2025 ലെ പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 25നകം റിപ്പോർട്ട് ചെയ്യണം; വീഴ്ച വരുത്തിയാൽ നടപടി
Mail This Article
സർക്കാർ വകുപ്പുകളിൽ 2025ൽ ഉണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 25നകം പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ–സി) വകുപ്പ് ഡിസംബർ 9നു സർക്കുലർ പുറത്തിറക്കി. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാന നിർദേശങ്ങൾ
∙റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ ഉണ്ടാകുന്ന എല്ലാ ഒഴിവും ആ ലിസ്റ്റിൽനിന്നു നികത്തണം.
∙ആറു മാസമോ അതിലധികമോ ദൈർഘ്യമുള്ള അവധി ഒഴിവുകൾ, മറ്റു സേവന ഒഴിവുകൾ എന്നിവ റിപ്പോർട്ട് ചെയ്യണം. 3 മുതൽ 6 വരെ മാസത്തെ പ്രസവാവധി ഒഴിവ് ദീർഘകാലം നിലനിൽക്കാനും പുതിയ ഒഴിവുകൾ ഉണ്ടാകാനും സാധ്യതയുണ്ടെങ്കിൽ ഈ ഒഴിവും റിപ്പോർട്ട് ചെയ്യണം.
∙6 മാസം ദൈർഘ്യമുള്ള പ്രസവാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ട. എന്നാൽ, അവധി 6 മാസത്തിലധികം നീളാനോ പുതിയ ഒഴിവ് ഉണ്ടാകാനോ സാധ്യതയുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാം.
∙സ്പെഷൽ റൂൾസ് പ്രകാരം അനുവദനീയമായ തസ്തികമാറ്റ നിയമനം, അന്തർ ജില്ലാ/ വകുപ്പ് സ്ഥലംമാറ്റം, ആശ്രിതനിയമനം, മറ്റു നിയമനങ്ങൾ എന്നിവയ്ക്കായി ഒഴിവുകൾ കണക്കാക്കി നീക്കിവയ്ക്കണം.
∙വിവിധ വകുപ്പുകളിൽ ഡ്രൈവർ/ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് തസ്തികയിലെ പ്രതീക്ഷിത ഒഴിവ് റിപ്പോർട്ട് ചെയ്യേണ്ട. ഇവ യഥാർഥ ഒഴിവുകളാകുമ്പോൾ റിപ്പോർട്ട് ചെയ്താൽ മതി.
∙എൻജെഡി ഒഴിവുകളെല്ലാം നിർദിഷ്ട പ്രവേശന സമയം കഴിഞ്ഞ ഉടൻ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണം.
∙എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം, ദിവസക്കൂലി/കരാർ നിയമനം തുടങ്ങിയ താൽക്കാലിക നിയമന രീതികളൊന്നും പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒരു തസ്തികയിലും അവലംബിക്കാൻ പാടില്ല.
∙പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്ത ഒഴിവ് റദ്ദാക്കാനോ പിൻവലിക്കാനോ കഴിയില്ല. റിപ്പോർട്ട് ചെയ്ത ഒഴിവുകൾ ഉദ്യോഗക്കയറ്റം/സ്ഥലംമാറ്റം എന്നിവയിലൂടെ നികത്താനും പാടില്ല.