സിവിൽ പൊലീസ് ഒാഫിസർ ലിസ്റ്റുകളിലും ‘ഷോർട്’ ട്രീറ്റ്മെന്റ്!
Mail This Article
പൊലീസ് ഡ്രൈവർ ലിസ്റ്റിനു പിന്നാലെ സിവിൽ പൊലീസ് ഓഫിസർ ഷോർട് ലിസ്റ്റിലും വെട്ടിനിരത്തൽ. തിരുവനന്തപുരം (എസ്എപി), മലപ്പുറം (എംഎസ്പി), തൃശൂർ (കെഎപി–2), പത്തനംതിട്ട (കെഎപി–3), കാസർകോട് (കെഎപി–4), ഇടുക്കി (കെഎപി–5) ജില്ലകളിലേക്ക് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ലിസ്റ്റുകളിലെല്ലാം കഴിഞ്ഞ തവണത്തേക്കാൾ ഉദ്യോഗാർഥികൾ കുറഞ്ഞു.
തിരുവനന്തപുരം (എസ്എപി) ജില്ലയിലെ സിപിഒ ഷോർട് ലിസ്റ്റിൽ കഴിഞ്ഞ തവണ 4,170 പേരെ ഉൾപ്പെടുത്തിയത് ഇത്തവണ 1,319 പേരായി–2851 പേരുടെ കുറവ്! മുൻ ലിസ്റ്റിനേക്കാൾ പത്തനംതിട്ടയിൽ 244 പേരും ഇടുക്കിയിൽ 606 പേരും തൃശൂരിൽ 1,665 പേരും മലപ്പുറത്ത് 835 പേരും കാസർകോട് 635 പേരും ഇത്തവണ കുറവാണ്.
പത്തനംതിട്ട ജില്ലയിലെ സപ്ലിമെന്ററി ലിസ്റ്റിൽ മുൻ ലിസ്റ്റിനേക്കാൾ 8 പേരെ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടത്തെ കട്ട് ഓഫ് മാർക്കിലും നേരിയ കുറവു വരുത്തി. കഴിഞ്ഞ തവണ 46 ആയിരുന്നു കട്ട് ഓഫ് മാർക്ക്. ഇത്തവണ 45.33. ബാക്കി ജില്ലകളിലെല്ലാം കട്ട് ഓഫ് മാർക്ക് കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതലാണ്.
ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവ കൂടി പൂർത്തിയാക്കിയാണു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഇതോടെ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ പകുതിയിലധികം പേരും പുറത്താകും. സിപിഒ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കുറവുണ്ടായതും എല്ലാ വർഷവും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചതുമാണ് ലിസ്റ്റിൽ ആളെ കുറയ്ക്കാൻ കാരണമായത്.
കോൺസ്റ്റബിൾ ഡ്രൈവർ ഷോർട് ലിസ്റ്റിലും ആളില്ല!
പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്കു പ്രസിദ്ധീകരിച്ച ഷോർട് ലിസ്റ്റിലും ഇത്തവണ ആളെ കുറച്ചതായി പരാതി ഉയർന്നിരുന്നു.
മുൻ ഷോർട് ലിസ്റ്റിൽ 2,465 പേരെ ഉൾപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 813 പേരെ മാത്രം ഉൾപ്പെടുത്തി പിഎസ്‌സി ലിസ്റ്റ് മൂന്നിലൊന്നായി വെട്ടിച്ചുരുക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ മെയിൻ ലിസ്റ്റിൽ 1,518 പേരെ ഉൾപ്പെടുത്തിയപ്പോൾ ഇത്തവണത്തെ മെയിൻ ലിസ്റ്റിൽ 560 പേരേയുള്ളൂ. മുൻ സപ്ലിമെന്ററി ലിസ്റ്റിൽ 947 പേരുണ്ടായിരുന്നിടത്ത് ഇത്തവണ 253 പേർ മാത്രം.