സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് അനക്കം വയ്ക്കാതെ നിയമനത്തിന്റെ ‘സ്റ്റാറ്റ്സ്’
Mail This Article
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകൾ പകുതി കാലാവധി പിന്നിടുമ്പോൾ ഇതുവരെ നടന്നത് 23% നിയമന ശുപാർശ. 14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽ 1826 പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 430 പേർക്കു നിയമന ശുപാർശ ലഭിച്ചു. ആകെ നിയമന ശുപാർശയിൽ 38 എണ്ണം എൻജെഡിയാണ്. യഥാർഥ നിയമനം 392 മാത്രം. ഏറ്റവും കൂടുതൽ നിയമന ശുപാർശ നടന്നത് പാലക്കാട്, മലപ്പുറം ജില്ലകളിൽ–49 വീതം. കുറവ് വയനാട് ജില്ലയിൽ–14.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ കഴിഞ്ഞ മാർച്ചിനു ശേഷം ഒരാൾക്കുപോലും നിയമന ശുപാർശ നൽകിയിട്ടില്ല.
കഴിഞ്ഞ വർഷം ജനുവരി 10 മുതൽ ഓഗസ്റ്റ് 2 വരെയുള്ള വിവിധ തീയതികളിലാണ് സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ആദ്യം നിലവിൽ വന്നതു കണ്ണൂർ ജില്ലയിലെ ലിസ്റ്റ് ആയിരുന്നു. അവസാനം വന്നത് പാലക്കാട് ജില്ലയിലെ റാങ്ക് ലിസ്റ്റ്.
റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒന്നര വർഷം പിന്നിട്ടിട്ടും ഈ തസ്തികയുടെ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച് പിഎസ്‌സി തീരുമാനമെടുത്തിട്ടില്ല.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് വെല്ലുവിളി
മുൻ റാങ്ക് ലിസ്റ്റ് റദ്ദായി 5 വർഷത്തിനു ശേഷമാണ് പുതിയ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. 2018ലെ വിവിധ മാസങ്ങളിലായാണു മുൻ ലിസ്റ്റുകൾ റദ്ദായത്. പുതിയ റാങ്ക് ലിസ്റ്റ് 2023ൽ നിലവിൽ വന്നപ്പോൾതന്നെ 5 വർഷത്തെ ഒഴിവുകൾ ലഭിച്ചെങ്കിലും വളരെ കുറച്ച് ഒഴിവുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ. നിലവിലുളള ലിസ്റ്റുകൾ 3 വർഷ കാലാവധി പൂർത്തിയാക്കുമ്പോൾ ആകെ 8 വർഷത്തെ ഒഴിവുകളാണു ലഭിക്കുന്നതെങ്കിലും കാര്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ നിയമന ശുപാർശയിൽ വർധനയുണ്ടാകാത്ത സ്ഥിതിയാണിപ്പോൾ.
ലാസ്റ്റ് ഗ്രേഡ്: ലക്ഷം കടന്ന് അസാധു അപേക്ഷകൾ
11 ജില്ലകൾ, 1.28 ലക്ഷം അസാധു
വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയുടെ നവംബറിലെ പരീക്ഷകൾക്കു കൺഫർമേഷൻ നൽകാനുള്ള തീയതി അവസാനിച്ചപ്പോൾ 11 ജില്ലകളിലായി 1,28,440 അപേക്ഷ അസാധു. 3,59,779 അപേക്ഷകരിൽ 2,31,339 പേർ കൺഫർമേഷൻ നൽകി. ഏറ്റവും കൂടുതൽ അപേക്ഷ അസാധുവായത് തിരുവനന്തപുരം ജില്ലയിലാണ്–24,813. കുറവ് ഇടുക്കി ജില്ലയിൽ–5723. കൊല്ലം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലെ അപേക്ഷകർക്ക് നവംബർ 2നാണു പരീക്ഷ. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നവംബർ 23നും തിരുവനന്തപുരം, കോട്ടയം, തൃശൂർ ജില്ലകളിൽ നവംബർ 30നും പരീക്ഷ നടക്കും. നവംബർ രണ്ടിനു പരീക്ഷ നടക്കുന്ന ജില്ലകളിലെ അപേക്ഷകർക്ക് ഒക്ടോബർ 19 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 23ലെ പരീക്ഷയ്ക്കു നവംബർ 8 മുതലും 30ലെ പരീക്ഷയ്ക്ക് 16 മുതലും അഡ്മിഷൻ ടിക്കറ്റ് ലഭിക്കും.