ADVERTISEMENT

പിഎസ്‍സി പരീക്ഷാ ചോദ്യപ്പേപ്പറുകളിൽ തുടർച്ചയായി തെറ്റുകൾ കടന്നുകൂടുന്നതിനു പിഎസ്‌സി നൽകിയ വിചിത്രമായ ന്യായീകരണം കേട്ട് തലയിൽ കൈവയ്ക്കുകയാണ് ഉദ്യോഗാർഥികൾ. ചോദ്യപേപ്പറിലെ തെറ്റുകൾ പരീക്ഷയ്ക്കു മുൻപു കണ്ടെത്താൻ പരിമിതിയുണ്ടെന്നാണ് പബ്ലിക് സർവീസ് കമ്മിഷന്റെ വാദം. തെറ്റുകൾ തടയാനായി ഒട്ടേറെ മാർഗനിർദേശങ്ങൾ ചോദ്യകർത്താക്കൾക്കു മുൻകൂറായി നൽകുകയും സ്ഥിരമായി തെറ്റു വരുത്തുന്നവരെ മാറ്റി നിർത്തുകയും െചയ്യുന്നുണ്ടെന്നും പിഎസ്‍സി അധികൃതർ വ്യക്തമാക്കി. വിവിധ തസ്തികകളിലേക്കുള്ള ബിരുദ പ്രിലിമിനറി പരീക്ഷയിൽ തെറ്റിനെത്തുടർന്ന് 31 ചോദ്യങ്ങൾ ഒഴിവാക്കിയ വാർത്തയെക്കുറിച്ചുള്ള പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പരീക്ഷയ്ക്കു വിവിധ ചോദ്യകർത്താക്കൾ തയാറാക്കുന്ന ചോദ്യങ്ങൾ കവറിൽ മുദ്രവച്ചു വളരെ നേരത്തേ സൂക്ഷിക്കുന്നതാണ്. ഇതിൽ നിന്നു നറുക്കിട്ടാണു ചോദ്യം തിരഞ്ഞെടുക്കുന്നത്. കവർ പരീക്ഷാ ഹാളിൽ ഉദ്യോഗാർഥിക്കു മുൻപിൽ തുറക്കുമ്പോഴാണ് അകത്തെന്താണെന്ന് ഉദ്യോഗസ്ഥരും അറിയുന്നത്. 100 മാർക്ക് ചോദ്യങ്ങളിൽ ശരാശരി 90 എണ്ണവും ശരിയാണെന്ന വിചിത്ര വിശദീകരണവും പിഎസ്‍സി നൽകുന്നുണ്ട്. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ മത്സരിക്കുന്ന പരീക്ഷയിൽ ഒരു മാർക്ക് പോലും നിർണായകമായിരിക്കെയാണു 10 ശതമാനം ചോദ്യങ്ങളും തെറ്റാണെന്നു പിഎസ്‍സി തന്നെ സമ്മതിക്കുന്നത്.

ഇത്രയും അശ്രദ്ധ അരുത്!

എന്നാൽ, തെറ്റില്ലാതെ ചോദ്യപ്പേപ്പറുണ്ടാക്കാൻ ചോദ്യകർത്താക്കൾക്കു കഴിയുന്നില്ല എന്നതാണു പ്രശ്നമെന്ന് ഉദ്യോഗാർഥികൾ പറയുന്നു. അടിസ്ഥാന കാര്യങ്ങൾ പോലും ശ്രദ്ധിക്കാതെ ചോദ്യങ്ങൾ തയാറാക്കുന്നതാണു പിഎസ്‍സിക്കു ചീത്തപ്പേരുണ്ടാക്കുന്നത്. ഇതിനെത്രയോ ഉദാഹരണങ്ങൾ സമീപകാല പരീക്ഷകളിലുമുണ്ട്. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ ആകെ എണ്ണമെത്ര? എന്ന ചോദ്യത്തിന് ‘140’ എന്ന ശരിയായ ഓപ്ഷൻ നൽകാത്ത ചോദ്യം പോലും അടുത്തിടെ വന്നു. ഇതു പിന്നീടു പിൻവലിച്ചു. ശരിയായ ചോദ്യങ്ങളും തെറ്റെന്നു കരുതി പിൻവലിച്ച സംഭവവുമുണ്ട്. ഹയർ സെക്കൻഡറി വരെയുള്ള പാഠപുസ്തകങ്ങളും മറ്റും അടിസ്ഥാനമാക്കി ഹയർ സെക്കൻഡറി, കോളജ് അധ്യാപകർ ഉൾപ്പടെയുള്ളവരെക്കൊണ്ടാണ് പിഎസ്‌സി ചോദ്യപ്പേപ്പർ തയാറാക്കുന്നത്. ചോദ്യകർത്താക്കളെ നിശ്ചയിക്കാനും മുൻകൂർ പരീക്ഷ നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

English Summary:

PSC Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com