എച്ച്എസ്ടി ഇംഗ്ലിഷ്: പുനഃപരിശോധനാ ഹർജിക്കെതിരെ ഉദ്യോഗാർഥികളും കോടതിയിലേക്ക്
Mail This Article
ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപക നിയമനവിവാദം വീണ്ടും കോടതിയിലേക്ക്. ഇംഗ്ലിഷിനു സ്ഥിരം അധ്യാപകരെ നിയമിക്കാനുള്ള 2021ലെ ഉത്തരവ് നടപ്പാക്കാൻ തയാറാകാത്ത സർക്കാർ, കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകിയതോടെയാണു ഉദ്യോഗാർഥികൾ വീണ്ടും കോടതിയെ സമീപിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് നവംബർ 4നു പ്രസിദ്ധീകരിച്ച GO(Rt)No.7851/2024/GEDN ഉത്തരവിലാണ് ഹൈസ്കൂൾ ടീച്ചർ ഇംഗ്ലിഷ് തസ്തികയിൽ സ്ഥിരനിയമനം നടത്താനാവില്ലെന്നു സർക്കാർ വ്യക്തമാക്കിയത്. ഉത്തരവനുസരിച്ച് 2024–25ലെ തസ്തികനിർണയത്തിൽ എച്ച്എസ്ടി ഇംഗ്ലിഷിന് പീരിയഡ് അടിസ്ഥാനത്തിൽ തസ്തികനിർണയം നടത്താനും അധിക തസ്തികകളിൽ, തസ്തികനഷ്ടം വന്നു പുറത്തുപോയവരെ ക്രമീകരിച്ചശേഷം ബാക്കി ഒഴിവിൽ ദിവസവേതന നിയമനം നടത്താനുമാണു തീരുമാനം.
649 ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കണമെന്ന കോടതി ഉത്തരവിന്റെ വെളിച്ചത്തിൽ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ കഴിഞ്ഞ വർഷം അനുമതി നൽകിയിട്ടും. താൽക്കാലിക നിയമനം തുടരുകയാണു സർക്കാർ. ഇതിനെതിരെ, സ്ഥിരനിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചതിനെത്തുടർന്നു സർക്കാരുമായി ചർച്ച നടന്നെങ്കിലും താൽക്കാലിക നിയമനത്തിനാണു സർക്കാർ താൽപര്യം കാണിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണമാണു സ്ഥിരനിയമനം നടത്താത്തതെന്നാണ് സർക്കാരിന്റെ വിശദീകരണം.
എന്നാൽ, മലയാളം, ഹിന്ദി ഉൾപ്പെടെ ഭാഷാവിഷയങ്ങൾക്കെല്ലാം സ്ഥിരം തസ്തിക സൃഷ്ടിച്ച് നിയമനം നടത്താൻ സാമ്പത്തിക പ്രതിസന്ധി ബാധകമല്ലാത്ത സർക്കാർ എച്ച്എസ്ടി ഇംഗ്ലിഷിനു മാത്രം താൽക്കാലിക തസ്തിക സൃഷ്ടിക്കുന്നത് ഇരട്ടത്താപ്പാണെന്നു ചൂണ്ടിക്കാട്ടിയാണു സർക്കാർ ഉത്തരവിനെതിരെ എച്ച്എസ്ടി ഇംഗ്ലിഷ് റാങ്ക് ഹോൾഡേഴ്സ് രംഗത്തിറങ്ങിയിരിക്കുന്നത്.