പേരും പെരുമയുമേറെയുള്ള പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ അനങ്ങൻമല ഗിരിനിരയുടെ താഴ്വാരത്തില്‍ ഉരുത്തിരിഞ്ഞ വള്ളുവനാടിന്‍റെ തനതുപശുക്കളാണ് അനങ്ങൻമല പശുക്കൾ. ഒരു കാലത്ത് ഈ മേഖലയില്‍ എണ്ണത്തില്‍ ഏറെയുണ്ടായിരുന്ന ഈ കുറിയ ഇനം പശുക്കള്‍ ഇന്ന് വംശനാശത്തിന്‍റെ വക്കിലാണ്. പൊതുവെ ശാന്തസ്വഭാവവും ഏറെയിണക്കമുള്ളതുമാണ് അനങ്ങന്‍മല പശുക്കള്‍. കര്‍ഷകര്‍ രാവിലെ തൊഴുത്തുകളില്‍നിന്ന് അഴിച്ചുവിടുന്ന പശുക്കള്‍ പകലന്തിയോളം മലയടിവാരത്തും മലമുകളിലും മേഞ്ഞുനടക്കും. പാറക്കെട്ടുകള്‍ മറികടക്കാനും കുത്തനെയുള്ള മലമടക്കുകള്‍ കയറിയിറങ്ങാനും തക്ക പ്രാപ്തിയുള്ള ബലിഷ്ഠമായ കൈകാലുകളും അതിനനുയോജ്യമായ കുളമ്പുകളും അനങ്ങന്‍മല പശുക്കള്‍ക്കുണ്ട്. ഒരു മീറ്ററിനടുത്ത് മാത്രമാണ് അനങ്ങന്‍മല പശുക്കളുടെ ഉയരം. ശരീരഭാരം ഏകദേശം 150 - 200 കിലോഗ്രാം വരെയാണ്. വെളുപ്പ്, ചുവപ്പ് കലര്‍ന്ന തവിട്ട്, കറുപ്പ് തുടങ്ങിയ നിറങ്ങളിലാണ് പ്രധാനമായും പശുക്കള്‍ കാണപ്പെടുന്നത്. പരമാവധി മൂന്ന് ലിറ്റര്‍ വരെയാണ് പ്രതിദിന പാല്‍ ഉല്‍പ്പാദനമെങ്കിലും പാലിലെ കൊഴുപ്പും മറ്റ് ഖരപദാര്‍ഥങ്ങളുടെ അളവും ഉയര്‍ന്നതാണ്.