സിറിയയിലെ ഹയാത്ത് തഹ്‌രീർ അൽ ശാം (എച്ച്ടിഎസ്) സംഘടനയുടെ മേധാവി. ബഷാർ അൽ അസദിനെ വീഴ്ത്തിയ വിമത മുന്നേറ്റത്തിന്റെ നേതാവ്. യുഎസിന്റെ ഭീകരപ്പട്ടികയിലുണ്ട്. സൗദിയിലെ റിയാദിൽ ജനിച്ചു. ഡമാസ്കസിൽ ബാല്യം. 2003 ൽ ഇറാഖിൽ അൽ ഖായിദയുടെ ഭാഗമായി. പിന്നീട് യുഎസ് പട്ടാളത്തിന്റെ പിടിയിലായ ജുലാനി 2008 ലാണു മോചിതനായത്. അബൂബക്കർ അൽ ബഗ്ദാദിയുടെ ഒപ്പം ചേർന്ന് വീണ്ടും അൽ ഖായിദയിൽ സജീവമായി. സിറിയയിൽ 2011ൽ വിമതമുന്നേറ്റത്തിനു കളമൊരുങ്ങിയപ്പോൾ ബഗ്ദാദി ജുലാനിയെ അവിടേക്കയച്ചു. അൽ ഖായിദയുടെ സിറിയൻ ഉപസംഘടനയായ ജബ്ഹത്ത് അൽ നുസ്റയുടെ വളർച്ചയായിരുന്നു ചുമതല. അൽ നുസ്റയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസ് ജുലാനിയുടെ ജീവന് ഒരു കോടി ഡോളർ വിലയിട്ടു. അൽ ഖായിദയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നുവെന്നും അൽ നുസ്റ പിരിച്ചുവിടുന്നെന്നും പ്രഖ്യാപിച്ചു. സംഘടനയുടെ പേര് ആദ്യം ഫതഹ് അൽ ശാം (സിറിയ കോൺക്വെസ്റ്റ് ഫ്രണ്ട്) എന്നും പിന്നീട് ഹയാത്ത് തഹ്‌രീർ അൽ ശാം (എച്ച്ടിഎസ്) എന്നും മാറ്റി.