ഓഫിസ് അറ്റൻഡർ പരീക്ഷയിൽ എൽഡിസി ചോദ്യങ്ങൾ, പിഎസ്സിക്ക് ചോദ്യത്തിനു ക്ഷാമം!
Mail This Article
പിഎസ്‌സി പരീക്ഷകളുടെ ഉത്തരസൂചികകളിൽനിന്നു ചോദ്യങ്ങൾ വ്യാപകമായി ഒഴിവാക്കുന്നതിനു പിന്നാലെ, 3 ദിവസത്തിനകം നടന്ന രണ്ടു പരീക്ഷകളിൽ ഒരേ ചോദ്യങ്ങൾ ആവർത്തിച്ചതായും പരാതി.
എറണാകുളം, വയനാട് ജില്ലകളിൽ ഒക്ടോബർ 5നു നടത്തിയ എൽഡി ക്ലാർക്ക് പരീക്ഷയിലെ 7 ചോദ്യങ്ങളാണ് ഒക്ടോബർ 8നു നടത്തിയ ഓഫിസ് അറ്റൻഡർ ഗ്രേഡ്–2 പരീക്ഷയിൽ ആവർത്തിച്ചത്.
ചോദ്യ കോഡ് എ പ്രകാരം 13 മുതൽ 19 വരെയുള്ള ചോദ്യങ്ങളാണ് ചോദ്യ നമ്പറിലും ഓപ്ഷനുകളിലും വ്യത്യാസമില്ലാതെ ആവർത്തിച്ചത്. ഒക്ടോബർ 5ന് എറണാകുളം, വയനാട് ജില്ലകളിൽ നടത്തിയ എൽഡിസി പരീക്ഷയ്ക്ക് 1,10,264 പേരാണ് കൺഫർമേഷൻ നൽകിയിരുന്നത്. ഇതിൽ 78,559 പേർ പരീക്ഷയെഴുതി. കോഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡവലപ്മെന്റിൽ ഓഫിസ് അറ്റൻഡർ ഗ്രേഡ്–2 തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയായിരുന്നു 8നു നടത്തിയത്. പ്രാഥമിക പരീക്ഷ ജയിച്ച 29,812 പേരാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്. ഇതിൽ 24,000ലധികം പേർ പരീക്ഷ എഴുതിയിട്ടുണ്ടെന്നാണു വിവരം.
ആവർത്തിച്ച ചോദ്യങ്ങൾ
∙താഴെ പറയുന്ന പ്രസ്താവനകളിൽ രണ്ടാം പഞ്ചവൽസര പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്?
∙താഴെ പറയുന്ന പ്രസ്താവനകൾ ഏതു സംവിധാനത്തെ ഉദ്ദേശിച്ചുള്ളതാണ്?
∙ഇന്ത്യയിൽ ഉദാരവൽക്കരണത്തിനു കാരണമായത് എന്താണ്?
∙താഴെ പറയുന്നവയിൽ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനം അല്ലാത്തത് ഏത്?
∙താഴെ പറയുന്നവയിൽ ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം?
∙പാലിന്റെയും പയർവർഗങ്ങളുടെയും ഉൽപാദന കാര്യത്തിൽ നിലവിൽ ഇന്ത്യയ്ക്ക് എത്രാമത്തെ സ്ഥാനമാണ്?
∙പതിനാറാം ധനകാര്യ കമ്മിഷന്റെ ചെയർമാനായി നിയമിക്കപ്പെട്ടത് ആരാണ്?