പാലക്കാട്–തൃശൂര്‍ അതിര്‍ത്തിയില്‍ നിളാനദിയുടെ തിരുവില്വാമല കരയിലും, നൂറ്റിയന്‍പത് ഏക്കറോളം പാറക്കെട്ടുകള്‍ നിറഞ്ഞ് വിസ്തൃതമാര്‍ന്ന വില്വാദ്രി കുന്നുകളിലും ഇടതൂര്‍ന്ന വനപ്രദേശത്തും ക്ഷേത്ര പരിസരത്തുമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉരുത്തിരിഞ്ഞതും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കാലാതിവര്‍ത്തിയായി ഉപജീവിക്കുന്നതുമായ തനത് പശുക്കളാണ് വില്വാദ്രി പശുക്കള്‍. ഏത് പ്രതികൂല പരിസ്ഥിതിയെയും കാലാവസ്ഥയെയും പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ള ശരീരവും പ്രതിരോധ ശേഷിയും, കായികാരോഗ്യവും ദീര്‍ഘായുസും വില്വാദ്രി പശുക്കളുടെ തനത് പ്രത്യേകതകളാണ്. കഠിനമായ ചൂടിനെ അതിജീവിക്കാന്‍ സഹായിക്കുന്ന കറുപ്പ് നിറമാണ് ഭൂരിഭാഗം പശുക്കള്‍ക്കും. എങ്കിലും വെളുപ്പ്, ചാരനിറം തുടങ്ങിയ നാലോളം വ്യത്യസ്ത നിറങ്ങളിലുള്ള പശുക്കളെ കാണാം. പാലുല്‍പാദനം പരമാവധി 3 ലീറ്റര്‍ വരെ മാത്രമാണെങ്കിലും പാല്‍ അതിന്റെ ജൈവഗുണത്തിലും മേന്മയിലും ഒന്നാമതാണ്.