ADVERTISEMENT

ഈ വർഷം ഇതുവരെ നടത്തിയ പരീക്ഷകളിൽനിന്നു പിഎസ്‌സി പിഴവുകൾ മൂലം പിൻവലിച്ചത് 326 ചോദ്യങ്ങൾ. ബിരുദം അടിസ്ഥാനയോഗ്യതയായുള്ള വിവിധ തസ്തികകളിലേക്ക് നടത്തിയ പൊതു പ്രിലിമിനറി പരീക്ഷയുടെ 3 ഘട്ടങ്ങളിൽനിന്നു മാത്രം 32 ചോദ്യങ്ങൾ പിൻവലിച്ചു. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെഴുതിയ പരീക്ഷയിലാണ് ഇത്ര വ്യാപകമായി വീഴ്ച സംഭവിച്ചത്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്കു നടത്തിയ വിവിധ പരീക്ഷകളിലും തെറ്റുകളെത്തുടർന്ന് 5–10 ചോദ്യങ്ങൾ ഒഴിവാക്കേണ്ടിവന്നു.

മലയാളം എൽപി സ്കൂൾ ടീച്ചർ, ഓവർസീയർ, പ്ലാനിങ് ബോർഡ് റിസർച് അസിസ്റ്റന്റ്, അസിസ്റ്റന്റ് റെക്കോർഡിസ്റ്റ് തുടങ്ങിയ തസ്തികകളിലെ പരീക്ഷകളിൽനിന്നും ചോദ്യങ്ങൾ വ്യാപകമായി പിൻവലിച്ചു.

പരീക്ഷയ്ക്കുശേഷം ഉദ്യോഗാർഥികൾ പരാതിപ്പെട്ടാൽ പിഴവുള്ള ചോദ്യം ഒഴിവാക്കി മാർക്ക് നിശ്ചയിക്കുന്നതാണു പിഎസ്‍സിയുടെ രീതി. മുൻകാലങ്ങളിൽ ഒരു പരീക്ഷയിൽനിന്നു പരമാവധി ഒന്നോ രണ്ടോ ചോദ്യങ്ങൾ വീതമാണ് ഇങ്ങനെ ഒഴിവാക്കേണ്ടിവന്നിരുന്നത്.

ഒരേ ചോദ്യം പല പരീക്ഷയ്ക്കു ചോദിക്കുമ്പോൾ പിഎസ്‍‌സി വെവ്വേറെ ഉത്തരം നിശ്ചയിക്കുന്നതും ഉദ്യോഗാർഥികളെ വലയ്ക്കുന്നു. ചില പരീക്ഷകളിൽ ശരിയായ ചോദ്യം പിൻവലിച്ച് തെറ്റായതു നിലനിർത്തുന്നുവെന്നും പരാതിയുണ്ട്.

തെറ്റ് കണ്ടെത്തുന്നതിൽ പരിമിതി: പിഎസ്‌സി

ചോദ്യക്കടലാസിലെ തെറ്റുകൾ പരീക്ഷയ്ക്കു മുൻപു കണ്ടെത്തുന്നതിനു പരിമിതിയുണ്ടെന്നാണ് പിഎസ്‌സിയുടെ വിശദീകരണം. ഒരു പരീക്ഷയ്ക്കു വിവിധ ചോദ്യകർത്താക്കൾ തയാറാക്കുന്ന ചോദ്യപ്പേപ്പറുകൾ കവറിൽ മുദ്ര വച്ചാണു സൂക്ഷിക്കുന്നത്.

ഇതിൽനിന്നു നറുക്കിട്ടാണു ചോദ്യപ്പേപ്പർ തിരഞ്ഞെടുക്കുന്നത്. കവർ പരീക്ഷാ ഹാളിൽ ഉദ്യോഗാർഥിക്കു മുന്നിൽ തുറക്കുമ്പോഴാണ് അകത്തെന്താണെന്ന് ഉദ്യോഗസ്ഥരും അറിയുന്നത്.

തെറ്റുകൾ തടയാൻ വിശദമായ മാർഗനിർദേശങ്ങൾ ചോദ്യകർത്താക്കൾക്കു മുൻകൂറായി നൽകുകയും സ്ഥിരമായി തെറ്റു വരുത്തുന്നവരെ കണ്ടെത്തി മാറ്റിനിർത്തുകയും െചയ്യുന്നുണ്ടെന്നു പി എസ്‍സി പറയുന്നു.

ചോദ്യകർത്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം സംബന്ധിച്ച വിവരാവകാശ ചോദ്യത്തിന് ‘രഹസ്യസ്വഭാവമുള്ള വിവരങ്ങൾ’ ആയതിനാൽ നൽകാൻ നിർവാഹമില്ലെന്നായിരുന്നു മറുപടി.

English Summary:

PSC Exam Question Paper mistakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com