സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്മാൻ: ‘സപ്ലൈ' നിലച്ച് നിയമനം
Mail This Article
സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റുകൾ പകുതി കാലാവധി പിന്നിടുമ്പോഴും ഇതുവരെ നടന്നത് 7.3% നിയമന ശുപാർശ മാത്രം.
വിവിധ ജില്ലകളിലായി 16,716 പേരെയാണു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇതിൽ 1232 പേർക്കു നിയമന ശുപാർശ ലഭിച്ചു. ആകെ നിയമന ശുപാർശയിൽ 567 എണ്ണം എൻജെഡി ഒഴിവുകളിലായതിനാൽ യഥാർഥ നിയമനം 665 (4%) മാത്രം. മുൻ റാങ്ക് ലിസ്റ്റുകളിൽനിന്ന് 2914 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 27 മുതൽ ജൂൺ 2 വരെയുള്ള വിവിധ തീയതികളിലായാണ് അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. ആദ്യം പ്രസിദ്ധീകരിച്ചത് ആലപ്പുഴ ജില്ലയിലെ ലിസ്റ്റും അവസാനം വന്നത് കൊല്ലം ജില്ലയുടെ ലിസ്റ്റുമാണ്. ഏറ്റവും കൂടുതൽ പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് തിരുവനന്തപുരം ജില്ലയിലാണ്–1708. കുറവ് വയനാട് ജില്ലയിൽ–569. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ആയിരത്തിലധികം പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്–267. ഇതിൽ 167 എണ്ണം എൻജെഡി ഒഴിവുകളിലാണ്. പുതിയതായി റിപ്പോർട്ട് ചെയ്തത് 100 ഒഴിവുകൾ മാത്രം. കുറഞ്ഞ ശുപാർശ വയനാട് ജില്ലയിൽ–21. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ 50 പേർക്കുപോലും ശുപാർശ ലഭിച്ചിട്ടില്ല. മുൻ റാങ്ക് ലിസ്റ്റിൽ നിന്നു പത്തനംതിട്ട, വയനാട് എന്നിവ ഒഴികെ 12 ജില്ലകളിലും നൂറിൽക്കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ മുന്നൂറിൽക്കൂടുതൽ പേർക്കു കഴിഞ്ഞ തവണ നിയമന ശുപാർശ ലഭിച്ചു.
3 മാസമായിട്ടും നിയമനം നൽകാത്ത ശുപാർശ!
കോഴിക്കോട് ജില്ലയിലെ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചവർക്ക് 3 മാസം കഴിഞ്ഞിട്ടും നിയമനമായിട്ടില്ല. കഴിഞ്ഞ ഏപ്രിൽ 29ന് 14 പേർക്കു കോഴിക്കോട് ജില്ലാ പിഎസ്‌സി ഓഫിസിൽനിന്നു നിയമന ശുപാർശ നൽകിയിരുന്നു. 4 മാസമാകാറായിട്ടും ഇവർക്കു നിയമന ഉത്തരവ് നൽകിയിട്ടില്ല. പിഎസ്‌സിയുടെ നിയമന ശുപാർശ ലഭിച്ചവർക്ക് 3 മാസത്തിനകം നിയമന ഉത്തരവ് നൽകണമെന്നാണു വ്യവസ്ഥ. സിവിൽ സപ്ലൈസ് കോർപറേഷൻ അധികൃതർ ഇതു പാലിക്കുന്നില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ജില്ലയിൽ ജൂൺ 3ന് 5 പേർക്കുകൂടി പിഎസ്‌സി നിയമന ശുപാർശ നൽകിയിട്ടുണ്ട്. ഇവർക്കും നിയമനം നൽകിയിട്ടില്ല.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണു പുതിയ നിയമനം വൈകുന്നതെന്നും പിഎസ്‌സി നിയമന ശുപാർശ നൽകിയവർക്കെല്ലാം വൈകാതെ നിയമന ഉത്തരവ് നൽകുമെന്നും സിവിൽ സപ്ലൈസ് കോർപറേഷൻ അധികൃതർ അറിയിച്ചു.