മരുന്നിനുപോലും നിയമനമില്ല; സ്റ്റാഫ് നഴ്സ് ലിസ്റ്റ് ഗുരുതരാവസ്ഥയിൽ
Mail This Article
ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റ് അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ഇതുവരെ നടന്നത് 16% നിയമന ശുപാർശ മാത്രം. 14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് ആറായിരത്തോളം പേർ നിയമനം കാത്തിരിക്കെ കാര്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും ഉദ്യോഗാർഥികളെ ആശങ്കപ്പെടുത്തുന്നു.
7,123 പേരുള്ള റാങ്ക് ലിസ്റ്റിലെ 1,127 പേർക്കേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. ആകെ നിയമന ശുപാർശയിൽ 349 ഒഴിവും എൻജെഡിയാണ്. അതായത്, യഥാർഥ നിയമനം 778 മാത്രം. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 3,015 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. ഇത്തവണ ഇതിനടുത്തുപോലും നിയമനം ലഭിക്കുമോയെന്നു സംശയം.
നവംബർ 28 മുതൽ ലിസ്റ്റുകൾ തീരും
സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റുകൾ അടുത്ത നവംബർ മുതൽ അവസാനിച്ചു തുടങ്ങും. പല ദിവസങ്ങളിലായി വന്ന റാങ്ക് ലിസ്റ്റുകളായതിനാൽ അവസാനിക്കുന്നതും പല തീയതികളിലാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലെ ലിസ്റ്റാണ് ആദ്യം അവസാനിക്കുക. നവംബർ 28ന് ഈ ലിസ്റ്റുകൾ റദ്ദാകും.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോട് ലിസ്റ്റുകൾ ഡിസംബർ 7നും പാലക്കാട്, മലപ്പുറം ജില്ലകളിലെ ലിസ്റ്റുകൾ അടുത്ത വർഷം ജനുവരി 3നും തിരുവനന്തപുരം ജില്ലയുടേത് ജനുവരി 14നും അവസാനിക്കും. ഏറ്റവും അവസാനം റദ്ദാകുന്നത് വയനാട് ജില്ലയുടെ ലിസ്റ്റാണ്–ജനുവരി 24ന്.
നിയമനം 100 കടന്നത് മൂന്നു ജില്ലകളിൽ മാത്രം
മൂന്നു ജില്ലകളിൽമാത്രമാണു നിയമനം 100 കടന്നത്–തിരുവനന്തപുരം (166), എറണാകുളം (159), പാലക്കാട് (130). കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ 50 പേർക്കുപോലും ശുപാർശ ലഭിച്ചിട്ടില്ല.
മുൻ റാങ്ക് ലിസ്റ്റുകളിൽ ഇടുക്കി ഒഴികെ എല്ലാ ജില്ലയിലും നിയമന ശുപാർശ 100 കടന്നിരുന്നു. തിരുവനന്തപുരം ജില്ലയിൽ 412 പേർക്കു ശുപാർശ ലഭിച്ചിരുന്നു. എറണാകുളം ജില്ലയിൽ 300കടന്നു. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇരുനൂറിലധികം പേർക്കും മുൻ ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചു.
തിരിച്ചടിയാകുന്നത് താൽക്കാലിക നിയമനം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും അല്ലാതെയും എല്ലാ ജില്ലയിലും താൽക്കാലിക നഴ്സുമാരെ നിയമിക്കുന്നതാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു തിരിച്ചടിയാകുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് റാങ്ക് ലിസ്റ്റിൽനിന്നു നിയമനം മുടക്കുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താൽക്കാലിക നിയമനം പാടില്ലെന്ന വ്യവസ്ഥയും താൽക്കാലിക നിയമനത്തിനു തടസ്സമാകുന്നില്ല.
നിയമനമില്ലെങ്കിലും പുതിയ ലിസ്റ്റ് വരും!
നിലവിലുള്ള സ്റ്റാഫ് നഴ്സ് ലിസ്റ്റിൽ നിയമനം സ്തംഭിച്ചിരിക്കെയും, പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കിവരികയാണു പിഎസ്‌സി. കഴിഞ്ഞ വർഷം മേയ് 30നു പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം നവംബർ 9നു പരീക്ഷ നടത്തി മേയിൽ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ നടന്നുവരികയാണ്. നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ 3 വർഷ കാലാവധി പൂർത്തിയാക്കിയാലുടൻ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നവിധമാണു നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.