സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബറിൽ; ഇത്തവണ ഇന്റർവ്യൂവും
Mail This Article
സെക്രട്ടേറിയറ്റ്/പിഎസ്‌സി/ലോക്കൽ ഫണ്ട് ഒാഡിറ്റ്/അഡ്വക്കറ്റ് ജനറൽ ഒാഫിസ്/ വിജിലൻസ് ട്രൈബ്യൂണൽ തുടങ്ങിയവയിൽ അസിസ്റ്റന്റ്/ഒാഡിറ്റർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്) തസ്തികയിലേക്കുള്ള പുതിയ വിജ്ഞാപനം ഡിസംബറിൽ പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായം 18–36. ഉദ്യോഗാർഥികൾ 02.01.1988നും 01.01.2006നും ഇടയിൽ (2 തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവർഗക്കാർക്ക് 5 വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.
ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ എന്നിവയ്ക്കൊപ്പം ഇന്റർവ്യൂകൂടി നടത്തിയതിനു ശേഷമായിരിക്കും ഇത്തവണ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. മുൻപ് ഒരു തവണ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ ഇന്റർവ്യൂ നടത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. മെയിൻ പരീക്ഷയിലെയും ഇന്റർവ്യൂവിലെയും മാർക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണ ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക. മെയിൻ പരീക്ഷയിൽ 100 മാർക്ക് വീതമുള്ള 2 ഒബ്ജക്ടീവ് പരീക്ഷകളുണ്ടായിരിക്കും. വിശദമായ സിലബസ്, സ്കീം എന്നിവ വിജ്ഞാപനത്തോടൊപ്പം ഉൾപ്പെടുത്തും.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയ്ക്കു നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി 2026 ഏപ്രിൽ 11ന് അവസാനിക്കും. തൊട്ടടുത്ത ദിവസം പുതിയ വിജ്ഞാപന പ്രകാരമുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഈ വർഷം പ്രസിദ്ധീകരിക്കണമെന്നു ചൂണ്ടിക്കാട്ടി തൊഴിൽവീഥി സെപ്റ്റംബർ 7 ലക്കത്തിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു.
ഇതുവരെ 388 നിയമന ശുപാർശ
2023 ഏപ്രിൽ 12നു നിലവിൽ വന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ 388 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഒക്ടോബർ 3നായിരുന്നു അവസാനമായി നിയമന ശുപാർശ നടന്നത്.
നിയമനനില: ഒാപ്പൺ മെറിറ്റ്–269, ഇഡബ്ല്യുഎസ്–300, ഈഴവ–267, എസ്‌സി–സപ്ലിമെന്ററി 21, എസ്ടി–സപ്ലിമെന്ററി 9, മുസ്‌ലിം–393, എൽസി/എഐ–688, ഒബിസി–269, വിശ്വകർമ–441, എസ്ഐയുസി നാടാർ–5626, എസ്‌സിസിസി–സപ്ലിമെന്ററി 3, ധീവര–695, ഹിന്ദു നാടാർ–610.
റിപ്പോർട്ട് ചെയ്തത് 82 ഒഴിവുകൾ
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയുടെ 82 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു. ജിഎഡി, ഒാഡിറ്റ് ഡിപ്പാർട്മെന്റ്, ലജിസ്ലേച്ചർ സെക്രട്ടേറിയറ്റ്, എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്ജ് ഒാഫിസ്, പിഎസ്‌സി എന്നിവിടങ്ങളിൽ നിന്നാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ ഒഴിവുകൾ ജിഎഡിയിൽ നിന്നാണ്–65. കുറവ് ഒാഡിറ്റ് ഡിപ്പാർട്മെന്റ്, ലജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ നിന്ന്–3 വീതം. ജിഎഡിയിൽ നിന്നു റിപ്പോർട്ട് ചെയ്ത 65 ഒഴിവുകളിൽ 52 എണ്ണം 2025 ഫെബ്രുവരി മുതൽ 2026 ജനുവരി വരെയുള്ള ആന്റിസിപ്പേറ്ററി ഒഴിവുകളാണ്. ഈ ഒഴിവുകൾ നിലവിൽ വരുന്ന തീയതിയിൽ പിഎസ്‌സി നിയമന ശുപാർശ നൽകും. ബാക്കി വകുപ്പുകളിൽനിന്നു റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്കും ഉടൻ നിയമന ശുപാർശയാകും.