ADVERTISEMENT

ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിൽ സർക്കാരിന്റെ ഉഴപ്പ്. തസ്തിക നിർത്തലാക്കിയതിന്റെ മറവിൽ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നത് ഗണ്യമായി കുറച്ചിരിക്കുകയാണ്. വകുപ്പ് ഏകീകരണത്തെ തുടർന്ന് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ തസ്തിക നിർത്തലാക്കിയതിനാൽ ഈ ഒഴിവുകൾ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്നു നികത്താനാണു തീരുമാനം.

ലിസ്റ്റ് അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ 14 ജില്ലയിലായി ഇതുവരെ നടന്നത് 918 നിയമന ശുപാർശ. ഇതിൽ 289 എണ്ണം എൻജെഡിയാണ്. അതായത്, യഥാർഥ നിയമനം 629 മാത്രം. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 1,788 പേർക്കു നിയമന ശുപാർശ നൽകിയിരുന്നു.

6 ജില്ലയിൽ ലിസ്റ്റ് റദ്ദായി

വിഇഒ ഗ്രേഡ്–2 തസ്തികയിൽ 6 ജില്ലകളിലെ റാങ്ക് ലിസ്റ്റ് റദ്ദായിക്കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ലിസ്റ്റാണ് 3 വർഷ കാലാവധി പൂർത്തിയാക്കി അവസാനിച്ചത്.

തിരുവനന്തപുരത്ത് 107 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. കൊല്ലം, കോഴിക്കോട് ജില്ലകളിൽ 54, ഇടുക്കിയിൽ 31, മലപ്പുറത്ത് 75, കണ്ണൂർ ജില്ലയിൽ 27 പേർക്കു വീതം നിയമന ശുപാർശ ലഭിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ റാങ്ക് ലിസ്റ്റ് നവംബർ, ഡിസംബർ മാസങ്ങളിൽ അവസാനിക്കും. വയനാട് ജില്ലയിലെ റാങ്ക് ലിസ്റ്റ് അടുത്ത വർഷം ജനുവരി 10നും എറണാകുളം, പാലക്കാട് ജില്ലകളിലെ ലിസ്റ്റ് ഫെബ്രുവരി 21നും കാസർകോട് ജില്ലയിലെ ലിസ്റ്റ് ഫെബ്രുവരി 9നും അവസാനിക്കും.

100 കടന്നത് 3 ജില്ല മാത്രം

ഈ ലിസ്റ്റിൽനിന്ന് നൂറിൽക്കൂടുതൽ നിയമന ശുപാർശ നടന്നത് 3 ജില്ലയിൽ മാത്രം. എറണാകുളം (150), തൃശൂർ (127), തിരുവനന്തപുരം (107) ഒഴികെ 11 ജില്ലയിലും ഏറെ പരിതാപകരമാണു നിയമനനില. കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 50 പേർക്കുപോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല. മുൻ റാങ്ക് ലിസ്റ്റിൽനിന്നു കോട്ടയം, വയനാ‌ട്, കാസർകോട് എന്നിവ ഒഴികെ എല്ലാ ജില്ലകളിലും നിയമന ശുപാർശ 100 കടന്നിരുന്നു. മലപ്പുറം ജില്ലയിൽ 232 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. 

English Summary:

Village Extension Officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com