ADVERTISEMENT

തിരക്കുകളിൽ നിന്നുമൊഴിഞ്ഞു ഒരു ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? അങ്ങനെയുള്ളവരെ കാത്തിരിക്കുകയാണ് പായൽ അക്വാ ലൈഫ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ധാരാളം വിനോദങ്ങൾ ഇവിടെയുണ്ട്, കൂടെ മികച്ച ഭക്ഷണവും. എറണാകുളം ജില്ലയിലെ വൈപ്പിനിലാണ് പായൽ അക്വാ ലൈഫ്. 

ബോട്ടിങ്ങും മീൻപിടിത്തവും

രാവിലെ 10.30 മുതലാണ് ഇവിടേയ്ക്ക് പ്രവേശനം. വൈകുന്നേരം ഏഴുമണി വരെ വിവിധ വിനോദങ്ങളിൽ ഏർപ്പെട്ടുകൊണ്ടു സമയം ചെലവഴിക്കാം. സന്ദർശകരുടെ സൗകര്യാർത്ഥം വിവിധ പാക്കേജുകൾ തെരെഞ്ഞെടുക്കാം. നാല് രീതിയിലുള്ള ബോട്ടിങ് ആണ് ഇവിടുത്തെ പ്രധാന വിനോദങ്ങളിലൊന്ന്. റോവിങ് ബോട്ട്, കുട്ട വഞ്ചി, പെഡൽ ബോട്ട്, കൺട്രി ബോട്ട് എന്നിവയാണവ. അതിഥികളുടെ താൽപര്യം അനുസരിച്ച് ബോട്ടിങ് നടത്താവുന്നതാണ്.

Paayal-Aqua-Life4
Image From Paayal Aqua Tourism official site

കൂടാതെ ഫിഷിങിനുള്ള സൗകര്യവുമുണ്ട്. കോരുവല, വീശുവല, ചീന വല, ചൂണ്ട എന്നിവ ഫിഷിങിനായി ഉപയോഗിക്കാവുന്നതാണ്. ഇതിൽ ചൂണ്ട ഉപയോഗിക്കുന്നതിനു മാത്രം 200 രൂപ പ്രത്യേകമായി ഈടാക്കും. ഇവിടെ നിന്നും പിടിക്കുന്ന മത്സ്യത്തെ അന്നത്തെ മാർക്കറ്റ് വില നൽകി വാങ്ങി വീട്ടിൽ കൊണ്ടുപോകുകയും ചെയ്യാം. 

കാഴ്ച കണ്ട് പായൽ അക്വാ ലൈഫ്

വിവിധ തരത്തിലുള്ള ഇൻഡോർ, ഔട്ട്ഡോർ വിനോദങ്ങളും പായലിലെത്തുന്ന സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ലൂഡോ, ചെസ്, കാരംസ്, ഷട്ടിൽ, വോൾളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ആർച്ചെറി, ഊഞ്ഞാലുകൾ എന്നിവ കൂടാതെ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലമുണ്ട്. വിശ്രമത്തിനായി ചെറിയ ഹട്ടുകളും ഇവിടെ കാണാം. അതിഥികളായി എത്തുന്നവരെ ആനന്ദിപ്പിക്കുന്നതിനായി കൃത്രിമ മഴയും മഞ്ഞും  ഒരുക്കിയിട്ടുണ്ട്. മഴ നനഞ്ഞു കൊണ്ട് പന്തുകളിക്കാൻ ഇഷ്ടമില്ലാത്തവർ ആരുണ്ട്? മഴപന്തു കളിയ്ക്കാൻ താല്പര്യമുള്ളവർ വരുമ്പോൾ ഒരു ജോഡി വസ്ത്രവും ഷവർ ക്യാപും കൈയിൽ കരുതാൻ മറക്കരുത്. എടുക്കുന്ന പാക്കേജിന് അനുസരിച്ചു ചെക്ക് ഔട്ട് സമയം വരെ ഈ വിനോദങ്ങളിലെല്ലാം തന്നെ ഏർപ്പെടാവുന്നതാണ്. സന്ദർശകർ ധാരാളമായി എത്തുന്നതു കൊണ്ട് തന്നെ ബോട്ടിങിന് മാത്രം നിശ്ചിത സമയമുണ്ട്. 

Paayal-Aqua-Life3
Image From Paayal Aqua Tourism official site

അടിപൊളി പാക്കേജുകൾ

വിനോദങ്ങൾ മാത്രമല്ല, നല്ല ഭക്ഷണവും പായലിന്റെ പ്രത്യേകതയാണ്. രാവിലെ 10.30 മുതൽ 4.30 വരെ നീളുന്ന പാക്കേജ് ആരംഭിക്കുന്നത് വെൽകം ഡ്രിങ്കോടു കൂടിയാണ്. പതിനൊന്നു മണിയോടെ ചായയും ചിക്കൻ കട്‌‌‌ലെറ്റും ഫ്രഞ്ച് ഫ്രൈസും ലഭിക്കും. ഉച്ചയ്ക്ക് ചിക്കൻ പെരട്ടും മീൻ കറിയും ബീഫ് കോക്കനട്ട് ഫ്രൈയും കൂട്ടിയുള്ള ഊണിനു ശേഷം മധുരത്തിനായി ഐസ്ക്രീമുമുണ്ട്. വൈകുന്നേരത്തെ ചായ കൂടി കഴിച്ചതിനു ശേഷം ഇറങ്ങാം. 

Paayal-Aqua-Life1
Image From Paayal Aqua Tourism official site

12 മണി മുതൽ 7 മണി വരെ നീളുന്ന പാക്കേജിൽ വൈകുന്നേരം ആറു മണിക്ക് കപ്പയും മീൻകറിയും കട്ടൻ ചായയും കൂടിയുണ്ട്. ഈ രണ്ടു പാക്കേജിനും 999 രൂപയാണ് ഒരാൾക്ക് ഈടാക്കുന്ന തുക. ഇതുകൂടാതെ, 599 രൂപ വരുന്ന രണ്ടു പാക്കേജുകൾ കൂടിയുണ്ട്. 3.00 മണി മുതൽ 7.00 മണി വരെയും 12.00 മുതൽ 3.00 വരെയുമാണത്. ഇതിൽ ആദ്യത്തേതിൽ വെൽക്കം ഡ്രിങ്കും വൈകുന്നേരത്തെ ചായയും കൂടാതെ കപ്പയും മീൻ കറിയും ഉൾപ്പെടും. 12.00 മുതൽ 3.00 വരെ നീളുന്ന രണ്ടാം പാക്കേജിൽ ഉച്ചഭക്ഷണമുണ്ട്. കരിമീൻ പൊള്ളിച്ചത് കഴിക്കാൻ താല്പര്യമുള്ളവർക്ക് അത് പ്രത്യേകമായി ഇവിടെ തയാർ ചെയ്തു നൽകും. അതിനൊന്നിന്‌ നിരക്ക് വരുന്നത് 300 രൂപയാണ്.

Paayal-Aqua-Life
Image From Paayal Aqua Tourism official site

അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശന ഫീസ് നൽകേണ്ടതില്ല. മുൻകൂട്ടി ബുക്ക് ചെയ്തതിനു ശേഷം മാത്രം പോകേണ്ടതാണ്. മദ്യപാനം, പുകവലി പോലുള്ളവ അനുവദനീയമല്ല. വൈപ്പിൻ മാനാട്ടുപറമ്പിലാണ് പായൽ അക്വാ ഫാം സ്ഥിതി ചെയ്യുന്നത്. കുടുംബവുമൊന്നിച്ചു കുറച്ചു സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് മടിക്കാതെ തിരെഞ്ഞെടുക്കാവുന്നൊരിടമാണിത്. 

English Summary: Paayal Aqua Tourism, Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com