ഏഴു വർഷത്തെ കാത്തിരിപ്പ് വെറുതെയാകുമോ? ഫാർമസി അസി. പ്രഫസർ ലിസ്റ്റ് റദ്ദാക്കാൻ നീക്കം
Mail This Article
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഫാർമസി റാങ്ക് ലിസ്റ്റ് റദ്ദാക്കാൻ നീക്കം. 2026 ഡിസംബർ 3 വരെ ലിസ്റ്റിനു കാലാവധിയുണ്ടെങ്കിലും വിവിധ വിഷയങ്ങൾ പഠിപ്പിക്കാൻ പൊതു റാങ്ക് ലിസ്റ്റിലുള്ളവർ പാടില്ലെന്ന നിലപാട് ചൂണ്ടിക്കാട്ടിയാണു ലിസ്റ്റ് റദ്ദാക്കാൻ നീക്കം നടക്കുന്നത്.
ഫാർമസി കോളജുകളിൽ 5 വിഷയങ്ങളിലാണ് അധ്യാപകരുള്ളത്. എന്നാൽ, അസിസ്റ്റന്റ് പ്രഫസർ ഇൻ ഫാർമസി എന്ന പേരിൽ എല്ലാ വിഷയങ്ങളിലേക്കുമായി ഒറ്റ പരീക്ഷ നടത്തി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റാണു നിലവിലുള്ളത്. ഓരോ വിഷയവും പഠിപ്പിക്കാൻ അതതു വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ള അധ്യാപകർതന്നെ വേണമെന്നു ഫാർമസി കൗൺസിൽ നിർദേശിച്ചതോടെയാണു നിലവിലുള്ള ലിസ്റ്റ് റദ്ദാക്കി ഓരോ വിഷയത്തിനുമായി പ്രത്യേക വിജ്ഞാപനം ഇറക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്.
എന്നാൽ, നിലവിലെ റാങ്ക് ലിസ്റ്റിൽ എല്ലാ വിഷയത്തിലെയും ബിരുദാനന്തര ബിരുദധാരികൾ ഉണ്ടെന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്താൽ ഫാർമസി കൗൺസിൽ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അധ്യാപകരെ ഈ ലിസ്റ്റിൽനിന്നുതന്നെ നിയമിക്കാമെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാൽ സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളജുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കെ റാങ്ക് ലിസ്റ്റ് റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വിജ്ഞാപനം വന്നത് 2017ൽ
ഈ തസ്തികയ്ക്ക് 2017 ഡിസംബർ 29നാണു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2,297 പേർ അപേക്ഷ നൽകിയിരുന്നു. 2023 മേയ് 22നു പരീക്ഷ നടത്തി ഓഗസ്റ്റ് 10നു ഷോർട് ലിസ്റ്റും ഡിസംബർ 4നു റാങ്ക് ലിസ്റ്റുംപ്രസിദ്ധീകരിച്ചു.
മെയിൻ ലിസ്റ്റിൽ 41, സപ്ലിമെന്ററി ലിസ്റ്റിൽ 61 വീതം 102 പേരാണു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഇതിൽ 4 പേർക്കു മാത്രമേ നിയമന ശുപാർശ ലഭിച്ചുള്ളൂ.
കഴിഞ്ഞ ജനുവരി 11നുശേഷം ഒരാൾക്കുപോലും നിയമനം നൽകിയിട്ടില്ല. വിവിധ കോളജുകളിലായി 13 ഒഴിവ് നിലവിലുണ്ടെങ്കിലും പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തിട്ടില്ല.
റാങ്ക് ലിസ്റ്റിന് 2026 ഡിസംബർ 3 വരെ കാലാവധിയുള്ളതിനാൽ ലിസ്റ്റിൽ ഉൾപ്പെട്ട പകുതിയിലധികം പേർക്കും നിയമനം ലഭിക്കുമെന്നായിരുന്നു ഉദ്യോഗാർഥികളുടെ പ്രതീക്ഷ.