ട്രേഡ്സ്മാൻ തസ്തികകളിൽ നിയമനനിരോധനമോ? 97% പേർക്കും നിയമനമാകാത്തത് എന്തുകൊണ്ട്?
Mail This Article
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ട്രേഡ്സ്മാൻ റാങ്ക് ലിസ്റ്റുകളിൽ നിയമനം നിലച്ചു. 17 ട്രേഡുകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട 2,045 പേരിൽ 56 പേർക്കു മാത്രമേ ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. 3 ശതമാനം മാത്രമാണു നിയമനശുപാർശ. ഇതിൽ 49 ഒഴിവ് വിജ്ഞാപനസമയത്തുതന്നെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിരുന്നവയാണ്. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന ശേഷം വന്നത് 7 ഒഴിവു മാത്രം.
ജില്ലാതല നിയമനം സംസ്ഥാനതലത്തിലാക്കിയതാണ് ട്രേഡ്സ്മാൻ റാങ്ക് ലിസ്റ്റുകളിലെ നിയമനനിരോധന സാഹചര്യത്തിനു കാരണം. ഉന്നതവിദ്യാഭ്യാസ വകുപ്പ് 2020 ജൂൺ 10നു പുറത്തിറക്കിയ ഉത്തരവു പ്രകാരമാണ് (സ.ഉ (കൈ) നം. 207/2020/ഉവിവ) നിയമനം സംസ്ഥാനതലത്തിലാക്കിയത്. ഇതു പരിഗണിക്കാതെ പിഎസ്‌സി 2021 ഡിസംബർ 31നു ജില്ലാതല നിയമനത്തിനു വിജ്ഞാപനം പ്രസിദ്ധീകരിക്കുകയായിരുന്നു.
ഇതോടെ, നിയമനം സംസ്ഥാനതലത്തിലാക്കി ഉത്തരവിറങ്ങുംമുൻപു റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ മാത്രമേ നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്താൻ കഴിയൂ എന്ന സാഹചര്യം വന്നു. ഇതിനുശേഷമുള്ള ഒഴിവുകൾ സംസ്ഥാനതലത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്നേ നികത്തൂ എന്നത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു വലിയ ആഘാതമായി.
നിയമനനിരോധനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി എന്നിവരുൾപ്പെടെയുള്ളവർക്കു പരാതി നൽകിയെങ്കിലും നിയമനം പുനരാരംഭിക്കാൻ നടപടികളൊന്നും നീങ്ങിയിട്ടില്ല. ഇതിനിടെ, 2023 ഒക്ടോബർ 30ലെ ഗസറ്റിൽ ട്രേഡ്സ്മാൻ തസ്തികയിലേക്കു പിഎസ്‌സി വീണ്ടും വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ വിവിധ ട്രേഡുകളിലായി നൂറിലേറെ ഒഴിവാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റാങ്ക് ലിസ്റ്റ് നിലവിലുള്ള ട്രേഡുകളിലേക്കും വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.