ADVERTISEMENT

ഉദ്യോഗാർഥികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ എൽഡി ക്ലാർക്ക് പരീക്ഷകൾക്ക് ഈയാഴ്ച തുടക്കം. ജൂലൈ 27നു തിരുവനന്തപുരം ജില്ലയിലാണ് ആദ്യ പരീക്ഷ. ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെയാണു പരീക്ഷ.

കൺഫർമേഷൻ നൽകിയവർക്കു പ്രൊഫൈലിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഇത് എ4 സൈസ് പേപ്പറിൽ പ്രിന്റ് എടുക്കണം. ഇതോടൊപ്പം ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. മുൻപ് തിരിച്ചറിയൽ രേഖയുടെ ഫോട്ടോ കോപ്പി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ഒറിജിനൽ മാത്രം കൈയിൽ കരുതിയാൽ മതി.

ഹാൾ ടിക്കറ്റ് വൈകി

ജൂലൈ 12ന് പ്രൊഫൈലിൽനിന്നു ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്നാണു പിഎസ്‌സി വ്യക്തമാക്കിയതെങ്കിലും പിന്നെയും 5 ദിവസം കഴിഞ്ഞ് 17നാണു തിരുവനന്തപുരം ജില്ലയിൽ ഹാൾ ടിക്കറ്റ് ലഭ്യമാക്കിയത്. മറ്റു തസ്തികകളിൽ പരീക്ഷയ്ക്ക് 14 ദിവസം മുൻപ് കൃത്യമായി ഹാൾ ടിക്കറ്റ് ലഭ്യമാക്കാറുളള പിഎസ്‌സി സുപ്രധാന തസ്തികയായ എൽഡി ക്ലാർക്കിൽ ഈ കൃത്യത മറന്നു.

ബയോമെട്രിക് സജ്ജം

ആൾമാറാട്ടം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയാൻ പരീക്ഷാഹാളിൽ ബയോമെട്രിക് പരിശോധന ഉണ്ടാകും. ബയോമെട്രിക് ഉപകരണത്തിൽ ഉദ്യോഗാർഥിയുടെ വിരൽ വച്ചാണു പരിശോധന നടത്തുക.

അസാധുവാകരുത്

ഉദ്യോഗാർഥികളുടെ ശ്രദ്ധക്കുറവു കാരണം ചില സാഹചര്യങ്ങളിൽ ഉത്തരക്കടലാസുകൾ അസാധുവാകാറുണ്ട്. മുൻപൊക്കെ റജിസ്റ്റർ നമ്പർ തെറ്റായി രേഖപ്പെടുത്തിയ കാരണത്താലായിരുന്നു കൂടുതൽ അസാധു. എന്നാൽ, ഇപ്പോൾ ഉദ്യോഗാർഥിയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ഉത്തരക്കടലാസിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തലുകൾ നടത്തുന്ന കാരണത്താലാണ് അസാധു ഉയരുന്നത്.

ഒരു ഉത്തരക്കടലാസ് രണ്ടു തവണ ഒഎംആർ സ്കാനർ വഴി മൂല്യനിർണയം നടത്തുന്നുണ്ട്.

ഇതിനു കഴിയാത്ത ഉത്തരക്കടലാസുകൾ മാനുവൽ രീതിയിൽ മൂല്യനിർണയം നടത്തും.

അസാധു: കാരണങ്ങൾ

∙ഉത്തരക്കടലാസിന്റെ പാർട് എയിൽ റജിസ്റ്റർ നമ്പർ തെറ്റായി എഴുതുകയും തെറ്റായി ബബിൾ ചെയ്യുകയും ചെയ്യുക.

∙ചോദ്യ പേപ്പറിന്റെ ആൽഫാ കോഡ് ബബിൾ ചെയ്ത ഉത്തരക്കടലാസാണു പരീക്ഷയിൽ ലഭ്യമാക്കുന്നത്. ഉദ്യോഗാർഥികൾ ഈ ആൽഫാ കോഡ് ബബിൾ ചെയ്യേണ്ട. ഒന്നിലധികം ആൽഫാ കോഡ് ബബിൾ ചെയ്താൽ മൂല്യനിർണയം നടക്കാതെ വരും. പ്രീ ബബിൾഡ് ആൽഫാ കോഡിൽ കേടു വരുത്തിയാൽ ഉത്തരക്കടലാസ് അസാധുവാകും.

∙ഉത്തരക്കടലാസിന്റെ എ പാർട്ടോ ബി പാർട്ടോ ഇൻവിജിലേറ്റർക്കു കൈമാറാതിരിക്കുക.

∙പരീക്ഷാഹാളിൽ ഇരിപ്പിടം മാറിയിരുന്നു പരീക്ഷ എഴുതുക.

∙പരീക്ഷാഹാളിൽ ലഭിക്കുന്ന ഒപ്പു രേഖപ്പെടുത്തേണ്ട പട്ടികയിൽ ഒപ്പു രേഖപ്പെടുത്താതിരിക്കുക.

∙മറ്റൊരു ഉദ്യോഗാർഥിയുടെ പേരിനു നേരേ ഒപ്പു രേഖപ്പെടുത്തുക (സമാനമായ പേര് ഉള്ളവരും പട്ടികയിൽ ഉണ്ടാകും. വിലാസവും ജനനത്തീയതിയും ഫോട്ടോയും നോക്കി ഉറപ്പുവരുത്തിയശേഷം ഒപ്പു രേഖപ്പെടുത്തുക)

∙ആൾമാറാട്ടം നടത്തിയതായി കണ്ടെത്തുക.

∙ഉത്തരക്കടലാസിൽ ഉദ്യോഗാർഥിയെ തിരിച്ചറിയാൻ കഴിയുന്ന അടയാളങ്ങളോ മറ്റു രേഖപ്പെടുത്തലുകളോ വരുത്തുക (ചിലർ പേര്, ഒപ്പ്, ജനനത്തീയതി, മറ്റ് അടയാളപ്പെടുത്തലുകൾ തുടങ്ങിയവ ഉത്തരക്കടലാസിൽ രേഖപ്പെടുത്താറുണ്ട്. റജിസ്റ്റർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അനുവദിച്ച സ്ഥലത്തു മാത്രമേ േരഖപ്പെടുത്താവൂ)

∙അനുവദനീയമല്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരികയോ ഉപയോഗിക്കുകയോ ചെയ്യുക.

∙അഡ്മിഷൻ ടിക്കറ്റിലെ ഫോട്ടോയിൽ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ ഇല്ലാതിരിക്കുക.

∙നീല/കറുപ്പ് നിറത്തിലെ ബോൾ പോയിന്റ് പേന ഉപയോഗിച്ചല്ലാതെ മറ്റു വിധത്തിൽ ബബിൾ ചെയ്യുക.

∙ഉത്തരക്കടലാസിന്റെ എ, ബി പാർട്ടുകൾ ഒരു ബാർകോഡിന്റെ മധ്യഭാഗത്തുകൂടിയാണ് വേർപെടുത്തേണ്ടത്. ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ ബാർകോഡ് വികൃതമാകും. ഉത്തരക്കടലാസ് അസാധുവാകുകയും ചെയ്യും.

∙ഒരു ചോദ്യത്തിനും ഉത്തരം രേഖപ്പെടുത്താതിരിക്കുക.

ആദ്യ ഘട്ടത്തിൽ 607 പരീക്ഷാകേന്ദ്രം

∙14 ജില്ലയിലും കേന്ദ്രങ്ങൾ

തിരുവനന്തപുരം ജില്ലയിലെ 1,74,344 അപേക്ഷകരിൽ 1,39,187 പേർ കൺഫർമേഷൻ നൽകിയിട്ടുണ്ട്. 35,157 അപേക്ഷ അസാധുവായി.

607 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. മറ്റു ജില്ലകളിലെല്ലാം ഒാരോ പരീക്ഷാകേന്ദ്രമാണുള്ളത്. വനിതകൾക്കും ഭിന്നശേഷിയുള്ളവർക്കും ലഭ്യതയ്ക്കനുസരിച്ച് സ്വന്തം താലൂക്കിൽതന്നെ പരീക്ഷാകേന്ദ്രം ക്രമീകരിച്ചിട്ടുണ്ട്.

∙ആദ്യ ഘട്ടത്തിൽ വിവിധ ജില്ലകളിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണം: തിരുവനന്തപുരം–63,330, കൊല്ലം–37,900, കോട്ടയം–15,905, ആലപ്പുഴ–12,770, പത്തനംതിട്ട–8,312, വയനാട്–188, എറണാകുളം–124, പാലക്കാട്–139, കോഴിക്കോട്–106, മലപ്പുറം–100, കാസർകോട്–96, ഇടുക്കി–87, തൃശൂർ–67, കണ്ണൂർ–63.

പ്രമേഹരോഗികൾക്ക് പ്രത്യേക പരിഗണന

ടൈപ് വൺ ഡയബറ്റിക് ആരോഗ്യ പ്രശ്നങ്ങളുള്ള ഉദ്യോഗാർഥികൾക്ക് ഇൻസുലിൻ, ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്/സിജിഎംഎസ് (കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം), ഷുഗർ ടാബ്‌ലറ്റ്, വെള്ളം എന്നിവ കൈയിൽ കരുതാം. ഇതിന് ഉദ്യോഗാർഥി പ്രൊഫൈൽ വഴി അപേക്ഷിക്കണം. നിശ്ചിത മാതൃകയിലെ, സർക്കാർ സർവീസിൽ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസറിൽനിന്നു ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. തുടർന്ന് അടുത്തുളള പിഎസ്‌സി ഓഫിസിൽ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കി വെരിഫിക്കേഷൻ പൂർത്തിയാക്കണം.

മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക പിഎസ്‌സി വെബ്സൈറ്റിലെ must know ലിങ്കിൽ type one diabetic എന്ന മെനുവിൽ ലഭ്യമാണ്.

ഒപ്പമുണ്ട് ‘തൊഴിൽവീഥി’

കഴിഞ്ഞ നവംബറിൽ എൽഡി ക്ലാർക്ക് പരീക്ഷയുടെ വിജ്ഞാപനം വന്നപ്പോൾ മുതൽ 16 പേജ് പ്രത്യേക പതിപ്പിലൂടെ പരിശീലനം നൽകിവരുന്ന തൊഴിൽവീഥി, ഇനി പരീക്ഷ നടക്കാനിരിക്കുന്ന ജില്ലകളിലെ ഉദ്യോഗാർഥികൾക്കുവേണ്ടിയും തീവ്രപരിശീലനം തുടരുകയാണ്.

മൂന്നു മാതൃകാപരീക്ഷ, മൻസൂർ അലി കാപ്പുങ്ങൽ തയാറാക്കുന്ന 5,000 സ്പെഷൽ ഫോക്കസ് ചോദ്യങ്ങൾ, സുജേഷ് പുറക്കാടിന്റെ റാങ്ക് മേക്കർ സീരീസ് ചോദ്യങ്ങൾ തുടങ്ങിയവയടക്കം സമാനതകളില്ലാത്ത പരിശീലനമാണു തൊഴിൽവീഥി തുടരുന്നത്.

English Summary:

LDC Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com