത്ത് കളിക്കാനിറങ്ങുകയാണ്.

ഏതാനും മാസങ്ങൾക്കുമുൻപാണ് ഇവിടെ ഫുട്ബോൾ ടൂർണമെന്റ് നടത്തിയത്. വൻആവേശത്തോടെയാണ് ഐടിജീവനക്കാർ ഫുട്ബോൾ ടൂർണമെന്റിനെയും ഏറ്റെടുത്തത്.

ക്രിക്കറ്റ് ലീഗും ഫുട്ബോൾ ടൂർണമെന്റും നടത്താൻ സ്ഥലമെവിടെ എന്നാണ് ചോദ്യമെങ്കിൽ അതിനും കോഴിക്കോട്ട് ഉത്തരമുണ്ട്. സഹ്യ സ്പോർട്സ് അരീന എന്ന പേരിൽ‍ ഇവിടെ നിർമിച്ച പുത്തൻ ടർഫുകൾ ഐടി ജീവനക്കാർക്കായി തുറന്നിട്ടിരിക്കുകയാണ്.

ജീവനക്കാരുടെ ക്ഷേമപദ്ധതികളുടെ ഭാഗമായാണ് സ്പോർട്സ് അരീന തുടങ്ങാൻ സൈബർപാർക്ക് തീരുമാനിച്ചത്. രണ്ട് ഫൈവ്സ് ഫുട്ബോൾ ടർഫ്, സെവൻസ് ഫുട്ബോൾ ടർഫ്, ബാസ്കറ്റ് ബോൾ ടർഫ്, രണ്ട് ഷട്ടിൽ ബാഡ്മിന്റൻ കോർട്ടുകൾ എന്നിവയാണ് സ്പോർട്സ് അരീനയിൽ ഒരുക്കിയിട്ടുള്ളത്. ഐടി കമ്പനികളിലെ ജീവനക്കാർക്കു മാത്രമായാണ് ഈ സൗകര്യം.

English Summary:

IT Job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com